Tuesday, 31 July 2012

കുയില്‍മീനിന് നല്ലകാലം വരുന്നു


കുയില്‍മീനിന് നല്ലകാലം വരുന്നു



ഇന്ത്യന്‍ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട കുയില്‍ മീനിന്റെ (മഹസീര്‍) സംരക്ഷണത്തിനായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ കീഴിലുള്ള പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ വിപുലമായ പദ്ധതി തയ്യാറാക്കുന്നു. തീന്‍മേശയിലെ വിഭവം എന്നതിനപ്പുറം ചൂണ്ടയിടല്‍ വിനോദോപാധിയായവരുടെ പ്രിയപ്പെട്ട മത്സ്യമാണിത് ( സ്‌പോര്‍ട്ട്‌സ് ഫിഷ് ) . ചില പ്രദേശങ്ങളില്‍ പുണ്യമത്സ്യമായാണ് ഇവയെ കരുതുന്നത്.

ഈ മീനിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഫിഷറീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റിസര്‍വോയറുകളിലും പുഴകളിലും വ്യാപകമായി ഇവയെ വളര്‍ത്തുകയാണ് ഒരു പദ്ധതി.

കുയില്‍മീനിന്റെ വ്യാപനം ലക്ഷ്യമിട്ട് വനംവകുപ്പിന്റെ സഹകരണത്തോടെ ഹാച്ചറി സ്ഥാപിക്കുകയെന്നതാണ് പ്രാഥമിക നടപടി. ഇതിനായി ഒരേക്കര്‍ സ്ഥലമാണ് വേണ്ടത്. വനമേഖലയിലെവിടെയെങ്കിലും പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാത്തവിധമാണ് ഹാച്ചറി സ്ഥാപിക്കുക. ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പുഴകളുടെ അനുയോജ്യമായ പ്രദേശങ്ങളില്‍ ഇവയെ നിക്ഷേപിക്കുകയാണ് ലക്ഷ്യം. വനമേഖലയിലെ അണക്കെട്ടുകളില്‍ ഇവയെ വളര്‍ത്തുന്നതിന് അനന്തസാധ്യതയാണുള്ളതെന്ന് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ മേധാവിയും അസി. പ്രൊഫസറുമായ ഡോ. കെ. ദിനേശ് പറയുന്നു. അണക്കെട്ടുകളും ശുദ്ധജല തടാകങ്ങളുമടങ്ങുന്ന 45000 ഹെക്ടറോളം സ്ഥലത്ത് ഇവയെ വളര്‍ത്താനാവും. ഇതു വഴി സംസ്ഥാനത്തെ മത്സ്യോത്പാദനവും വര്‍ധിപ്പിക്കാനാവും.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡോ. എന്‍. സി ഇന്ദുചൂഡനാണ് പദ്ധതിയുടെ കോ-ഇന്‍വെസ്റ്റിഗേറ്റര്‍. ലോകമെമ്പാടും പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ തന്നെ കായികവിനോദത്തിനും ഇത്തരം മീനുകളെ ഉപയോഗിക്കുന്നുണ്ട്. പെരിയാര്‍, പമ്പ, ചാലക്കുടി, ചാലിയാര്‍, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ ഉത്ഭവസ്ഥാനങ്ങളില്‍ ഈ മത്സ്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഉപ്പും വിഷാംശവുമുള്ള വെള്ളത്തില്‍ ഇത്തരം മീനുകള്‍ക്ക് വളരാനാവില്ല. ശീതമേഖലകളിലെ വെള്ളത്തിലാണ് ഇവ വളരുക. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മറ്റുമുള്ള അശാസ്ത്രീയമായ മീന്‍പിടിത്ത രീതികളും മണല്‍ഖനനവും ഇത്തരം മീനുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്.

ഹിമാലയന്‍ മേഖലകളില്‍ 120 കിലോ വരെ തൂക്കമുള്ള കുയില്‍മീനുകളുണ്ട്. കേരളത്തിലെ മീനുകള്‍ക്ക് ഇത്ര തൂക്കം വരില്ലെങ്കിലും ചൂണ്ടയുമായി മല്ലിടുന്ന ഈ വമ്പന്‍ മീനിനെ പിടികൂടാന്‍ അത്ര എളുപ്പമല്ല. ആദിവാസികള്‍ വനമേഖലയിലെ ജലാശയങ്ങളില്‍ നിന്ന് ഭക്ഷണാവശ്യത്തിനായി ഈ മത്സ്യങ്ങളെ പിടിക്കുന്നുണ്ട്. . നല്ല രൂചിയുള്ള മീനുമാണ് ഇത്. ഗംഗയുടെ ഉത്ഭവ സ്ഥാനങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ട്. പത്ത് വര്‍ഗങ്ങളില്‍ , ഹിമാലയന്‍ മഹസീര്‍ വിഭാഗമാണ് ഗംഗയില്‍ അധികമായുള്ളത്. വിവിധ പ്രദേശങ്ങളില്‍ ഇവയ്ക്ക് മഹത്തായ സ്ഥാനവും ഉണ്ട് . ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് (മീനൂട്ട്) പുണ്യമായി കരുതുന്നു. കുളത്തൂപ്പുഴയിലും അരുവിക്കരയിലും ഇവയുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും ഈ മത്സ്യത്തെ കുറിച്ച് പരാമര്‍ശമുണ്ട്.

വിനോദ സഞ്ചാരമേഖലയില്‍ വരുമാന വര്‍ദ്ധനയ്ക്ക് ഇവയെ ഉപയോഗപ്പെടുത്താമെന്ന് ഫിഷറീസ് വിദഗ്ദ്ധര്‍ പറയുന്നു. കാവേരി നദിയുടെ ചില ഭാഗങ്ങളില്‍ ഇവയെ ചൂണ്ടയിടാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ചൂണ്ടയിടുന്നതിന് 500 രൂപയിലേറെയാണ് ചെലവ്. കുയില്‍മീനുമായി ബന്ധപ്പെട്ട് കേരളത്തില്‍ അധികം ഗവേഷണം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്.

2006 ല്‍ കൊലാലംപൂരില്‍ കുയില്‍ മീനിനെ കുറിച്ച് ആഗോള സമ്മേളനം നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫിഷറീസ് ശാസ്ത്രജ്ഞര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ കുയില്‍ മീനിന്റെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും എല്ലാരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന തീരുമാനവുമായാണ് പിരിഞ്ഞത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. കെ. ദിനേശാണ് ഇതില്‍ പങ്കെടുത്തത്.

No comments:

Post a Comment