Monday, 2 July 2012

കന്നുകാലികളിലെ ബബീസിയ രോഗം


കന്നുകാലികളിലെ ബബീസിയ രോഗം
Posted on: 04 Jun 2012

നിസ്സാരമെന്നു കരുതുന്ന ചെള്ളുകള്‍ വഴി പകരുന്നതും, കന്നുകാലി കര്‍ഷകര്‍ക്ക് കടുത്ത സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതുമായ ഒരു രോഗമാണ് ബബീസിയ. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഈ രോഗം കാണപ്പെടുന്നുണ്ട്. വിദേശയിനം പശുക്കളും സങ്കരവര്‍ഗ്ഗങ്ങളും ആണ് ഈ രോഗത്തിന്റെ ആക്രമണത്തിന് എളുപ്പത്തില്‍ വിധേയരാകുന്നത്. നമ്മുടെ നാട്ടിലെ തനതു കന്നുകാലിവര്‍ഗ്ഗങ്ങളില്‍ രോഗബാധ താരതമ്യേന വളരെ കുറവാണ്.

പശുക്കളുടെ രക്തകോശങ്ങളെ നശിപ്പിക്കുന്ന ബബീസിയ എന്ന സൂക്ഷ്മജീവികളാണ് രോഗകാരണം. കന്നുകാലികളുടെ ശരീരത്തില്‍ കാണുന്ന ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. അവ പശുക്കളുടെ രക്തം ആഹാരമാക്കുന്നതോടൊപ്പം രോഗാണുക്കളെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു. അണുക്കള്‍ രക്തത്തില്‍ പ്രവേശിച്ച് ത്വരിത ഗതിയില്‍ വിഭജിച്ച് ചുവന്ന രക്താണുക്കളുടെ ഉള്ളില്‍ പ്രവേശിച്ച് അവയെ നശിപ്പിക്കുന്നു.

രോഗബാധിതരായ പശുക്കളില്‍ ഉയര്‍ന്ന പനി, വിശപ്പില്ലായ്മ, വിളര്‍ച്ച, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ ഏറ്റവും പ്രകടവും ശ്രദ്ധേയവുമായ ലക്ഷണം കട്ടന്‍കാപ്പിയുടെ നിറത്തോട് കൂടിയ മൂത്രമാണ്. ഈ മൂത്രം സാധാരണയിലും അധികമായി പതയുന്ന സ്വഭാവം കാണിക്കുന്നു. അണുക്കളാല്‍ നശിപ്പിക്കപ്പെട്ട രക്തകോശങ്ങളിലെ ഹീമോഗ്ലോബിന്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് ഈ നിറം മാറ്റത്തിന് കാരണം. ഈ അവസ്ഥ നീണ്ടു നിന്നാല്‍ വിളര്‍ച്ച പിന്നീട് മഞ്ഞപ്പിത്തമായി മാറും. ഗര്‍ഭാവസ്ഥയിലെ രോഗബാധ ഗര്‍ഭമലസലിനു കാരണമാകാം. അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കളിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ രോഗം ഗുരുതരമാകും. രോഗം തലച്ചോറിനെ ബാധിക്കുന്നതുമൂലം ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും അബോധാവസ്ഥ ഉണ്ടാവുകയും ഒടുവില്‍ മരണം സംഭവിക്കുകയും ചെയ്യാം.

ചികിത്സ

രോഗലക്ഷണങ്ങള്‍ നേരത്തേ മനസ്സിലാക്കിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന രോഗമാണിത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പശുക്കള്‍ക്ക് അടിയന്തിരമായി ഒരു മൃഗഡോക്ടറുടെ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

രോഗ നിയന്ത്രണം

രോഗവാഹകരായ ചെള്ളുകളുടെ നിയന്ത്രണമാണ് ഏറ്റവും പ്രധാനം. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വിവിധ മരുന്നുകളുപയോഗിച്ച് ചെള്ളുകളെ നിയന്ത്രിക്കുകയും ചെയ്യുക. ചെള്ളു നിയന്ത്രണത്തിനുള്ള വിവിധതരം വാക്‌സിനുകളും വിപണിയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. യാതൊരുവിധ രോഗലക്ഷണങ്ങളും പുറമേ കാണിച്ചില്ലെങ്കിലും അണുവാഹകരായി തുടരാന്‍ പശുക്കള്‍ക്ക് കഴിയും. ഇത്തരം രോഗവാഹകരില്‍ നിന്ന് ചെള്ളുകള്‍ വഴി മറ്റു പശുക്കള്‍ക്ക് രോഗം ലഭിക്കാം. അതുകൊണ്ട് രക്തപരിശോധന വഴി രോഗവാഹകരെ കണ്ടെത്തി അവയ്ക്കും ചികിത്സ നല്‍കേണ്ടതാണ്.

പുതിയ പശുക്കളെ വാങ്ങുമ്പോള്‍ അവ രോഗവാഹകരല്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഏറ്റവും ഉചിതം. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയുള്ള രക്തപരിശോധനയാണ് ഇതിനുള്ള മാര്‍ഗ്ഗം.

No comments:

Post a Comment