Tuesday, 31 July 2012

നല്ല തോഴര്‍


ജീവിതസായാഹ്നത്തിലെ നല്ല തോഴര്‍
Posted on: 21 Jul 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍




വാര്‍ധക്യകാല ജീവിതം സചേതനമായ ചുറ്റുപാടുകളിലൂടെ ആയാല്‍ ശാരീരികമായ അവശതകളും മനഃസംഘര്‍ഷവുമൊക്കെ ലഘൂകരിക്കപ്പെടും. കൊല്ലത്തെ കിളികൊല്ലൂരുള്ള ഷീലാ ആന്റണി സ്വന്തം ജീവിതത്തിലൂടെ ഈ തത്ത്വം തെളിയിക്കുകയാണ്.

നാട്ടുകാര്‍ ഷീലാമ്മയെന്നു സ്‌നേഹത്തോടെ വിളിക്കുന്ന ഷീലാ ആന്റണി പരമ്പരാഗതമായി കര്‍ഷക കുടുംബാംഗമാണ്. എന്നാല്‍, വിവാഹിതയായതോടെ കിളികൊല്ലൂരില്‍ ഭര്‍ത്താവിനൊപ്പം ബേക്കറി വ്യവസായത്തിലേര്‍പ്പെട്ടു. ഭര്‍ത്താവ് മരിച്ചതോടെ ബേക്കറി വ്യവസായം മകനെ ഏല്പിച്ചു. ശിഷ്ടജീവിതം വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സസ്യങ്ങള്‍ക്കുമൊപ്പം മതിയെന്ന ഉറച്ച തീരുമാനമെടുത്തു.

5 ഏക്കര്‍ വ്യാപ്തിയുള്ള കിളികൊല്ലൂരിലെ പറമ്പില്‍ ഷീലാമ്മ തുടങ്ങിയ സംയോജിതകൃഷി ഇപ്പോള്‍ 6 വര്‍ഷം പിന്നിടുന്നു. വളര്‍ത്തുപക്ഷികളില്‍ നാടന്‍കോഴി, താറാവ്, ഗൂസ്, ഗിനി, മണിത്താറാവ് എന്നിവയുണ്ട്. ഇവയൊക്കെ പരമ്പരാഗതരീതിയില്‍ പറമ്പില്‍ തുറന്നുവിട്ടു വളര്‍ത്തുന്നു. വൈകുന്നേരം കൂടണയുംവരെ ഇവ ചിക്കിനടക്കും. 30 ഓളം ഗൂസുകള്‍ കൃഷിത്തോട്ടത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമാണ്. ഷീലാമ്മയുടെ അഭിപ്രായത്തില്‍ നല്ല രോഗപ്രതിരോധശേഷിയുള്ള പറവകളാണ് ഗൂസുകള്‍. കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുന്ന നല്ല പോറ്റമ്മമാരുമാണ് ഇവ. വര്‍ഷത്തില്‍ 40 മുട്ടകളോളമിടും. ഒരു ഗൂസ് 6 കിലോഗ്രാമോളം ഭാരം വെക്കുന്നു. സദാസമയവും പറമ്പില്‍ ചികഞ്ഞുനടക്കുന്ന ഗിനിക്കോഴികള്‍ 2 കിലോഗ്രാം വരെ ഭാരംവെക്കും. വര്‍ഷത്തില്‍ 30 മുതല്‍ 100 വരെ മുട്ടകളിടുകയും ചെയ്യും. ഗിനിയും ഗൂസും നല്ല കീടഭോജികളുമാണെന്ന് ഷീലാമ്മ സാക്ഷ്യപ്പെടുത്തുന്നു.

50 നാടന്‍ താറാവുകളും 10 മണിത്താറാവുകളുമുണ്ട്. ഇവയ്ക്ക് കുളിക്കാന്‍ വെള്ളം നിറച്ച ടാങ്കുകള്‍ സജ്ജമാണ്. 40 ഓളം നാടന്‍ കോഴികളും പറമ്പില്‍ വളരുന്നു. പറമ്പിലെ തീറ്റയ്ക്കുപുറമേ വളര്‍ത്തുപക്ഷികള്‍ക്ക് ഷീലാമ്മയുടെ വക സ്‌പെഷല്‍ തീറ്റയുമുണ്ട്. ചോറും മഞ്ഞളും നാരങ്ങയും മസാലകളുമൊക്കെ ചേര്‍ത്ത ഈ തീറ്റ ദിവസവും ഒരു തവണ ഷീലാമ്മ നേരിട്ടുതന്നെ നല്കുന്നു. സ്വതന്ത്രമായിവളരുന്ന വളര്‍ത്തുപക്ഷികള്‍ക്ക് രോഗബാധ കുറവാണെന്നും ഇവയിടുന്ന മുട്ടകള്‍ തികച്ചും ജൈവമാണെന്നും ഷീലാമ്മ പറഞ്ഞു. അതിനാല്‍ ഇവിടത്തെ മുട്ടയ്ക്ക് നാട്ടില്‍ നല്ല പ്രിയംതന്നെയുണ്ട്.

ആടുകള്‍ക്കും പശുക്കള്‍ക്കും പറമ്പിലെ പുല്‍മേട്ടില്‍ നിര്‍ബാധം മേഞ്ഞുനടക്കാം. കറവയുള്ള നാലെണ്ണമുള്‍പ്പെടെ പത്തുപശുക്കളുണ്ട്, 15 ആടുകളും. പച്ചപ്പുല്ല് ധാരാളം തിന്നുന്നതിനാലും കൃത്രിമത്തീറ്റ അധികം നല്കാത്തതിനാലും മൃഗപരിപാലനം ലാഭകരമായി മുന്നേറുന്നു. ഇവയുടെ പാലിനായും കുട്ടികളെ വാങ്ങാനും നാട്ടുകാരെത്തുന്നുണ്ട്.

വൈവിധ്യമാര്‍ന്ന പരമാവധി വിളകള്‍ വളര്‍ത്തുകയെന്നതാണ് കൃഷിയെ സംബന്ധിച്ച് ഷീലാമ്മയുടെ കാഴ്ചപ്പാട്. പലയിനം മാവ്, നെല്ലി, ചെറി, അത്തി, സപ്പോട്ട, കൈതച്ചക്ക തുടങ്ങിയ ഫലസസ്യങ്ങളും അശോകവും വേങ്ങയും പോലുള്ള ഔഷധവൃക്ഷങ്ങളും പലയിനം ഔഷധസസ്യങ്ങളുമൊക്കെ പറമ്പിലുണ്ട്. സ്പ്രിങ്‌ളര്‍ നനയാണ് ഇവയ്ക്ക് അനുവര്‍ത്തിക്കുക. മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം വളമായി നല്കുന്നു.

''ഇതു വളരെ ലാഭകരമായ സംരംഭംതന്നെയാണ്, അതിലുപരി ആരോഗ്യകരവും ആനന്ദകരവും''-ഷീലാമ്മ വ്യക്തമാക്കി. ഷീലാമ്മയുടെ വാഹനം കൃഷിയിടത്തിലെത്തുമ്പോള്‍ ആഹ്ലാദവുമായി ഓടിയെത്തുന്ന വളര്‍ത്തുപക്ഷികളെ കാണുമ്പോള്‍ ഇവര്‍ തമ്മിലുള്ള ആത്മബന്ധം ബോധ്യപ്പെടും. യാന്ത്രികയുഗത്തില്‍ വിളപരിപാലനവും മൃഗപരിപാനവും ആരോഗ്യകരമായ ജീവിതത്തിനുള്ള ഒറ്റമൂലിതന്നെയാണ്.

No comments:

Post a Comment