Tuesday, 31 July 2012

ചാകര


തൊട്ടിപ്പാള്‍ പാടത്ത് ചാകരക്കാലം
Posted on: 31 Jul 2012

തൃശ്ശൂര്‍:പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാള്‍ പള്ളം പാടത്ത് രണ്ട് ചെറുപ്പക്കാര്‍ മീന്‍ വളര്‍ത്തുന്നു എന്നു കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് അതിലത്ര അദ്ഭുതം തോന്നിയില്ല. നാട്ടില്‍ ദിനംപ്രതി എന്തെല്ലാം സംരംഭങ്ങള്‍ വരുന്നു, അതിലെത്ര നിലനില്‍ക്കുന്നു. എന്നാല്‍ പാഴായി തോപ്പില്‍ രാമചന്ദ്രന്റെ മകന്‍ സുബിന്‍, സുഹൃത്ത് പള്ളം ആറ്റപ്പറമ്പില്‍ ശശിയുടെ മകന്‍ ശരത് എന്നീ 23 വയസ്സുകാര്‍ മത്സ്യകൃഷി എന്ന ഉറച്ച തീരുമാനത്തിലായിരുന്നു.

പാട്ടത്തിനെടുത്ത പാടത്തെ 30 സെന്റ് വരുന്ന കുളത്തില്‍നിന്ന് ചാകരകൊയ്യാമെന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം. ആ വിശ്വാസം തെറ്റിയില്ല. 8 മാസത്തിനിപ്പുറം തൊട്ടിപ്പാള്‍ പള്ളം പാടത്ത് വിളഞ്ഞത് 4 ടണ്‍ വാളമീന്‍. കിലോയ്ക്ക് 35 രൂപ നിരക്കില്‍ ആലപ്പുഴയില്‍ നിന്നുള്ള വിന്‍കിട കച്ചവടക്കാര്‍ ഇത് മൊത്തമായി വാങ്ങുകയും ചെയ്തു.

ചെറുപ്പം മുതലേ സുഹൃത്തുക്കളായ ശരത്തും സുബിനും ബി.കോം കഴിഞ്ഞശേഷം ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതായിരുന്നു. ഇടയ്ക്ക് ഒരു ഒഴിവുസമയ വിനോദം എന്ന നിലയ്ക്കാണ് വരുമാനം കൂടിയുണ്ടാകുന്ന മത്സ്യം വളര്‍ത്തലിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചത്. ഏറെ താമസിച്ചില്ല, ഒന്നിന് 5 രൂപ നിരക്കില്‍ തൃശ്ശൂരില്‍ നിന്ന് 4000 മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി മീന്‍ വളര്‍ത്തല്‍ തുടങ്ങി. അമ്മമാരുടെ വളകള്‍ പണയപ്പെടുത്തിയായിരുന്നു മുടക്കുമുതല്‍ കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. വേവിച്ച മത്തിയും കേരള ഫീഡ്‌സുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളുടെ ഭക്ഷണം. വളരുംതോറും മത്തിയും കോഴിവേസ്റ്റും ഭക്ഷണരൂപത്തിലാക്കി നല്‍കുമായിരുന്നു.

ആലപ്പുഴയില്‍ മത്സ്യവില്‍പ്പനയുടെ ഇടനിലക്കാരനായ സുഹൃത്ത് വൈശാഖ് കൂടി എത്തിയതോടെയാണ് തൊട്ടിപ്പാള്‍ പാടത്തെ മത്സ്യകൃഷിയുടെ ദിശമാറുന്നത്. 4 ടണ്‍ വാളമീന്‍ ഒന്നിച്ചു വാങ്ങാന്‍ കരാറായത് വൈശാഖിന്റെ സഹായത്തോടെയാണെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നുള്ള മത്സ്യകൃഷിക്കും എല്ലാവിധ സഹായങ്ങളും വൈശാഖ് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഒന്നിന് 1.90 രൂപ നിരക്കില്‍ ആലപ്പുഴയില്‍ നിന്നുതന്നെ മീന്‍കുഞ്ഞുങ്ങളെയും വൈശാഖ് ഏര്‍പ്പാടാക്കിക്കഴിഞ്ഞു.
മത്സ്യകൃഷിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഈ രംഗത്ത് പുതിയ വിപണിയും അതിലൂടെ പുതിയ ജീവിതവും സ്വപ്നം കാണുകയാണ് ഈ ചെറുപ്പക്കാര്‍.

പുതിയതായി പാട്ടത്തിനെടുത്ത 70 സെന്റ് പാടത്ത് വാള കൂടാതെ കട്‌ല, രോഹു, കോയ്കാര്‍പ്പ് എന്നിവയും ആറ്റുകൊഞ്ചും വിളവിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. വൈറ്റ്‌കോളര്‍ ജോലിമാത്രം സ്വപ്നം കാണുന്ന അഭ്യസ്തവിദ്യര്‍ക്കിടയില്‍ ഇവര്‍ വ്യത്യസ്തരാകുന്നത് ജീവിതത്തില്‍ കഠിനാധ്വാനവും ദൃഢനിശ്ചയവും കൂടി ചേര്‍ന്നതിനാലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ സാമ്പത്തികസഹായം ലഭിച്ചാല്‍ മത്സ്യകൃഷി കൂടുതല്‍ വിപുലീകരിക്കാമെന്നാണ് ഇവരുടെ വിശ്വാസം.

പക്ഷേ എന്തുചെയ്യാം. അതന്വേഷിച്ചു നടക്കാനും കാത്തുകെട്ടിനിന്ന് പാഴാക്കാനും ഇവര്‍ക്ക് സമയമില്ല എന്നതാണ് സത്യം...! ശരത്: 9846315370. സുബിന്‍: 9846242016.

No comments:

Post a Comment