Tuesday, 31 July 2012

'മത്സ്യകേരളം


നെല്ലറയില്‍ ചുവടുറപ്പിച്ച് 'മത്സ്യകേരളം'
Posted on: 30 Aug 2011
-പി. സുരേഷ്ബാബു



ഉള്‍നാടന്‍ മത്സ്യകൃഷിയുടെ അനന്തസാധ്യതകളുമായി മത്സ്യകേരളംപദ്ധതി നെല്ലറയില്‍ ചുവടുറപ്പിക്കുന്നു. കുളങ്ങളും ചെറുജലാശയങ്ങളും 10,000 ഹെക്ടര്‍. നെല്ലും മീനും വിളയിക്കാന്‍ പര്യാപ്തമായ 1,24,000 ഹെക്ടര്‍ പാടശേഖരങ്ങള്‍. അണക്കെട്ടുകളും വലിയ ഏരികളും ഉള്‍പ്പെടുന്ന 6,683 ഹെക്ടര്‍ സ്ഥലം. ഈ സവിശേഷതയാണ് മത്സ്യകൃഷിയില്‍ നെല്ലറയ്ക്ക് കരുത്തുപകരുന്നത്.

ഗുണമേന്മയുള്ള മത്സ്യവിത്ത് പ്രാദേശികമായി വളര്‍ത്തിയെടുത്ത് കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാന്‍ മത്സ്യകേരളംപദ്ധതി ആവിഷ്‌കരിച്ചു. റിയറിങ് യൂണിറ്റ് (മത്സ്യവിത്ത് പരിപാലന കേന്ദ്രം) സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയത് നെല്ലറയിലാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇനി സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് നല്‍കും.

മത്സ്യവിത്ത് പരിപാലനത്തിന് ജില്ലയിലെ 33 കര്‍ഷകരുടെ 40 യൂണിറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 60 സെന്റ് വിസ്തൃതിയുള്ള പാടങ്ങളും താത്കാലിക കുളങ്ങളുമാണ് ഒരു യൂണിറ്റില്‍. ഇതില്‍ 12 സെന്റില്‍ മത്സ്യവിത്ത് പരിപാലനത്തിന് ഒരു കുളം. പിന്നെ 48 സെന്റില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വളര്‍ത്താനും.

കട്‌ല, രോഹു, മൃഗാല്‍ എന്നിവയുടെ മൂന്നുദിവസം പ്രായമായ അഞ്ചുലക്ഷം കുഞ്ഞുങ്ങളെ ഓരോ യൂണിറ്റിനും നല്‍കും. ആദ്യത്തെ 15 ദിവസം 12 സെന്റിന്റെ കുളത്തിലാണ് പരിപാലനം. പിന്നെ വലിയ കുളത്തിലേക്ക് മാറ്റും. നാലര സെന്റീമീറ്റര്‍ വലിപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് പിന്നീട് വളര്‍ത്താന്‍ നല്‍കുന്നത്.

റിയറിങ് യൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞയാഴ്ച കണ്ണാടി ഉപ്പുംപാടത്ത് അനന്തകൃഷ്ണന്‍ എന്ന കര്‍ഷകന്റെ കുളത്തില്‍ വകുപ്പുമന്ത്രി നടത്തിയിരുന്നു.

റിയറിങ് യൂണിറ്റ് നടത്താന്‍ 10,000 രൂപ (ഒരെണ്ണത്തിന്) സബ്‌സിഡിയുണ്ട്. പിന്നെ മത്സ്യക്കുഞ്ഞിന്റെ വിലയും. അഞ്ചുലക്ഷം കുഞ്ഞുങ്ങള്‍ ഇടുന്ന ഒരു യൂണിറ്റില്‍നിന്ന് നാലരസെന്റീമീറ്റര്‍ വലിപ്പത്തില്‍ ഒന്നേകാല്‍ലക്ഷം മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുമെന്ന് മത്സ്യകേരളം പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ വൈ. സെയ്തുമുഹമ്മദ് പറഞ്ഞു. ഒരു കുഞ്ഞിന് 45 പൈസ. ഒരു യൂണിറ്റിന് ചുരുങ്ങിയത് 60,000 രൂപ ആദായം കിട്ടും. 10,000 രൂപ സബ്‌സിഡിയും ചേര്‍ത്താല്‍ പദ്ധതി കൊണ്ട് നല്ലലാഭം കിട്ടുമെന്ന് കര്‍ഷകനായ അനന്തകൃഷ്ണന്‍ പറഞ്ഞു. അനന്തകൃഷ്ണന്‍ മൂന്ന് യൂണിറ്റാണ് തുടങ്ങിയത്.

ഒരുവര്‍ഷം മൂന്നുതവണ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിവില്‍ക്കാന്‍ കഴിയും. അനന്തകൃഷ്ണനെപ്പോലെ ജില്ലയില്‍ 33 കര്‍ഷകര്‍ മത്സ്യവിത്ത് പരിപാലിച്ച് വളര്‍ത്തി വില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി മത്സ്യകൃഷി നടത്തുന്ന അനന്തകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം മൂന്നുടണ്‍ മത്സ്യം വിറ്റു.

റിയറിങ് യൂണിറ്റില്‍ നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ കര്‍ഷകര്‍ക്ക് ഈ വര്‍ഷം സൗജന്യമായാണ് നല്‍കുന്നത്. മൂന്നുവര്‍ഷത്തെ പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ നാമമാത്ര വിലയ്ക്കും മത്സ്യക്കുഞ്ഞുങ്ങള്‍ നല്‍കും. കട്‌ല, രോഹു, മൃഗാല്‍ ഇനങ്ങള്‍ക്ക് വിപണി ഒരുപ്രശ്‌നമല്ലെന്ന് ഫിഷറീസ് വകുപ്പധികൃതര്‍ പറഞ്ഞു. കിലോയ്ക്ക് 60 രൂപയാണ് സര്‍ക്കാര്‍ നിരക്ക്. ഈ വര്‍ഷം 609 ഹെക്ടറിലാണ് മത്സ്യകൃഷി നടത്തുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.

No comments:

Post a Comment