Monday, 2 July 2012

കാലിവിജയം


കാലിവിജയം-ഒരു ഗ്രാമകഥ
Posted on: 30 Apr 2012

'വിജയാ, നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?
ദാസാ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്'

നാടോടിക്കാറ്റില്‍ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങള്‍ പശുവളര്‍ത്തി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ അനുഭവം ഇന്നും മലയാളികളെ ചിരിപ്പിക്കുന്നു. എന്നാല്‍ തൃശ്ശൂര്‍ മാടക്കത്രയിലെ മൂന്നു യുവാക്കളുടെ കഥയറിഞ്ഞാല്‍ സത്യന്‍ അന്തിക്കാട് കഥ മാറ്റിയേനെ. ദാസനും വിജയനും തോറ്റുപോയിടത്ത് കന്നുകാലികളെ വളര്‍ത്തി ജീവിതം വന്‍ വിജയമാക്കുകയാണ് വെള്ളാനിക്കരയിലെ ടി.പി. ബിജു, മേപ്പുറത്ത് സുധീഷ്, സുധീഷ് സുരേന്ദ്രന്‍ എന്നിവര്‍.

20ഓളം സങ്കരയിനം പശുക്കളെ വളര്‍ത്തിയും പാല്‍ വില്പന നടത്തിയും ഇവര്‍ സ്വന്തം കുടുംബത്തില്‍ സ്വര്‍ഗം തീര്‍ക്കുകയാണ്. ഒരുമാസം 30000 രൂപവരെ ലാഭം ലഭിക്കുന്ന മറ്റൊരു തൊഴില്‍ എവിടെ കിട്ടുമെന്ന് ഇവര്‍ ചോദിക്കും.പത്താം ക്ലാസും ഐ.ടി.സി.യും ഒക്കെ പഠിച്ച ഇവര്‍ പല തൊഴിലും തേടിയെങ്കിലും ഒന്നിലും ചുവടുറച്ചില്ല. വര്‍ഷങ്ങളുടെ പരിശ്രമവും കുടുംബാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും വഴി ചെറുപ്പക്കാര്‍ മാടക്കത്രയിലെ ക്ഷീരപ്രതിസന്ധിക്കു പരിഹാരം കണ്ടെത്തി.

പിതാവിന്റെ വഴിയില്‍...
ബിജു പശുക്കള്‍ക്കൊപ്പം

തോന്നൂര്‍ക്കര വീട്ടില്‍ ബിജു പിതാവ് പീതാംബരന്റെ പാത പിന്തുടര്‍ന്നാണ് പശുക്കളെ നോക്കാന്‍ ഇറങ്ങിയത്. 15 വയസ്സില്‍ പശുക്കളുമായി പാടത്തും പറമ്പിലും അലഞ്ഞുനടന്നു. നഗരത്തിലെ 100ഓളം വീടുകള്‍, കന്യാസ്ത്രീമഠങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പ്രഭാതത്തില്‍ പാല്‍ വിപണനം നടത്തുന്നു.

ഇപ്പോള്‍ 160 ലിറ്റര്‍ പാലാണ് ഒരു ദിവസം വിറ്റഴിക്കുന്നത്. അമ്മ സുമതിയും ഭാര്യ സരിതയും ബിജുവിന്റെ സഹയാത്രികരാണ്. പശുക്കളെ പരിപാലിക്കാനും തീറ്റ ശേഖരിക്കാനും ഇവര്‍ സഹായിക്കും. ഇവര്‍ വളര്‍ത്തുന്ന പശു ഒന്നിന് 45000 രൂപവരെയാണ് വില. ജീവിതച്ചെലവു കഴിഞ്ഞ് നല്ലൊരു സംഖ്യ ലാഭം കിട്ടുമെന്നതിനാല്‍ ബിജു ക്ഷീരകര്‍ഷകന്റെ തൊഴില്‍ 100 ശതമാനം ഇഷ്ടപ്പെടുന്നു.

പശുക്കള്‍ പാട്ടുകേള്‍ക്കും
പശുപരിപാലനത്തില്‍ സുധീഷും (മണികണ്ഠന്‍) അച്ഛനും

മേപ്പുറത്ത് സുധീഷ് (മണികണ്ഠന്‍) പത്തുവര്‍ഷം മുമ്പാണ് കന്നുകാലികളെ വളര്‍ത്തുന്ന തൊഴില്‍ ഉപജീവനമാക്കിയത്. ജേഴ്‌സി പശുക്കളും നാടന്‍ സങ്കരയിനങ്ങളും അടക്കം 16 എണ്ണം സുധീഷിന്റെ തൊഴുത്തിലുണ്ട്. തൊഴുത്തിലെ പശുക്കള്‍ വിശ്രമിക്കുമ്പോള്‍ പാട്ടുവെച്ചുകൊടുക്കും സുധീഷ്. കാറ്റും പാട്ടും പശുക്കള്‍ക്കിഷ്ടമെന്ന് മണികണ്ഠന്റെ പക്ഷം. അച്ഛന്‍ ചന്ദ്രനും അമ്മ വാസന്തിയും സഹോദരങ്ങളായ രതീഷ്, പ്രവീണ്‍ എന്നിവരും സുധീഷിനെ പശുക്കളെ വളര്‍ത്താന്‍ സഹായിക്കുന്നു.80 ലിറ്റര്‍ പാല്‍ ദിനംപ്രതി വിപണനം നടത്തുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള ചാണകവും ഇവര്‍ക്ക് ദിവസം ലഭിക്കും.

കൂട്ടുകാരുടെ വഴിയില്‍ സുധീഷ്
പശുക്കള്‍ക്കൊപ്പം സുധീഷ് സുരേന്ദ്രന്‍

സുഹൃത്തുക്കളായ ബിജുവിന്റെയും മണികണ്ഠന്റെയും പശുവളര്‍ത്തലിലെ വിജയം കണ്ടു മനസ്സിലാക്കിയ സുധീഷ് സുരേന്ദ്രന്‍ മൂന്നുവര്‍ഷം മുമ്പാണ് കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചത്.

ജില്ലാ പഞ്ചായത്തംഗമായിരുന്ന സി.പി.എം. നേതാവ് കെ.കെ. സുരേന്ദ്രന്റെ മകനായ സുധീഷിന് അച്ഛന്റെ പ്രോത്സാഹനവും ഭാര്യയുടെ പിന്തുണയും കൂടിയായപ്പോള്‍ പശുവളര്‍ത്തല്‍ 100 ശതമാനം വിജയമായി. 20ഓളം പശുക്കളാണ് സുധീഷിനുള്ളത്. ഒരു ദിവസം 160 ലിറ്റര്‍ പാല്‍ വില്‍ക്കാനും കാല്‍ലക്ഷം രൂപയോളം ഒരുമാസം ലാഭം നേടാനും കഴിഞ്ഞുവെന്ന് സുധീഷ് പറയുന്നു.

ക്ഷീരവികസന വകുപ്പില്‍നിന്ന് രണ്ടരലക്ഷം രൂപ വായ്പയും ഒരു ലക്ഷം സബ്‌സിഡിയും വാങ്ങിയാണ് തൊഴില്‍ തുടങ്ങിയത്. ഇലക്ട്രീഷന്‍ കോഴ്‌സ് കഴിഞ്ഞ് മണ്ണുത്തി സെവന്‍സീസ് ഡിസ്റ്റിലറിയില്‍ ജോലിയുള്ള സുധീഷ് പശുവളര്‍ത്തലിന്റെ മഹത്വം തിരിച്ചറിഞ്ഞാണ് സ്വന്തമായ സ്ഥലത്ത് തൊഴുത്ത് പണിത് ഈ രംഗത്തേക്കു തിരിഞ്ഞത്. ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍ കണ്ടെത്താനാകാത്ത യുവാക്കള്‍ക്ക് ഈ മൂന്നംഗസംഘം മാതൃകയാണ്.

No comments:

Post a Comment