Monday, 2 July 2012

ഗിനിക്കോഴികളുടെ പരിപാലനം


ഗിനിക്കോഴികളുടെ പരിപാലനം
Posted on: 05 May 2012

അടുത്ത കാലത്തായി കേരളത്തില്‍ ഗിനിക്കോഴി വളര്‍ത്തല്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഗിനിക്കോഴികളെ ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനും വേണ്ടി വളര്‍ത്തിവരുന്നു. പടിഞ്ഞാറെ ആഫ്രിക്കയിലെ 'ഗിനിയ' എന്ന രാജ്യമാണ് ഇവയുടെ ഉത്ഭവസ്ഥലം. അതുകൊണ്ടാണ് ഇവയെ ഗിനിക്കോഴികള്‍ എന്നു വിളിക്കുന്നത്. കോഴികളെ അപേക്ഷിച്ച് കൂടുതല്‍ രോഗപ്രതിരോധശക്തിയും ശരീരസൗന്ദര്യവും കാരണം മലയാളികള്‍ക്ക് ഇത് കൂടുതല്‍ ഹിതകരമാകുന്നു.
പട്ടുപോലെ മൃതുവായ ഉടലില്‍ കറുപ്പ് നിറത്തില്‍ വെളുത്ത പുള്ളികള്‍ കാണാം. തലയില്‍ ഉന്തി നില്‍ക്കുന്ന അസ്ഥികൊണ്ടുള്ള തൊപ്പിയും, ചുണ്ടിന്റെ ഇരുവശങ്ങളിലും കാണുന്ന ചുവന്ന താടയും ഇവയുടെ പ്രത്യേകതകളാണ്. തലയിലും കഴുത്തിലും ആദ്യഭാഗത്തും തൂവലുകളില്ല. അപരിചിതരെ കാണുമ്പോഴോ, ഭയപ്പാടുണ്ടാകുമ്പോഴോ ഇവ ഉറക്കെ ശബ്ദം പുറപ്പെടുവിക്കുന്നു. ഈ ശബ്ദം പാമ്പിനും പരുന്തുകള്‍ക്കും ഭയമുളവാക്കുന്നതാണ്.

പരിപാലനം


ഗിനിക്കോഴികള്‍ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് അവയെ തുറന്നുവിട്ട് വളര്‍ത്തുന്നതാണ് നല്ലത്. പക്ഷേ, ചെറു പ്രായത്തില്‍ പറവകള്‍, മറ്റു ക്ഷുദ്രജന്തുക്കള്‍ എന്നിവയില്‍ നിന്നും രക്ഷിക്കണം. അപരിചിതമായ പരിതസ്ഥിതിയുമായി ഇണങ്ങിപ്പോകുവാന്‍ വിഷമമുള്ളതുകൊണ്ട് മുട്ട വാങ്ങി അടവെച്ചു കുഞ്ഞുങ്ങളെ വിരിയിക്കുന്നതാണ് ഉത്തമം. മുട്ട വിരിയിക്കുവാന്‍ പൊരുത്തുള്ള സാധാരണ പിടക്കോഴികളെ ഉപയോഗിക്കാം. വിരിയുവാന്‍ 26 ദിവസം വേണം.

കുഞ്ഞുങ്ങളുടെ കൊക്ക് വളരെ ചെറുതായതുകൊണ്ട് തീറ്റ കൂടെക്കൂടെ അല്പാല്പം കൊടുക്കാം. പുഴുങ്ങിയ കോഴിമുട്ട, റൊട്ടി, പാല്‍, തൈര് എന്നിവ തുടക്കത്തില്‍ കൊടുക്കാവുന്നതാണ്. പിന്നീട് പച്ചിലകള്‍, ഉള്ളി, ധാന്യപ്പൊടി, തവിട് എന്നിവ നല്‍കാം. ഉറുമ്പിന്‍ മുട്ട ഇവയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പൂവനും പിടയും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരംകൊണ്ടു പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്മാര്‍ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില്‍ വായുസഞ്ചാരമുള്ള ഒരു കൂട്ടില്‍ വേണം ഗിനിക്കോഴികളെ അടച്ചിടാന്‍. മുതിര്‍ന്ന ഗിനിക്കോഴികള്‍ക്ക് വളരെ കുറച്ചുതീറ്റ മതി. പൂര്‍ണ വളര്‍ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും.

കൂട്ടില്‍ പിടകള്‍ക്ക് മുട്ടയിടുവാന്‍ പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്തു മാറ്റണം. നാടന്‍ ഇനം ഒമ്പത് മാസത്തോളം പ്രായമാവുമ്പോള്‍ മുട്ടയിടുന്നു. ഒരു സീസണില്‍ നൂറ് മുട്ടകള്‍ വരെ ഇടുന്നു. മുട്ടയ്ക്ക് 40 ഗ്രാമോളം ഭാരം കാണും. തൂവെള്ളയില്‍ അല്പം തവിട്ട് നിറത്തിന്റെ പരിവേഷം ഈ മുട്ടകളുടെ പ്രത്യേകതയാണ്. ഗിനിക്കോഴിമുട്ട ആസ്ത്മ രോഗത്തിന് പ്രതിവിധിയായി ചിലര്‍ ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴി മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ഠവും സുഗന്ധമുള്ളതുമാണ്.

No comments:

Post a Comment