രണ്ടര ഏക്കറില്‍ വര്‍ണമത്സ്യങ്ങള്‍
Posted on: 24 Mar 2012
ക്വാറികളിലും വീട്ടുവളപ്പിലെ കൃത്രിമ ടാങ്കുകളിലും അലങ്കാരമത്സ്യം വളര്‍ത്തി ഇതൊരു ബമ്പര്‍ വ്യവസായമാണെന്നു തെളിയിക്കുകയാണ് ബോണി ജോസഫ്.
കോഴിക്കോട്, തിരുവമ്പാടി സ്വദേശി ബോണി ഏഴുവര്‍ഷം മുമ്പാണ് അലങ്കാര മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. ഇന്നു കേരളത്തിലെ ഏറ്റവും മികച്ച അലങ്കാരമത്സ്യ സംരംഭകരില്‍ ഒരാളാണ് ബോണി. ആറ് ഏക്കര്‍ വിസ്തൃതിയിലുള്ള വീട്ടുവളപ്പില്‍ രണ്ടരയേക്കര്‍ മത്സ്യ ടാങ്കുകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അടിഭാഗം സിമന്റുചെയ്യാത്ത 60 സിമന്റുടാങ്കുകളില്‍ കട്ടികൂടിയ സില്‍പ്പോളിന്‍ ഷീറ്റുകള്‍ വിരിച്ച് അതിലാണ് പ്രധാനമായും മത്സ്യം വളര്‍ത്തല്‍. പറമ്പില്‍ത്തന്നെ മഴവെള്ള സംഭരണത്തിനുള്ള പടുതാകുളങ്ങളുണ്ട്. ഇവയില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളം ടാങ്കുകളില്‍ നിറയ്ക്കുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി പുതിയ വെള്ളം നിറച്ചുകൊടുക്കുന്നുണ്ട്. ജലത്തിലെ ഓക്‌സിജന്റെ തോത് നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. മത്സ്യത്തിന്റെ കാഷ്ഠവും മറ്റും വീണ് ജലം മലിനമാകുന്നതു തടയാന്‍ ഫില്‍റ്ററേഷന്‍ സംവിധാനമുണ്ട്.
ജോഡിക്ക് 10 രൂപ മുതല്‍ 10,000 രൂപവരെ വിലയുള്ള അലങ്കാര മത്സ്യങ്ങളെ ബോണി വളര്‍ത്തുന്നുണ്ട്. മുട്ടയിടുന്നവയും പ്രസവിക്കുന്നവയും ഇതില്‍പ്പെടും. ഓസ്‌കാര്‍, വൈറ്റ്ഷാര്‍ക്ക്, റെഡ് സ്വോര്‍ഡ് ടെയ്ല്‍, ട്രീന്‍ ടെറര്‍, കോയി കാര്‍പ്പ്, മൂണ്‍ലൈറ്റ്, ഗൗരാമി തുടങ്ങി വര്‍ണാഭമായ നിരവധി മത്സ്യങ്ങള്‍. ടാങ്കുകളിലെ വെള്ളം അധികം മലിനമാകാത്തവിധം തീറ്റ നല്‍കുന്നതിനും വെള്ളം ടാങ്കില്‍ നിറഞ്ഞൊഴുകുന്നതു തടയുന്നതിനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഉണക്കച്ചെമ്മീന്‍, മണ്ണിര, മത്സ്യം പുഴുങ്ങിയത്, വിപണിയില്‍നിന്നും വാങ്ങുന്ന മത്സ്യത്തീറ്റ എന്നിവയൊക്കെ മത്സ്യങ്ങള്‍ക്ക് നല്‍കുന്നു.
മത്സ്യങ്ങളുടെ പ്രജനനത്തിനു പ്രത്യേകം ടാങ്കുകളുണ്ട്. മുട്ടകളെയും കുഞ്ഞുങ്ങളെയും ശേഖരിക്കുന്നതിനും പ്രാരംഭ പരിപാലനത്തിനുമൊക്കെ വേണ്ട സംവിധാനങ്ങളുമുണ്ട്.
ഒരേക്കറിലേറെ വിസ്തൃതിയുള്ള ക്വാറിയിലും ബോണി ലാഭകരമായി മത്സ്യം വളര്‍ത്തുന്നുണ്ട്. ജൂണില്‍ തുടങ്ങുന്ന മത്സ്യകൃഷി അടുത്ത മെയ്‌വരെ നീളുന്നു. മെയില്‍ വെള്ളം വറ്റിച്ചു മത്സ്യങ്ങളെ പിടിച്ചുവില്‍ക്കും. ക്വാറിയിലെ വെള്ളത്തെ വീട്ടുവളപ്പിലെ ടാങ്കുകളുമായി ബന്ധിച്ചിട്ടുണ്ട്. വെള്ളം നിറയ്ക്കാനും വറ്റിക്കാനുമൊക്കെ ഇതു സഹായകരമാകുന്നു. ക്വാറിയിലെ വെള്ളത്തിനുമീതെ നെറ്റടിച്ച് നീര്‍കാക്കകളും മറ്റും മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ബോണി ചൂണ്ടിക്കാട്ടി.
മത്സ്യം വളര്‍ത്തലിനൊപ്പം ജലസസ്യങ്ങളുടെയും അലങ്കാര ആമകളുടെയും വ്യവസായവും പുരോഗമിക്കുന്നു. ജലസസ്യങ്ങള്‍ക്ക് നല്ല പ്രിയമുണ്ട്. വലിയ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചും തടിക്കഷണങ്ങളിലുമൊക്കെ ഇവയെ വളര്‍ത്തിയെടുക്കുന്നു.
പ്രതിമാസം 30,000 രൂപയില്‍ കുറയാതെ വരുമാനം ലഭിക്കുമെന്ന് ബോണി സാക്ഷ്യപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ്, വൈക്കം. 04829216180.
No comments:
Post a Comment