Tuesday, 31 July 2012

ഇവിടെ സ്‌പെഷല്‍ മീന്‍ മാത്രം


മീന്‍ ടൂറിസം


കൊച്ചി: തിമിര്‍ത്തു പെയ്ത മഴ... അതിനിടയില്‍ കിട്ടിയ, മഴയൊഴിഞ്ഞ ഒരിടവേള... മേഘങ്ങള്‍ കനിഞ്ഞു നല്‍കിയ ഈ അന്തരീക്ഷത്തിലാണ് ഞാറയ്ക്കലിലെ മത്സ്യഫാമിലേക്കുള്ള യാത്ര. കലിതുള്ളി മദിച്ചുനിന്ന അറബിക്കടലിന് മുന്നില്‍ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെ പോലെ ശാന്തമായിരുന്നു ഈ ഫാം. വാഹനം നിര്‍ത്തി ഫാമിലേക്കുള്ള, ചുണ്ടന്‍വള്ളത്തിന്റെ മാതൃകയില്‍ നിര്‍മിച്ച കൊച്ചുപാലം കടക്കുമ്പോള്‍ താഴെ ഒരുപറ്റം കരിമീനുകള്‍ അതിഥികളെ വരവേല്‍ക്കാനായി ചുണ്ട് കൂര്‍പ്പിച്ച് വെള്ളത്തിന് മുകളിലേക്കുയര്‍ന്നു. നൂറുകണക്കിന് പൊടിക്കുഞ്ഞുങ്ങള്‍ കൂടി വരി വരിയായി അവയ്‌ക്കൊപ്പം അണിചേര്‍ന്നു.

മത്സ്യഫെഡിന്റെ കീഴിലുള്ള ആറ് ഹെക്ടര്‍ സ്ഥലത്താണ് വിശാലമായ ഫാം സ്ഥിതിചെയ്യുന്നത്. വെറുമൊരു ഫാം മാത്രമല്ല ഇത്. ഒരു അക്വാ ടൂറിസം സെന്റര്‍ എന്നു വേണം പറയാന്‍. ഒരു സാധാരണ മത്സ്യക്കെട്ട്, അതിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് സഞ്ചാരികളെ അങ്ങോട്ട് വരവേല്‍ക്കുന്നത്.

നഗരത്തിന്റെ വന്‍ വികസനത്തിന്റെ ഭാഗമായി തിരക്കിനൊപ്പം ഓടിത്തളരുമ്പോള്‍ മനസ്സ് റിഫ്രെഷ് യ്ത്ത ചെയ്യാന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന ഇവിടേക്ക് ദിനംപ്രതി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആഴ്ചതോറുമുള്ള യാത്രകള്‍ക്ക് പുതുസ്ഥലം തേടുന്ന കൊച്ചിയിലെ ഐ.ടി. പ്രൊഫഷണലുകള്‍ക്കും ടെന്‍ഷന്‍ ഇറക്കിവയ്ക്കാന്‍ പറ്റിയ തുരുത്തായി ഫാം ഇന്ന് മാറിക്കഴിഞ്ഞു. വിശാലമായ മീന്‍പാടത്തുകൂടിയുള്ള ബോട്ടുയാത്രയാണ് ഇവിടത്തെ ആകര്‍ഷണം. രണ്ടുപേര്‍ക്ക് കയറാവുന്ന പെഡസ്റ്റല്‍ ബോട്ടുകളും നിരവധി തുഴബോട്ടുകളുമാണ് സഞ്ചാരികള്‍ക്കായി ഇവിടുള്ളത്. പൂമീനുകള്‍ ഉയര്‍ന്നുചാടുന്ന മീന്‍ കെട്ടിലൂടെ അരമണിക്കൂര്‍ നീളുന്ന ബോട്ടുയാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ചെറു മാടങ്ങളും നിര്‍മിച്ചിട്ടുണ്ട്. വെള്ളത്തിന് നടുവില്‍ അങ്ങിങ്ങായി ഉള്ള മൂന്ന് ഏറുമാടങ്ങിലേക്ക് വഞ്ചി തുഴഞ്ഞ് എത്തി, കണ്ടല്‍ക്കാടിന്റെ തണലും തണുപ്പും ആസ്വദിക്കാം.

മീന്‍പാടത്തിന് ചുറ്റുമുള്ള വരമ്പുകളില്‍ വലിയ തെങ്ങുകള്‍ തലയുര്‍ത്തി നില്‍ക്കുകയാണ്. അതിനിടയില്‍ സഞ്ചാരികള്‍ക്ക് ഇരിക്കുന്നതിനായി കൊച്ചു കൊച്ചു ഷെഡ്ഡുകളും നിര്‍മിച്ചിട്ടുണ്ട്. കിടക്കാനുള്ള നെറ്റുകളും ഒരുക്കിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിലെ അവശതകള്‍ മറന്ന് ഇവിടെയെത്തിയ സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അംഗങ്ങളും വെള്ളം കണ്ടപ്പോള്‍ കൊച്ചുകുട്ടികളെ പോലെയായി. വഞ്ചിതുഴഞ്ഞ്, പാട്ടും പാടിയെത്തിയാണ് അവര്‍ തെങ്ങിന്റെ ഇത്തിരിത്തണലത്ത് ഒത്തുകൂടിയത്. ഫ്രഫ്ര ഞങ്ങള്‍ എല്ലാ മാസത്തിലും ഓരോ ട്രിപ്പുകള്‍ പോകാറുണ്ട്. എന്നാല്‍, ഇത്ര ശാന്തവും സുന്ദരവുമായ ഒരിടം കണ്ടിട്ടില്ല'' എന്ന് അദ്ധ്യാപകനായി വിരമിച്ച എഴുപുന്ന സ്വദേശി ഓമല്‍ പറയുന്നു. ''ചെറുപ്പക്കാര്‍ക്ക് മാത്രമല്ല പ്രായമായവര്‍ക്കും ഒരുപോലെ ഈ സ്ഥലം ആസ്വദിക്കാന്‍ കഴിയും.'' -അദ്ദേഹം തുടര്‍ന്നു .

ബാല്യകാലത്തേക്കുള്ള തിരിച്ചുപോക്കാണ് ഈ സ്ഥലം സമ്മാനിച്ചതെന്നാണ് എഴുപുന്നയില്‍ നിന്നുള്ള ദമ്പതിമാരായ ദേവസ്സിയുടെയും മേഴ്‌സിയുടെയും വാദം. ആലപ്പുഴയുടെ ഒട്ടുമിക്ക പ്രദേശങ്ങളും ഇത്തരം മീന്‍ പാടങ്ങളും വയലേലകളും കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവയെല്ലാം നാമാവശേഷമായി കൊണ്ടിരിക്കുമ്പോഴാണ് ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തിയ ഈ യാത്ര. 150 രൂപയാണ് ഊണിനടക്കം ഇവിടേയ്ക്കുള്ള പ്രവേശന ഫീസ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുമണി വരെ ഫാമില്‍ സമയം ചെലവഴിക്കാം. അന്‍പത് പേരടങ്ങുന്ന സംഘങ്ങള്‍ക്ക് ഒരു മീറ്റിങ് നടത്താനുള്ള സംവിധാനവും ഇവിടുണ്ട്. 50 രൂപ അതിന് ഈടാക്കും. റെസിഡന്റ്‌സ് അസ്സോസിയേഷനുകളും മറ്റും നടത്തുന്ന ഏകദിന യാത്രകള്‍ക്ക് പറ്റിയ ഇടമാണിതെന്ന് മത്സ്യഫെഡ് ഫാം പ്രോജക്ട് ഡയറക്ടര്‍ ഹരി പറഞ്ഞു. ഫാമിനടുത്തുള്ള പ്രമുഖ ടൂറിസം കേന്ദ്രത്തിന്റെ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. എറണാകുളത്തു നിന്ന് വരുന്നവര്‍ക്ക് അവിടത്തെ കാഴ്ചകള്‍ കണ്ട് ബീച്ചുകളിലേക്ക് എത്താം. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിച്ച ശേഷം, അസ്തമനം കാണാന്‍ ചെറായി ബീച്ചിലേക്കോ കുഴുപ്പിള്ളി ബീച്ചിലേക്കോ പോകാന്‍ എളുപ്പത്തില്‍ കഴിയും. വരുന്ന വഴിയുള്ള വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടന കേന്ദ്രവും അക്വാ ഫാമിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ചൂണ്ടയിടാം... പിടിച്ച മീനിനെ പൊരിക്കാം...

മലപ്പുറം നിലമ്പൂരില്‍ നിന്ന് കല്യാണത്തിന്റെ പുതുമോടിയില്‍ എറണാകുളത്തെ ബന്ധുവീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ടോണിയും ബിന്‍സിയും. മത്സ്യഫാമിനെ കുറിച്ച് നേരത്തെ തന്നെ അറിഞ്ഞിരുന്ന ഇവര്‍ എറണാകുളത്തെത്തിയാല്‍ ആദ്യം ഫാമില്‍ എത്തണമെന്ന് ഉറപ്പിച്ചിരുന്നു. അവരുടെ ഒപ്പമെത്തിയ എറണാകുളത്തെ സുഹൃത്തുക്കളായ സോണലും ജോയ്‌സണും എത്തിയ ഉടനെ ഫാമില്‍ നിന്ന് ചൂണ്ടയെടുത്ത് പാടവരമ്പിലേക്ക് നടന്നു.

സഞ്ചാരികള്‍ക്ക് മീന്‍പാടത്തിന് ചുറ്റും തെങ്ങിന്‍ തണലില്‍ നിന്ന് പാടത്തേക്ക് ചൂണ്ടകള്‍ നീട്ടിയെറിയാം. ഇങ്ങനെ പിടിക്കുന്ന മത്സ്യം ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നിശ്ചിത തുക കൊടുത്ത് ഫ്രൈ ചെയ്ത് കഴിക്കാനുള്ള സംവിധാനവും ഉണ്ട്. കൂടുതല്‍ മീനുകള്‍ ഉണ്ടെങ്കില്‍ ഫാം ഹൗസിലെ ഓഫീസില്‍ തുക അടയ്‌ക്കേണ്ടിവരുമെന്ന് മാത്രം.

മണിക്കൂറുകള്‍ക്കകം കൈനിറയെ കരിമീനുകള്‍ പിടിച്ച് പാടത്തു നിന്ന് കയറിയിരുന്നു സോണലും ജോയ്‌സണും. അവര്‍ പിടിച്ച മത്സ്യം ഫ്രൈ ചെയ്ത് കഴിക്കാന്‍ സമയം ഇല്ലാത്തതിനാല്‍, വീട്ടില്‍ ചെന്ന് തയ്യാറാക്കാമെന്ന് പറഞ്ഞ് ഈര്‍ക്കിലിയില്‍ കൊരുത്ത കരിമീനുമായി അതുവഴി പോയ സ്വകാര്യ ബസ്സില്‍ ചാടിക്കയറി.

ഇവിടെ സ്‌പെഷല്‍ മീന്‍ മാത്രം

കരിമീന്‍ വറുത്തത്, ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ അച്ചാര്‍, പൂമീന്‍ കറി, മീന്‍ വറുത്തത് എന്നിങ്ങനെ മത്സ്യ വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് റസ്റ്റോറന്റിലെ മെനു. തനി ഹോംലി ഭക്ഷണമാണ് ഫാമിനോട് ചേര്‍ന്ന് തന്നെയുള്ള റെസ്റ്റോറന്റില്‍ വിളമ്പുന്നത്. ഒരു സാധാരണ ഊണിനൊപ്പം തന്നെ മീന്‍കറിയും മീന്‍ വറുത്തതും മറ്റ് കറിയോടൊപ്പം നല്‍കുന്നുണ്ട്. കരിമീനും ചെമ്മീനുമെല്ലാം സ്‌പെഷല്‍ വിഭവങ്ങളാണ്. രാവിലെ വലയിട്ട് ഫാമില്‍ നിന്ന് പിടിക്കുന്ന ഫ്ര നല്ല പെടയ്ക്കണയ്ത്ത മീനുകളാണ് ഉച്ചയ്ക്ക് മുന്‍പ് തീന്‍മേശയിലെത്തുന്നത്.മത്സ്യഫെഡിന്റെ ആക്ടിവിക്ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം. പരിസരത്തു തന്നെയുള്ള എട്ട് വനിതകളാണ് ഈ ആക്ടിവിക്ടി ഗ്രൂപ്പിലുള്ളത്. ഊണ് കഴിഞ്ഞ് ഉള്ള് തണുക്കാനായി ഇവര്‍ ഐസ്‌ക്രീമും വിളമ്പുന്നു. സ്‌പെഷല്‍ വിഭവങ്ങള്‍ കഴിക്കുന്നതിനായി പ്രത്യേക വിലയും ഈടാക്കുന്നുണ്ട്. ലതികാ മണി, സുധ, തങ്കമണി ഷാജി, മണി അജിതന്‍, രമ എന്നിവരുടെ നേത്യത്വത്തിലാണ് പാചകം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്യുന്ന സെമീര്‍ വൈപ്പിനിലെത്തിയാല്‍ ഊണുകഴിക്കാന്‍ ഓടിയെത്തുന്നത് ഇവിടേക്കാണ്. പുറത്തുനിന്ന് ഊണു മാത്രം കഴിക്കാന്‍ എത്തുന്നവരോട് 55 രൂപയാണ് ഈടാക്കുന്നത്.

മീന്‍ ചില്ലറയായും വാങ്ങാം

കരിമീന്‍, പൂമീന്‍, തിരുത എന്നിങ്ങനെയുള്ള കായല്‍മത്സ്യങ്ങള്‍ രാവിലെ ഏഴുമണിയോടെ ഫാമില്‍ ചില്ലറവില്‍പ്പനയ്ക്കായി തയ്യാറായിട്ടുണ്ടാകും. വീടുകളിലേക്കുള്ള ചില്ലറക്കച്ചവടം കഴിഞ്ഞ് ബാക്കിയുള്ളതാണ് പുറത്തേക്ക് കൊടുക്കുക. ആഘോഷസമയങ്ങളില്‍ കച്ചവടം അഞ്ചുമണിക്ക് തന്നെ തുടങ്ങും. വിലകുറച്ച് കൊടുക്കുന്നതിനാല്‍ പ്രാദേശിക വിപണിയെ നിയന്ത്രിക്കാന്‍ ഇതുവഴി കഴിയുമെന്ന് ഫാം വര്‍ക്കര്‍ സന്തോഷ് പറഞ്ഞു.

No comments:

Post a Comment