വലക്കാവിന്റെ പാല്‍ക്കാരന്‍
Posted on: 24 Jul 2012
തൃശ്ശൂര്‍:പാല്‍ വാങ്ങിയും ശീതീകരിച്ച് വില്പന നടത്തിയും 'മില്‍വെ' വലക്കാവ് സഹകരണ ഡയറി കൂടുതല്‍ ഹൈടെക് ആവുകയാണ്. പതിനായിരം ലിറ്റര്‍ പാല്‍ സംഭരിച്ച്, സംസ്‌കരിച്ച് വിതരണം നടത്തിവരുന്ന മില്‍വെ, നടത്തറ-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്തുപ്രദേശങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് വരുമാനവും ഉറപ്പുവരുത്തുന്നു. ക്ഷീരവികസന വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ നവീകരണ പ്രവര്‍ത്തനമാണ് നടത്തുന്നത്.
ഡയറിയുടെ ചരിത്രം
1971ലാണ് വലക്കാവ് സഹകരണ ഡയറി ആരംഭിച്ചത്. പാല്‍ അളന്നുതിട്ടപ്പെടുത്തി വാങ്ങി തൃശ്ശൂര്‍ മില്‍ക്ക് സപ്ലൈ യൂണിയനില്‍ എത്തിക്കുകയാണ് ആദ്യകാല പ്രവര്‍ത്തനം. ജില്ലയിലെ മികച്ച പ്രാഥമിക ക്ഷീര സംഘമായി ഉയര്‍ന്നു.
1984 മുതല്‍ വീടുകളില്‍ പാല്‍ വിതരണം തുടങ്ങി. 1987 ലാണ് ആയിരം ലിറ്റര്‍ ശേഷിയുള്ള ഒരു ബള്‍ക്ക് കൂളര്‍ സ്ഥാപിച്ചത്. 1987 മുതല്‍ മില്‍മയിലും പാല്‍ നല്‍കാന്‍ തുടങ്ങി. 1988 മുതല്‍ ശേഖരിക്കുന്ന പാലിന് വിപണി പൂര്‍ണമായും ലഭിച്ചു.
1989ല്‍ 2000 ലിറ്റര്‍ ശേഷിയുള്ള ബള്‍ക്ക് കൂളര്‍ കൂടി സ്വന്തമായി. 1994 ലാണ് മിനി ക്ഷീരോല്‍പന്ന ഫാക്ടറി, ചില്ലിങ് പ്ലാന്റ്, ഓട്ടോമാറ്റിക് പാക്കിങ് മെഷീന്‍ എന്നിവ ആരംഭിച്ചത്. 1999 ല്‍ പതിനായിരം ലിറ്റര്‍ ശേഷിയുള്ള സംസ്‌കരണ പ്ലാന്റും 5 ടണ്‍ ശേഷിയുള്ള കോള്‍ഡ് സ്റ്റോറേജും മറ്റു യന്ത്രസാമഗ്രികളും സ്ഥാപിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2003 മുതല്‍ ഹോമോജനൈസ്ഡ്പാല്‍ വിപണിയിലെത്തിച്ചു.
നേതൃത്വനിര ശക്തം
സ്ഥാപക പ്രസിഡന്റ് എന്‍. പരമേശ്വരന്‍ നായര്‍ 1989 വരെ 18 വര്‍ഷം തുടര്‍ച്ചയായി നേതൃത്വം നല്‍കി. 1990 മുതല്‍ 22 വര്‍ഷക്കാലം കെ. രാമനാഥനാണ് സംഘത്തിന്റെ പ്രസിഡന്റ്. ടി.കെ. ശശികുമാര്‍ വൈസ് പ്രസിഡന്റ്. പി.ആര്‍, ഹരിദാസ്, ടി.ജെ. മാമ്മന്‍, കെ.വി. ജോണി, ടി.വി. ഗോപാലകൃഷ്ണന്‍, എ.പി. ജോര്‍ജ്, കെ.വി. ബേബി, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.മാത്യു സ്‌ക്കറിയ മൈലാമ്പൂര്‍ 1974 വരെ സെക്രട്ടറിയായിരുന്നു. 1975 മുതല്‍ എം.എസ്. ജോര്‍ജ് സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
ക്ഷീരകര്‍ഷകര്‍ക്കുള്ള നേട്ടം
സാധാരണ മില്‍മ ചാര്‍ട്ട് വിലയേക്കാള്‍ ലിറ്ററിന് ഒരു രൂപ 50 പൈസ ഉല്പാദകര്‍ക്ക് സംഘം നല്‍കും. വേനല്‍ക്കാലത്ത് 2 രൂപ 50 പൈസ ഇന്‍സെന്റീവും. കാലിത്തീറ്റ 50 കിലോ പാക്കറ്റിന് 15 രൂപ വിലക്കിഴിവും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.
കാലിത്തീറ്റ കടമായും നല്‍കും. മലയോര പ്രദേശമായ വലക്കാവ് ഗ്രാമത്തില്‍ കറവമാടിന് സൗജന്യ ചെലവും മരണം സംഭവിക്കുന്ന പശുക്കള്‍ക്ക് വിലയുടെ 60 ശതമാനം നഷ്ടപരിഹാരവും ഉല്പാദക ബോണസും നല്‍കുന്നുണ്ട്. 400 അംഗങ്ങളുള്ള ഡയറിയില്‍ 30 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നുണ്ട്.
ആധുനിക ഡയറി
രാഷ്ട്രീയ കിസാന്‍ വികാസ് യോജന, നാഷണല്‍ മിഷന്‍ ഫോര്‍ പ്രോട്ടീന്‍ സപ്ലിമെന്റ് എന്നീ പദ്ധതിയിലൂടെ ഒരുകോടി രൂപ ചെലവിലാണ് മില്‍വെ ആധുനിക ഹൈടെക് ഡയറിയാകുന്നത്.
ഇതോടെ മണ്ണുത്തി, പട്ടിക്കാട്, വടക്കുഞ്ചേരി, നടത്തറ, കണ്ണാറ, ചേര്‍പ്പ്, ഒല്ലൂര്‍ എന്നീ പ്രദേശങ്ങളിലേക്കുകൂടി പാല്‍ വിതരണം വ്യാപിപ്പിക്കുന്നുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഗുണമേന്മയും പ്രോട്ടീന്‍ കൂടുതലുള്ളതും അണുവിമുക്തവുമായ പാല്‍ ഗുണഭോക്താവിന് എത്തിക്കുകയാണ് മില്‍വെയുടെ നവീകരണ ശ്രമം.
No comments:
Post a Comment