Monday, 2 July 2012

ആടുകള്‍ക്ക് ശാസ്ത്രീയപരിചരണം

ആടുകള്‍ക്ക് ശാസ്ത്രീയപരിചരണം


ആട്ടിന്‍കുട്ടികള്‍ക്ക് വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും ചൂടുകൂടുതലുള്ള പകല്‍സമയങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ വിടരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്കണം. തീറ്റ തണുപ്പുള്ള കാറ്റടിക്കാതെ അടച്ചമുറയില്‍ മരപ്പലകയ്ക്കു മുകളില്‍ വെക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്മ അസ്പള്‍ജില്ലസ് ഇനം പൂപ്പലുകളാണ് വിഷബാധയുണ്ടാക്കുന്നത്. വിറ്റാമിന്‍ എ.യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മിനെണ്ണ ദിവസേന നല്കാം. വിറ്റാമിന്‍, ധാതുലവണമിശ്രിതങ്ങള്‍ തീറ്റയില്‍ പതിവായിച്ചേര്‍ത്ത് നല്കുന്നത് നല്ലതാണ്. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്കണം.

ഗര്‍ഭിണികളായ ആടുകളെ മുട്ടനാടുകളുടെ കൂടെ വിടരുത്. വിരമരുന്നുകള്‍ മാസംതോറും 6 മാസംവരെ തുടര്‍ച്ചയായി നല്കണം. ബാഹ്യപരാഗബാധ നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രസവിച്ച രണ്ടു മാസത്തിനകംതന്നെ ആടുകളെ വീണ്ടും പ്രജനനപ്രക്രിയയ്ക്ക് വിധേയമാക്കണം. ഒരേ തലമുറയില്‍പ്പെട്ട ആടുകളെ തമ്മില്‍ ഇണ ചേര്‍ക്കരുത്. പ്രസവലക്ഷണങ്ങള്‍ കണ്ടിട്ടും പ്രസവിക്കാത്ത ആടുകള്‍ക്ക് വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കണം.

ആടുകളില്‍ 'കൃത്രിമ ബീജദാനം


കൃത്രിമമായ രീതിയില്‍ ബീജദാനം ചെയ്യുന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുള്ള കുട്ടികളെ ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ അവസ്ഥ കൃത്രിമമായ രീതിയിലുള്ള ബീജദാനം വഴി സമ്പൂര്‍ണമായി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. അത്യുത്പാദന ശേഷിയുള്ള ആണ്‍മൃഗത്തിന്റെ ബീജം കേടുകൂടാതെ എത്രയോ വര്‍ഷങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയും. ഭാരതത്തില്‍ പശുക്കളില്‍ കൃത്രിമ ബീജസങ്കലനം കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടാവുകയും തന്മൂലം ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറിയിരിക്കുകയുമാണ് ഇന്ത്യ. അതുപോലെ ഇപ്പോള്‍ ആടുകളില്‍ സ്വാഭാവിക രീതിയിലുള്ള പ്രജനനത്തിന് പകരം കൃത്രിമമായ രീതിയിലുള്ള ബീജദാനം ശ്രദ്ധേയമായിരിക്കുകയാണ്.

കേരള കന്നുകാലി വികസന ബോര്‍ഡിന്റെ ധോണി ഫാമില്‍ ഏറ്റവും കൂടുതല്‍ മാസം ഉത്പാദന ശേഷിയുള്ള ആടുകളുടെ ബീജം കേരളത്തിലുള്ള കൃത്രിമ ബീജദാന കേന്ദ്രങ്ങള്‍ വഴി കര്‍ഷകരുടെ ആടുകളില്‍ കുത്തിവെക്കാന്‍ വേണ്ടി എത്തിക്കുന്ന വിപുലമായ പദ്ധതി നടക്കുകയാണ്. കൂടുതല്‍ ഗുണമേന്മയുള്ള ബീജം ശാസ്ത്രീയമായി ഉത്പാദിപ്പിക്കാനും ഗുണം നഷ്ടപ്പെടാത്ത രീതിയില്‍ സൂക്ഷിക്കാനും ഇന്ത്യയില്‍ ഏറ്റവും നല്ല ശാസ്ത്രീയമായ പ്രയോഗശാല ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പശുക്കളെ പോലെ ആടുകള്‍ 21 ദിവസം കൂടുമ്പോള്‍ മദിലക്ഷണം കാണിക്കും. സാധാരണ മദിലക്ഷണങ്ങളായ ശബ്ദം ഉണ്ടാക്കുക, തീറ്റ കഴിക്കാതിരിക്കുക, വിഭ്രാന്തികാണിക്കുക, ജനനേന്ദ്രിയത്തില്‍ നസ്രവം കാണുക തുടങ്ങിയവ മദിയുടെ സമയത്ത് ആടുകളില്‍ കാണാറുണ്ട്. മദിലക്ഷണം ആടുകള്‍ 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂര്‍ കാണിക്കാറുണ്ട്. ഈ മദിലക്ഷണങ്ങള്‍ രാവിലെ കണ്ടിട്ടുണ്ടെങ്കില്‍ വൈകിട്ടാണ് കൃത്രിമ ബീജസങ്കലനം ചെയ്യേണ്ടത്. അഥവാ വൈകിട്ട് കണ്ടിട്ടുണ്ടെങ്കില്‍ പിറ്റേദിവസം രാവിലെയാണ് ചെയ്യേണ്ടത്. ഇനി മദിലക്ഷണം കൂടുതല്‍ സമയം കണ്ടുവരികയാണെങ്കില്‍ ഒരു കുത്തിവെപ്പിനുശേഷം 12 മണിക്കൂറിന് ശേഷവും വീണ്ടും ഒരു കുത്തിവെപ്പുകൂടി ചെയ്യുകയാണെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്.

മദിലക്ഷണങ്ങള്‍ കണ്ടശേഷം ശരിയായ സമയത്ത് ബീജദാനം ചെയ്യുകയാണെങ്കില്‍ 40-50 ശതമാനം വരെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. കൃത്രിമ ബീജദാനം നടത്തുമ്പോള്‍ ശാന്തമായ അന്തരീക്ഷമാണ് ഉണ്ടാവേണ്ടത്. കൃത്രിമ ബീജദാനം ചെയ്യുന്നതിനുമുമ്പ് ആടിന്റെ പിറകുവശം നന്നായി തുടച്ച് വൃത്തിയാക്കുകയും വേണം. കാരണം രോഗാണുക്കള്‍ ഗര്‍ഭാശയത്തിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ഭാരതത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആടുകളിലും ഏകദേശം 10 മാസം കഴിയുമ്പോള്‍ പെണ്‍ ആടുകള്‍ മദിലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. രണ്ടുവര്‍ഷത്തിന്റെ കാലയളവില്‍ മൂന്ന് പ്രസവമെങ്കിലും സാധാരണ നടക്കാറുണ്ട്. ഏറ്റവും വേഗതയോടുകൂടി ആടുകളില്‍ ഗുണമേന്മയുള്ള വംശവര്‍ധനയ്ക്ക് കൃത്രിമ ബീജദാനം നടത്തുന്നതാണ് ആടുകര്‍ഷകര്‍ക്ക് നല്ലത്.

No comments:

Post a Comment