Tuesday, 31 July 2012

വര്‍ണ്ണ മത്സ്യ പരിപാലനം


വര്‍ണ്ണ മത്സ്യ പരിപാലനം
1
-കടപ്പാട്: അലങ്കാര മത്സ്യകൃഷി (മാതൃഭൂമി ബുക്‌സ്)


വീടുകള്‍, വിശ്രമമന്ദിരങ്ങള്‍, ഭോജനശാലകള്‍, പാര്‍ക്കുകള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ഹോട്ടല്‍ മുറികള്‍ (Foyers), ബോട്ടുജട്ടി, ഏറോഡ്രോം ലോഞ്ചുകള്‍ - എന്നുവേണ്ട, ആശുപത്രികളില്‍ പോലും സ്വാഭാവിക പരിസ്ഥിതിയുടെ ഒരു ഖണ്ഡം പുനഃസൃഷ്ടിക്കപ്പെട്ട കണ്ണാടിക്കൂടുകളില്‍ ചടുലതയോടെ നീന്തിത്തുടിക്കുന്ന, വര്‍ണ്ണമത്സ്യങ്ങളുടെ കാഴ്ച ചേതോഹരം തന്നെയാണ്! മറ്റ് പക്ഷിമൃഗാദികളേക്കാള്‍ മനുഷ്യനെ ഹഠാദാകര്‍ഷിക്കുന്നവയത്രേ അലങ്കാരമത്സ്യങ്ങള്‍; അവയേക്കാള്‍ മലിനീകരണം കുറഞ്ഞവയും അലങ്കാരമത്സ്യങ്ങള്‍തന്നെ; വിശിഷ്യാ, ശബ്ദശല്യം! അവ വര്‍ണശബളവും നയനാഭിരാമവുമാണ്; ആകയാല്‍, അലങ്കാരമത്സ്യപരിപാലനം എന്ന വിനോദം - കല-ശാസ്ത്രം ഇന്ന് മുന്‍പന്തിയിലാണ്. ഫോട്ടോഗ്രാഫി കഴിഞ്ഞാല്‍, ഏറ്റവുമധികം ആളുകളുടെ പ്രധാനപ്പെട്ട വിശ്രമസമയ വിനോദം (Hobby) അക്വേറിയം മത്സ്യപരിപാലനമാണ്.

ചരിത്രം

മത്സ്യത്തെ ബന്ധനത്തില്‍ വളര്‍ത്തുക എന്നത് പ്രാചീനകാലം മുതലുള്ള ഒരു പരിപാടിയാണ്. ക്രിസ്തുവിന് രണ്ട്-നാല് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് മുതല്‍; ശരിയായി പറഞ്ഞാല്‍ ബി.സി. 4000നും 2000നും ഇടയില്‍, സുമേറിയക്കാരാണ് മത്സ്യങ്ങളെ ഭക്ഷ്യോപയോഗത്തിനായി കുളങ്ങളില്‍ സൂക്ഷിക്കുവാന്‍ തുടങ്ങിയത്. കുളങ്ങളില്‍ മത്സ്യങ്ങളെ സൂക്ഷിച്ചിരുന്നതായുള്ള ചിത്രങ്ങള്‍ പ്രാചീന ഈജിപ്റ്റില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ളതിനാല്‍, ഈജിപ്റ്റുകാര്‍ക്കും മത്സ്യപരിപാലനം വശമായിരുന്നു എന്നുവേണം കരുതാന്‍. കൂടാതെ, അവര്‍ മത്സ്യങ്ങളെ വിശിഷ്ടവും പരിപാവനവുമായി കണക്കാക്കുകയും, ആകയാല്‍ അവയെ ഭക്ഷിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു!

2,500 വര്‍ഷം മുന്‍പ് ചൈനക്കാര്‍ മത്സ്യത്തെ കുളത്തില്‍ സംഭരിച്ചിരുന്നു. ക്രി.മു. 1278-960 കാലഘട്ടത്തില്‍ - ജൂങ് രാജവംശകാലം - ചൈനയില്‍ സ്വര്‍ണമത്സ്യങ്ങളെ പാത്രത്തില്‍ വളര്‍ത്താന്‍ തുടങ്ങി. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പു മുതല്‍ തന്നെ ചൈനക്കാര്‍ കാര്‍പ്പുമത്സ്യത്തെ ബന്ധനത്തില്‍ വളര്‍ത്താന്‍ ആരംഭിച്ചു. അവര്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വില്‍പ്പനക്കുവേണ്ടി റസ്റ്റോറന്റുകള്‍, വില്‍പ്പനസ്ഥലങ്ങള്‍ മുതലായ പൊതുസ്ഥലങ്ങളില്‍ ജീവനോടെ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സ്യത്തെ ആദ്യമായി വളര്‍ത്തുജന്തു (pet) ആയി വളര്‍ത്തിയത് റോമാക്കാരായിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും റോമില്‍ മത്സ്യപരിപാലനം ഒരു സാര്‍വത്രിക വിനോദമായിക്കഴിഞ്ഞു. അവര്‍ തന്നെയാണ് ആദ്യമായി മത്സ്യത്തെ അക്വേറിയത്തില്‍ വളര്‍ത്തിയത്. പറുദീസ മത്സ്യം (ജമൃമറശലെ ളശവെ) ശാസ്ത്രനാമം: Macropodus Opercularis; ആണ് ആദ്യമായി അക്വേറിയത്തില്‍ വളര്‍ത്തിയ ഉഷ്ണമേഖലാ മത്സ്യം.

അരിസ്റ്റോട്ടില്‍ (ബി.സി. 384-322) ഈജിയന്‍ കടലിലെ 115 ഇനം മത്സ്യങ്ങളെപ്പറ്റി പഠിച്ചു. അവയുടെ ബാഹ്യ-ആന്തരഘടനകള്‍, മറ്റു സവിശേഷതകള്‍ എന്നിവ വിശദമായി പഠിച്ച് അവയെ വര്‍ഗ്ഗീകരിച്ചു. അങ്ങനെ, അദ്ദേഹമാണ് മത്സ്യശാസ്ത്ര പഠനം (Lehthyology) തുടങ്ങിവച്ച മഹാന്‍. (ലോകത്ത് ഇരുപതിനായിരത്തില്‍പ്പരം മത്സ്യവര്‍ഗങ്ങള്‍ - ഇനങ്ങള്‍ - ജാതികള്‍ (species) ഉണ്ടെന്നും, അതില്‍ 2500 ഇനങ്ങള്‍ ഇന്ത്യയില്‍ ആണെന്നും, അതില്‍ 930 ഇനങ്ങള്‍ ഉല്‍നാടന്‍ മത്സ്യങ്ങളാണെന്നും ഇന്നറിയാമെങ്കിലും മത്സ്യപഠനശാസ്ത്രത്തിന്റെ അടിത്തറ പാകിയ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു; കാരണം, ആ അസ്ഥിവാരത്തിലാണ് നാം പിന്നീട് മത്സ്യശാസ്ത്ര സൗധം കെട്ടിപ്പൊക്കിയത്!

എ.ഡി. 1136-ല്‍ ഹിയാസുങ് (Hian Tsung) ചക്രവര്‍ത്തിയുടെ കാലത്താണ് അലങ്കാര മത്സ്യപ്രജനനങ്ങള്‍ നടത്തിയതെങ്കിലും ചൈനക്കാര്‍ ഈ രഹസ്യം അതീവ ഗോപ്യമാക്കി വെച്ചു. 1,500-ല്‍ ആണ് ജപ്പാന്‍കാര്‍ അലങ്കാര മത്സ്യപരിപാലനം ഒരു വിനോദമായി അംഗീകരിച്ചത്; തുടര്‍ന്ന് അലങ്കാര മത്സ്യ പ്രജനന വിദ്യ സ്വയം ആര്‍ജിക്കുകയും ചെയ്തു.

എ.ഡി. 1596-ല്‍ ചൈനക്കാര്‍ ആദ്യ അലങ്കാര മത്സ്യപുസ്തകം രചിച്ചു. അതേ വര്‍ഷം തന്നെ അവര്‍ അലങ്കാര മത്സ്യങ്ങളെ ജപ്പാനിലേക്ക് കയറ്റിയയയ്ക്കുകയും ചെയ്തു. 16-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സ്വര്‍ണമത്സ്യങ്ങളെ ചൈനയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കയറ്റിയയയ്ക്കുകയും അവയെ അവിടെ കണ്ണാടിപ്പാത്രങ്ങളില്‍ സംഭരിച്ചു പരിപാലിക്കയും ചെയ്തു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് അമേരിക്കയില്‍ പ്രചുരപ്രചാരം നേടിയത്.

അലങ്കാര മത്സ്യങ്ങളില്‍ ആകൃഷ്ടരാവുകയും അക്വേറിയം പരിപാലനത്തില്‍ തല്പരരാവുകയും ചെയ്ത്, ഇംഗ്ലീഷുകാര്‍, 1853-ല്‍ ലണ്ടനില്‍ 'റീജന്റ് പാര്‍ക്ക്' മൃഗശാലയില്‍ 'മത്സ്യഭവനം' എന്ന പേരില്‍ ആദ്യ പൊതു അക്വേറിയം (Public Aquarium) സ്ഥാപിച്ചു.

തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു. അമേരിക്കയിലും ഈ കാലയളവില്‍ ധാരാളം പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു.1860-ല്‍ പാരീസില്‍ ആദ്യ ലവണജല പൊതു അക്വേറിയവും (Marine Public Aquarium), 1869ല്‍ ബര്‍ലിനില്‍ കൃത്രിമമായി നിര്‍മിച്ച ലവണജലം ഉപയോഗിച്ചുള്ള അക്വേറിയവും സ്ഥാപിതമായി. കൂടാതെ, ജര്‍മന്‍ ശാസ്ത്രജ്ഞന്മാര്‍ വിവിധയിനം അലങ്കാരമത്സ്യങ്ങളെ സംഘടിപ്പിച്ച് ഒരു വലിയ 'അലങ്കാരമത്സ്യപ്രദര്‍ശന - വ്യാപാരമേള' നടത്തുകയും ചെയ്തു!1873-ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ഒരു പൊതു അക്വേറിയം സ്ഥാപിതമായി. 1878-ല്‍ പാരീസില്‍ ഒരു ശുദ്ധജല അക്വേറിയം സ്ഥാപിച്ചു.

അങ്ങനെ 19-20 നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ നാനാഭാഗത്തും ധാരാളം അക്വേറിയങ്ങള്‍ സ്ഥാപിച്ച് അലങ്കാര മത്സ്യപരിപാലനത്തോടുള്ള അദമ്യമായ ആഭിമുഖ്യം ജനങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി.

ഇന്ത്യയില്‍ കുറേക്കൂടി താമസിച്ചാണ് പൊതുഅക്വേറിയങ്ങള്‍ സ്ഥാപിതമായത്. രാജ്യത്തെ രണ്ടാമത്തേത് തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് 1938-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് സ്ഥാപിച്ച ലവണജല അക്വേറിയം ആയിരുന്നു. (അത് കുറേ നാളായി പൂട്ടിക്കിടക്കുന്നു! അത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനോ, മറ്റൊന്ന് സ്ഥാപിക്കാനോ നമുക്ക് സാധിക്കുന്നില്ല - അതിലും വലിയ എത്രയെത്ര കാര്യങ്ങളാണ് നമുക്ക് ശ്രദ്ധിക്കേണ്ടത്! സംസ്ഥാനത്തില്‍ പൊതുജനോപകാരപ്രദമായ സ്ഥാപനങ്ങള്‍ പലതും ജനാധിപത്യയുഗത്തിലല്ല ഉണ്ടായത് എന്നത് അത്ഭുതംതന്നെ! ഉദാ: നക്ഷത്രബംഗ്ലാവ്, കാഴ്ചബംഗ്ലാവ്, മൃഗശാല, വാട്ടര്‍ വര്‍ക്‌സ്, യൂണിവേഴ്‌സിറ്റി കോളേജ്, ആദ്യ നിയമസഭാമന്ദിരം...!)

1951-ല്‍ ബോംബെ താരപ്പൊര്‍വാല പൊതുഅക്വേറിയം ഇന്ത്യയിലെ ഏറ്റവും വലുതും മൂന്നാമത്തേതുമായിരുന്നു. തുടര്‍ന്ന് 1957-ല്‍ ലക്‌നൗ, 1966-ല്‍ ഹൈദരാബാദ്, 1990-ല്‍ വിശാഖപട്ടണം- എന്നിവിടങ്ങളിലും തുടര്‍ന്ന് മറ്റുസ്ഥലങ്ങളിലുമായി 150ല്‍പ്പരം പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു.

ഇന്ത്യയില്‍ അലങ്കാരമത്സ്യപരിപാലനത്തിന് പ്രചാരം ലഭിച്ചത് 1950-കളിലായിരുന്നു. വടക്കേ ഇന്ത്യയില്‍ ബോംബെ, തെക്കേ ഇന്ത്യയില്‍ മദ്രാസ് എന്നീ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് അക്വേറിയം സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് അലങ്കാരമത്സ്യപരിപാലനം പ്രചാരത്തിലായത്. കല്‍ക്കത്തയായിരുന്നു മറ്റൊരു പ്രധാനകേന്ദ്രം.

അക്വേറിയം (Aquarium)
ആദ്യകാലങ്ങളില്‍ കോപ്പകള്‍, തളികകള്‍, പിഞ്ഞാണങ്ങള്‍, ചെറുടാങ്കുകള്‍... എന്നിവയെല്ലാം മത്സ്യപ്രദര്‍ശനത്തിനായി ഉപയോഗിച്ചുവന്നിരുന്നു. ഇവയിലെല്ലാം മത്സ്യങ്ങളെ മുകളില്‍ നിന്ന് മാത്രമേ കാണാമായിരുന്നുള്ളൂ എന്നതായിരുന്നു ഒരു കുറവ്! എന്നാല്‍ ഇവയായിരുന്നിരിക്കാം അക്വേറിയങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍! റോമക്കാര്‍ തങ്ങളുടെ പദവിയുടെ ഒരു അടയാളമായി ആയിരുന്നു അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്!

പാത്രങ്ങളുടെ അസൗകര്യം ഒരു പ്രശ്‌നം തന്നെയായിരുന്നു. പിന്നീട് ജല- സസ്യ-ജന്തുജാലങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് കുറേക്കൂടി സൗകര്യപ്രദമായി ചില്ലുപാത്രങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഗ്ലാസ് ടാങ്കുകളില്‍ വെള്ളം നിറച്ച് മത്സ്യങ്ങളെ പരിപാലിക്കുന്ന അക്വേറിയങ്ങള്‍ ഉണ്ടായി (അക്വാ=ജലം). അപ്പോള്‍ ഉള്ളിലുള്ള മത്സ്യങ്ങളെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കാണാമെന്നായി; എന്നുതന്നെയല്ല, അവയ്‌ക്കൊരു ത്രിമാനതയും ലഭിച്ചു.

കുറേക്കൂടി വിശദവും വിശാലവുമായിരുന്നു 'പാലുഡേറിയം (Paludarium)'. കര-ജല-ജന്തു-സസ്യജാലങ്ങളും മത്സ്യങ്ങളും തീരമെന്നു തോന്നിക്കുന്ന കരയും ഒരുമിച്ചുകാണുംവിധം കടപ്പുറത്ത് സജ്ജീകരിച്ചിരുന്ന പ്രദര്‍ശനശാലകളായിരുന്നു പാലുഡേറിയങ്ങള്‍.

ഒഴുക്കുവെള്ളത്തില്‍ സജ്ജീകരിച്ചിരുന്ന ചെറുപ്രദര്‍ശനശാലകളായിരുന്നു 'വിവേറിയ'(Viveria)ങ്ങള്‍ . വിവേറിയത്തില്‍ നിന്നും പരിണമിച്ച് അക്വേറിയം, പാലുഡേറിയം, ടെറേറിയം എന്നിവയുണ്ടായി.ഇന്ന് വലിയ 'ഓഷ്യനേറിയങ്ങള്‍' തന്നെ യൂറോപ്പിലും വിദൂരപൂര്‍വദേശങ്ങളിലും നിലവിലുണ്ട്. നാം കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നതായും നമ്മുടെ ചുറ്റും ജലജീവികളും ജലവും ആവരണം ചെയ്യുന്നതായും തോന്നും! കോടിക്കണക്കിന് ഡോളര്‍ മുടക്കി നിര്‍മിച്ച ഓഷ്യനേറിയങ്ങള്‍ തയ്‌വാനില്‍ പോലുമുണ്ട്. 1938-ല്‍ ഫ്ലോറിഡയിലാണ് ആദ്യ ഓഷ്യനേറിയം സ്ഥാപിതമായത്.

എന്താണ് അക്വേറിയം?

'മത്സ്യങ്ങളേയും മറ്റു ജലജീവികളേയും കൂടുതല്‍ കാലം ജീവനോടെ സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ പാരിസ്ഥിതിക ഖണ്ഡമാണ് അക്വേറിയം. അതിലുള്ള ജലജീവികളുടെ ജീവന്‍ നിലനിര്‍ത്തുന്ന രാസ- ഭൗതിക പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തന വ്യവസ്ഥയുടെ ഒരു കേന്ദ്രം കൂടിയാണിത്.'


'ഒരേസമയം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനും, അതോടൊപ്പം ആസ്വദിക്കാന്‍ സാധിക്കുന്നതും, കണ്ണാടികളാല്‍ ആവൃതവുമായ ഒരു ജലോദ്യാനമാണ് അക്വേറിയം' എന്നു പറയാം. അതൊരു ജലജീവശാലയാണ്!1853-ല്‍ ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ 'ഹെന്‍ട്രി ഗൊസ്സെ'യാണ് അലങ്കാരമത്സ്യം സ്ഥിതിചെയ്യുന്ന പാത്രത്തിന് 'അക്വേറിയം' എന്ന പേര്‍ നല്‍കിയത്. പ്രയോജനപ്രദമായ വിനോദോപാധി എന്നതിലുപരി, നമ്മുടെ പ്രശ്‌നജടിലമായ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുവാന്‍ അക്വേറിയം പരിപാലനം വളരെ പ്രയോജനപ്രദമാണ്.

കൂടാതെ, അധ്യായം രണ്ടില്‍ സൂചിപ്പിക്കുംപോലെ 'അക്വേറിയോളജി' പല ശാസ്ത്രശാഖയുടെയും ഒരു സമ്മേളനമായതിനാല്‍ പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയുമായി ഇഴുകിച്ചേരുവാനും ശാസ്ത്രജ്ഞരാകാനും നമ്മെ പ്രേരിപ്പിക്കുന്നു. പുഷ്പങ്ങളേക്കാള്‍ ആസ്വാദ്യകരമാണ് മത്സ്യങ്ങള്‍ - വിശിഷ്യാ, 'കടല്‍പ്പൂക്കള്‍'; അവ സഞ്ചരിക്കുന്ന വര്‍ണവിസ്മയങ്ങള്‍ തന്നെ!

മുന്‍കാലങ്ങളില്‍ പ്രൗഢിയുടെ ചിഹ്നമായി കരുതി വീടുകളില്‍ അക്വേറിയം മത്സ്യങ്ങളെ വളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് പുതിയതായി നിര്‍മിക്കുന്ന വീടുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഒഴിവാക്കാനാവാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു ഇവ! അമേരിക്കയില്‍ 7.4 ദശലക്ഷം കമ്മ്യൂണിറ്റി അക്വേറിയം ടാങ്കുകളുണ്ടത്രേ!

ഇന്ത്യയിലും ഇതിന്റെയെല്ലാം പ്രതിഫലനം കാണാം. ഇപ്രകാരം, അലങ്കാരമത്സ്യ പരിപാലനവും പരിപാലകരും കൂടുന്നതനുസരിച്ച് അലങ്കാരമത്സ്യങ്ങളുടെയും അതിനായി അലങ്കാര മത്സ്യകൃഷിയുടെയും ആവശ്യകത കൂടിക്കൂടി വരുന്നു. 150ഓളം മുഴുവന്‍ സമയ അലങ്കാര മത്സ്യകൃഷിക്കാരും, 1500ഓളം പാര്‍ട്ട് ടൈം കര്‍ഷകരും ഉണ്ടെന്ന് കണക്കാക്കുന്നു. (കണക്ക് അപൂര്‍ണ്ണം!)

ചുരുങ്ങിയ സ്ഥലവും മുടക്കുമുതലും മതി എന്നതും, ക്ലേശരഹിതവും ആദായകരവും വീട്ടിലിരുന്ന് ചെയ്യാവുന്നതുമായ ഒരു കാര്‍ഷികവൃത്തി എന്നതിനാലും, തൊഴില്‍ പ്രശ്‌നം ഇല്ലാത്തതും ഏറെ കയറ്റുമതി സാധ്യതയുള്ള ഒരുല്പന്നമായതിനാലുമാണ് വനിതകള്‍ പോലും സ്വയം തൊഴില്‍ സംരംഭമായി അലങ്കാരമത്സ്യകൃഷി ഏറ്റെടുത്തിരിക്കുന്നത്. ഇത് ശുഭോദര്‍ക്കമത്രേ!



No comments:

Post a Comment