അലങ്കാരക്കോഴികള്‍ ഇനി വീടുകളിലും കൂവും
ചെങ്ങന്നൂര്‍: ഷൂസിട്ട ചൈനീസ് സുന്ദരിയെയും ബ്രിട്ടീഷ് പോരുകാരിയെയുമെല്ലാം ഇനി വീടുകളിലും കോഴിക്കൂട്ടിലും വളര്‍ത്താം. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലെ പ്രദര്‍ശന വിഭാഗത്തിലുണ്ടായിരുന്ന കോഴിയിനങ്ങളുടെ കുഞ്ഞുങ്ങളെ പൊതുജനങ്ങള്‍ക്ക് വിറ്റുതുടങ്ങി. 10 ഓളം ഇനങ്ങളാണ് വില്പനയ്ക്കുള്ളത്. ഇവയ്ക്ക് ആവശ്യക്കാരും ധാരാളം.
അലങ്കാരത്തിനൊപ്പം ആദായവും എന്നതാണ് ഈ കോഴികളുടെ പ്രത്യേകത. നല്ല ചന്തമാണ്. തൊപ്പിക്കോഴികള്‍ കറുപ്പും വെളുപ്പും നിറങ്ങളിലുണ്ട്. കൊച്ചുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുമ്പോലുള്ള തൂവലുള്ളത് മില്ലി ഫ്ലോര്‍, കുഷിന്‍ ബാന്റമാണ് ഷൂവണിഞ്ഞ സുന്ദരി. കുഷിന്റെ കാലുമൂടിയുള്ള ചെറുതൂവല്‍ കണ്ടാല്‍ ഷൂസിട്ടിരിക്കുകയാണെന്നേ തോന്നു. നടത്തം കാണാനും നല്ലഭംഗി.
ഷൂസിട്ട ജപ്പാന്‍ സുന്ദരിയാണ് ജാപ്പനീസ് ബാന്റം, ഓള്‍ഡ് ഇംഗ്ലീഷ് ഗയിമാണ് ബ്രിട്ടീഷ് പോരുകാരി. ഉയരവും നടപ്പും കണ്ടാലേ അറിയാം പോരുകാരി തന്നെയെന്ന്.
ഭംഗിയുള്ള നാടന്‍കോഴി ഇനങ്ങളും ഹാച്ചറിയില്‍നിന്ന് വാങ്ങാം. കടകനാഥ് എന്ന കരിങ്കോഴി, ഇന്‍ഡ്യന്‍ പോരുകാരി കോഴിയായ അസീല്‍, നിക്കോബാര്‍ ദ്വീപില്‍ നിന്നുള്ള പാത്തക്കോഴിയായ നിക്കോബാരി, കഴുത്തില്‍ പൂട ഇല്ലാത്ത നേക്കഡ് നെക്ക് എന്നിവയൊക്കെ ആരെയും ആകര്‍ഷിക്കും.
നേക്കഡ് നെക്ക് തനി കേരള. ഒരുദിവസം പ്രായമുള്ള കൊഴിക്കുഞ്ഞിന് 70 രൂപയാണ് വില. ഒരു മാസത്തിന് 100 രൂപ, ഒന്ന് മുതല്‍ രണ്ട് മാസം വരെ 150 രൂപ, രണ്ടു മുതല്‍ മൂന്ന് മാസം വരെ 200 രൂപ, മൂന്ന് മുതല്‍ നാലു മാസം വരെ 250 രൂപ, നാലുമുതല്‍ അഞ്ചുമാസം വരെ 300 രൂപ, അഞ്ചു മാസത്തിന് മുകളില്‍ 350 രൂപ എന്നിങ്ങനെയാണ് വില.
ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ലഭിക്കും. അല്ലാത്ത കോഴിക്കുഞ്ഞുങ്ങളെ വ്യാഴാഴ്ചകളിലാണ് കിട്ടുക. വിരിഞ്ഞിറങ്ങുന്ന അന്നുതന്നെ കോഴിക്കുഞ്ഞുങ്ങളെ കിട്ടാന്‍ ഹാച്ചറിയില്‍ നേരിട്ട് ബുക്കുചെയ്യണം.
No comments:
Post a Comment