Wednesday, 13 March 2013

പശുക്കളെ എങ്ങനെ വളര്‍ത്താം?



പണ്ടൊക്കെ ഒരു രാജ്യത്തിന്റെ സമ്പല്‍സമൃദ്ധി ആ രാജ്യത്തെ ഗോസമൃദ്ധിയെ ആശ്രയിച്ചായിരുന്നു. ഏക്കറുകളുടെ വിസ്തൃതി അവകാശപ്പെടാനുണ്ടായിരുന്ന നമ്മുടെയൊക്കെ തറവാടുകളില്‍ ഇവ സുലഭമായിരുന്നുതാനും. ആ വിസ്തൃതിയില്‍ നെറ്റിയില്‍ വെളുത്ത പൊട്ടുമായി പൈക്കിടാങ്ങള്‍ കുസൃതികള്‍ കാട്ടി ഓടിനടന്നു. അവയുടെ 'ഇമ്പാ....' വിളികള്‍ അമ്മമാര്‍ക്കു മാത്രമല്ല, കുഞ്ഞുങ്ങള്‍ക്കും കാതുകളില്‍ സംഗീതവിരുന്നായി.

ആ കുസൃതിക്കുരുന്നുകളെ കാട്ടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ 'പാപ്പം' വാരിക്കൊടുത്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക് തൊടികളുടെ വിസ്തൃതി അന്യമായി. നമ്മള്‍ അഞ്ചുസെന്റുകാരും പത്തുസെന്റുകാരുമായി മാറി. അതോടൊപ്പം നമുക്കന്യമായത് നമ്മുടെ പച്ചപ്പും പൈക്കിടാങ്ങളും! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാല്യമാകട്ടെ, 'ടെഡ്ഡി ബിയറു'കളിലൂടെയും 'മിക്കി മൗസ്' ചാനലുകളിലൂടെയും ആഹാരം കഴിക്കുന്നു. ഇന്നിപ്പോള്‍ കേരളം കണികണ്ടുണരുന്ന നന്മ അങ്ങു ദൂരെ മോഡിയുടെ നാട്ടില്‍ നിന്നുവരുന്ന പാല്‍പ്പൊടി കലക്കിയ നന്മ മാത്രം.

ക്ഷീരകര്‍ഷകരെ കാണാന്‍ നാം ചുരം കയറേണ്ടിവരുന്നു. സുഭാഷ് പലേക്കറിന്റെ 'കൃഷിരീതി'കള്‍ അനുകരിക്കണമെങ്കില്‍ നമുക്ക് പശുവിനെ വളര്‍ത്തിയേ പറ്റൂ. പക്ഷേ, ഈ നഗരത്തില്‍ നമ്മുടെ പത്തുസെന്റില്‍ എങ്ങനെയാണ് നാം പശുവിനെ വളര്‍ത്തുക? അയല്‍പക്കക്കാരന്റെ ശാപങ്ങളേറ്റുവാങ്ങാന്‍വേണ്ടി മാത്രം നാം ഇതിന് തുനിയുമോ? പച്ചക്കറി കൃഷി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന ഭരണവര്‍ഗംപോലും ഇതിനൊരുത്തരം തരുവാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. പശുവളര്‍ത്തലിനെക്കുറിച്ച് വാചാലനാകുവാനൊരു കാരണമുണ്ട്. എന്റെ മുന്നിലിരിക്കുന്നത് 1872-ല്‍ മലബാറിലെ ജനതയ്ക്കുവേണ്ടി പശുവളര്‍ത്തലിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഒരു പരസ്യമാണ്. പരസ്യങ്ങളിലെ ഭാഷാപ്രയോഗമാണ് കൂടുതല്‍ രസകരം. അതിങ്ങനെ:

പശുക്കളെ തീറ്റുന്നതിനെക്കുറിച്ച്

''ഇന്ത്യയിലുള്ള പശുക്കുട്ടികള്‍, അവരുടെ തള്ളകളുടെ പാല്‍ നെയ്യുണ്ടാക്കുവാന്‍വേണ്ടി എടുത്തുപോകുന്നതുകൊണ്ട് എപ്പോഴും മെലിഞ്ഞ സ്ഥിതിയിലാകുന്നു. പശു പാല്‍ കൊടുക്കാത്തതുകൊണ്ട് ഒരു പശുക്കുട്ടിയെ തടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് സാധാരണയായി വിചാരിച്ചിരിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ പശുക്കുട്ടി പുഷ്ടിവെക്കുവാന്‍വേണ്ടി പാല്‍ എത്രയും വിശേഷമായിട്ടുള്ള ഒരു ഭക്ഷണമാണ്. ഒരു പശുക്കുട്ടിയെ വളര്‍ത്തേണ്ടതിനുവേണ്ടി ചില സമയം പുല്ല് പുഴുങ്ങി അതിന്റെ വെള്ളം കൊടുത്തുവരാറുണ്ട്.

പാല്‍ കൂടാതെ പശുക്കുട്ടികളെ തടിപ്പിക്കാന്‍ താഴെ പറഞ്ഞിട്ടുള്ളത് സമ്മതിക്കപ്പെട്ട ഒരമേരിക്കന്‍ ചട്ടമാകുന്നു. ആദ്യം രണ്ടാഴ്ച വരേക്കും പുഴുങ്ങിയ പിണ്ണാക്ക്, വെല്ലം, പാല്‍പ്പാട ഇതാണ് കൊടുക്കേണ്ടതും. അതിന് ശേഷംപൊടിയരി അല്ലെങ്കില്‍ പരിപ്പുകൂടി കൊടുക്കാം. പാല്‍പ്പാട ഒന്നിച്ച് കൂട്ടുന്നതിനു മുമ്പായിട്ട് പിണ്ണാക്ക് പുഴുങ്ങേണ്ടതാകുന്നു. വെല്ലം അപ്പോള്‍ത്തന്നെ പാലോടുകൂടി ചേര്‍ക്കയും ഇതെല്ലാം ചൂടോടുകൂടി കൊടുക്കേണ്ടതുമാകുന്നു.

ഒരു പശുക്കുട്ടിക്ക് ഒരു മേശക്കുഴിയില്‍ (ഇത് പണ്ടുകാലത്തെ ഒരളവാണ്) പുഴുങ്ങിയ പിണ്ണാക്ക് അത്രതന്നെ വെല്ലവും പാല്‍പ്പാടയോടെ ചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി മൂന്നുനേരമായിട്ട് ഒരു ദിവസത്തില്‍ കൊടുക്കേണ്ടതാകുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞതിന്റെശേഷം മേല്പറഞ്ഞ ഓരോ സാധനം കുറേശ്ശെ അധികമായി ചേര്‍ക്കുകയും പത്തുദിവസം കഴിഞ്ഞേപ്പിന്നെ ഓരോരോ ദിവസം കൊടുക്കുന്ന തീറ്റിക്ക് ഓരോ കുഴിയില്‍ വെല്ലവും അത്രത്തോളം പിണ്ണാക്കും കൊടുക്കുകയും ചെയ്യാം. മൂന്നാമത്തെ ആഴ്ചയുടെ ആരംഭത്തില്‍ ഒരു കുഴിയില്‍ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും ഓരോരോ സമയത്തെ തീറ്റയില്‍ ചേര്‍ക്കയും വേണം.

എന്നാല്‍ ഇങ്ങനെയുള്ള പൊടിയും പുഴുങ്ങി ചേര്‍ക്കേണ്ടതാകുന്നു. ഇതില്‍ പാല്‍പ്പാട ചേര്‍ത്തിട്ട് കൊടുക്കുന്നതായാല്‍ അഞ്ച് ആഴ്ചയുടെ ഇടയില്‍ വിശേഷമായിട്ടുള്ള പുഷ്ടിയോടുകൂടി പശുക്കുട്ടി ഇരിക്കയും ചെയ്യും. ഇതിലേക്കുണ്ടായിവരുന്ന ചെലവ് കിട്ടിയിട്ടുള്ള പാലുകൊണ്ടും ഉണ്ടാക്കിയ നെയ്യുടെ വിലയ്ക്കും എത്രയും ചുരുക്കമായിട്ടുള്ളത് ആയിരിക്കും.

ഇതിലേക്ക് വെല്ലം ഒരു പുതുതായിട്ടുള്ള തീനാണെന്നു വിചാരിക്കാം. എന്നാല്‍ ആയതിന്റെ താത്പര്യം മനസ്സിലാക്കിയാല്‍ മുഖ്യമായിട്ടുള്ളൊരു തീനാണെന്നു കാണുകയും ചെയ്യാം. ആയതെത്രയും അലിക്കാകുന്നതും പശുക്കുട്ടികള്‍ക്ക് അനുരൂപമായി വരുന്നതുമാകുന്നു.

കഞ്ഞിപ്പശയുള്ള ഭക്ഷണം പശുക്കുട്ടികള്‍ക്ക് അനുരൂപമായിരിക്കുന്നതിന് മുമ്പേ പഞ്ചസാരയായി വരുന്നതാണെന്ന് ലഭിശ്ശ എന്നാളുടെ അഭിപ്രായം. പഞ്ചസാര രക്തത്തോടെ ഉടനെ ചേരുന്നതും തണുപ്പുള്ള പ്രദേശങ്ങളില്‍ ശരീരത്തിന് ചൂട് കൊടുക്കുവാന്‍ വിശേഷമായിട്ടുള്ളതുമാണ്. ആയത് വെണ്ണയുണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തുന്ന പാലിന്റെ ഗുണത്തിന് തുല്യമായിരിക്കുന്നതാകുന്നു. പിണ്ണാക്ക് ശരീരത്തിന് ബലത്തെ കൊടുക്കുന്ന ഒരു ഭക്ഷണവും. അതില്‍പ്പെട്ടിട്ടുള്ളത് എളുപ്പത്തില്‍ അഴഞ്ഞുപോകുന്നതും ഭക്ഷണത്തിനു തുല്യമായിട്ടുള്ളതുമാണ്. സ്വര്‍ഗ എന്ന കൃഷിയുണ്ടാക്കുന്ന സ്ഥലത്തെ അതുകൊണ്ട് വിശേഷമായ വെല്ലമുണ്ടാക്കുകയും ചെയ്യാം.
മേല്പറഞ്ഞതിന്റെ സാരം

''ഒന്നാമത്തെയാഴ്ച ഒരു മേശക്കുഴിയില്‍ പിണ്ണാക്കും അത്രതന്നെ വെല്ലവും പാല്‍പാടയോടുചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി ഒരു ദിവസം മൂന്നുനേരമായിട്ട് കൊടുക്കണം. രണ്ടാമത്തെ ആഴ്ച പത്തുദിവസം പിണ്ണാക്കും വെല്ലവും കുറേശ്ശെ അധികമായി ചേര്‍ത്ത് പിന്നെ പിണ്ണാക്കും വെല്ലവും പാല്‍പ്പാടയോടുകൂടി ഓരോ തീറ്റയും ഓരോ കുഴിയില്‍ കൊടുക്കണം. മൂന്നാമത്തെ ആഴ്ച ഒരു കുഴിയില്‍ പുഴുങ്ങിയ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും പിണ്ണാക്കും വെല്ലവും ചേര്‍ത്ത് പാല്‍പ്പാടയോട് ചേര്‍ത്തിത്തന്നെ കൊടുക്കണം.''

പശുക്കള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരമൊരു പരസ്യത്തിന് വലിയ അര്‍ഥമൊന്നുമില്ലായിരിക്കാം.

എന്നാല്‍ പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ കാണിച്ച അതേ വ്യഗ്രതതന്നെ ഇത്തരം നിസ്സാരമെന്ന് തോന്നിപ്പിക്കാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലും ബ്രിട്ടീഷുകാര്‍ ശ്രദ്ധിച്ചിരുന്നു എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

No comments:

Post a Comment