Wednesday, 13 March 2013

അല്‌പം ചേനക്കാര്യം





കുംഭമാസമായി ചേന നടാം. കുംഭ ചേന കുടത്തോളം എന്നാണ് പ്രമാണം. കേരളത്തിലെ വീട്ടുവളപ്പുകള്‍ക്ക് സുപരിചിതമായ വിളയാണ് ചേന.

ഫിബ്രവരിയില്‍ പുതുമഴ കിട്ടിക്കഴിഞ്ഞാല്‍ ചേനനടാം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 90 സെ.മീറ്റര്‍ അകലത്തില്‍ 60 സെ.മീ. സമചതുരാകൃതിയില്‍ 45 സെ.മീറ്റര്‍ താഴ്ത്തി കുഴികളെടുക്കണം. കുഴിയില്‍ മേല്‍മണ്ണും കുഴിയൊന്നിന് രണ്ട് കി.ഗ്രാം ചാണകവും നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ചേന നടാം.

വിത്തുചേന ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി വേണം നടാന്‍. ഓരോ വിത്തുചേനക്കഷണത്തിനും 75 ഗ്രാം-100ഗ്രാം തൂക്കം വേണം. ഓരോ വിത്തിനും ഒരു മുകുളമെങ്കിലും ഉണ്ടാകണം. ഒരു ഹെക്ടറില്‍ ഇത്തരത്തിലുള്ള 12000 വിത്തുചേനക്കഷണങ്ങള്‍ വേണം. വേനല്‍ച്ചൂടിന്റെ കാഠിന്യം ഏല്‍ക്കാതിരിക്കാന്‍ ചേന നട്ടാല്‍ ഉടന്‍ തടം നിറയെ കരിയിലയും പച്ചിലകളും ഇട്ട് മണ്ണിട്ടുമൂടണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ചൂടുനിയന്ത്രിക്കാനും കളവളര്‍ച്ച തടയാനും ഇത് ഉപകരിക്കും. വേനലില്‍ തടം എടുത്ത് അതില്‍ കരിയിലയും ചവറും കൊണ്ട് നിറയ്ക്കണം. ഇവ നന്നായി പൊടിഞ്ഞ് സ്‌പോഞ്ചിന്റെരീതിയില്‍ പ്രവര്‍ത്തിച്ച് മഴവെള്ളത്തെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഇറക്കും. നല്ലൊരു ജലസംരക്ഷണ പ്രവര്‍ത്തനം കൂടിയാണ് ചേനക്കൃഷി.

പോഷകമൂല്യത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ് ചേന. പല ആയുര്‍വേദ യുനാനി മരുന്നുകളിലും ചേന ഒരു അവശ്യഘടകമാണ്. ഉദരരോഗങ്ങള്‍ക്കും പ്രസവശേഷം ഉദരം ശുദ്ധിയാക്കാനും ആസ്തമയ്ക്കും അര്‍ശസിനും ഒക്കെ കണ്‍കണ്ട ഔഷധംകൂടിയാണ് ചേന.

വിളവെടുത്തു കഴിഞ്ഞ് രണ്ടുമാസക്കാലം നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ച ശേഷമാണ് ചേന നടേണ്ടത്. ചേന നട്ടുകഴിഞ്ഞ് ഒന്നരമാസമാകുമ്പോള്‍ ഹെക്ടറിന് 110 കി.ഗ്രാം യൂറിയ 250 കി.ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് 125 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങള്‍ നല്‍കാവുന്നതാണ്. ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരുമാസത്തിനുശേഷം 50 കി.ഗ്രാം യൂറിയ 75 കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ മികച്ച വിളവ് ലഭിക്കും. ഹെക്ടറിന് 40, 50 ടണ്‍ വിളവ് പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവില്‍ തരക്കേടില്ലാത്ത ആദായം തരുന്ന വിള എന്ന പ്രത്യേകതയും ചേനയ്ക്കാണ്. സാധാരണയായി ചേനയുടെ മൂപ്പ് 10 മാസമാണ്. കുംഭത്തില്‍ നട്ട് വൃശ്ചികത്തില്‍ കിളച്ചെടുക്കാം. തുലാമാസം പകുതി കഴിയുമ്പോള്‍ തണ്ട് പഴുത്തു തുടങ്ങും. എന്നാല്‍ ശ്രീപത്മ എന്ന അത്യുത്പാദനശേഷിയുള്ള ഇനത്തിന്റെ മൂപ്പ് 8-9 മാസമാണ്. ഹെക്ടറിന് ശരാശരി 42 ടണ്‍ വിളവും തരും.

നമ്മുടെ കാലാവസ്ഥയോട് വളരെ ഇണങ്ങിയതും താരതമ്യേന രോഗകീടബാധ കുറവുള്ളതും പ്രകൃതി സൗഹൃദ കൃഷിയെന്ന നിലയിലും ചേന നമുക്ക് കൂടുതലായി കൃഷി ചെയ്യാം.

No comments:

Post a Comment