Wednesday, 13 March 2013

ചക്കമാഹാത്മ്യം


ശ്രീലങ്കയിലെ ചക്കമാഹാത്മ്യം

വിട്ടുതൊടിയില്‍ ഇഷ്ടംപോലെ കിട്ടുന്നുണ്ടെങ്കിലും ചക്കയെ തെല്ലും വിലയില്ലാത്ത കേരളീയര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ചിലതു പഠിക്കാനുണ്ട്. പ്രകൃതിയില്‍നിന്നു കിട്ടുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവമെന്ന നിലയില്‍ അവര്‍ ചക്കയെ പലതരത്തില്‍ ഉപയോഗിക്കുന്നു. കറിയായും ചിപ്‌സായും അച്ചാറായും മറ്റും മറ്റും.....

ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ലങ്കയില്‍പോയ രുചി കര്‍ഷകസംഘം വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായാണ് മടങ്ങിയത്. അക്കാര്യങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതയന്വേഷിക്കുകയാണ് അടുത്തപടി. വയനാട്ടിലെ രുചി കര്‍ഷകക്കൂട്ടായ്മയുടെ പ്രതിനിധി സി.ഡി. സുനീഷ്, അഡിഗെപത്രിക പത്രാധിപര്‍ ശ്രീപഡ്രെ, കര്‍ണാടകത്തിലെ കര്‍ഷകനായ ബാലചന്ദ്രഹെഗ്‌ഡെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 22 മുതല്‍ 30 വരെ ശ്രീലങ്കയിലുണ്ടായിരുന്ന ഇവര്‍ കര്‍ഷകരുമായും സാങ്കേതികവിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.

മൂന്നുതരത്തിലാണ് ലങ്കയില്‍ ചക്ക വരുംനാളുകളിലേക്കുവേണ്ടി കരുതിവെക്കുന്നത്. ഉപ്പിലിടുകയാണ് ഒരു രീതി. ജലാംശം പൂര്‍ണമായും ഒഴിവാക്കുന്നവിധത്തില്‍ ഉണക്കിയെടുക്കുകയാണ് മറ്റൊരുവഴി. മൂന്നു നാലുദിവസത്തേക്ക് ചക്കവിഭവങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ സംസ്‌കരിച്ചെടുക്കുന്ന രീതിയുമുണ്ട്.

ദീര്‍ഘകാലം സൂക്ഷിച്ചാലും കേടുവരാത്ത രീതിയില്‍ ടിന്നിലടച്ച കറിയായി സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്നതാണ് പോളോസ് കറി.
ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഈ കറി കയറ്റിയയക്കുന്നുമുണ്ട്. സംസ്‌കരണത്തിനുവേണ്ടി ശരീരത്തിന് ഹാനികരമായ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് പോളോ കറിയെ വ്യത്യസ്തമാക്കുന്നതത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍തന്നെ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയുടെ സാധ്യത തിരിച്ചറിഞ്ഞവരാണ് ശ്രീലങ്കക്കാര്‍. ലങ്കയുടെ ദേശീയനായകനായി വിശേഷിപ്പിക്കപ്പെടുന്ന കോസ്മാമ ചക്കയുടെ പ്രചാരണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

അന്നംതരുന്ന മരം എന്ന അര്‍ഥത്തില്‍ പ്ലാവിനെ അദ്ദേഹം 'റൈസ് ട്രീ' എന്നാണ് വിശേഷിപ്പിച്ചത്. വെട്ടാന്‍ പാടില്ലാത്ത മരങ്ങളുടെ പട്ടികയിലാണ് പ്ലാവിന്റെ സ്ഥാനമെന്നു പറയുമ്പോള്‍ത്തന്നെ ശ്രീലങ്കയില്‍ ചക്കയ്ക്കുള്ള പ്രാധാന്യം വ്യക്തമാണല്ലോ.

ചക്കയില്‍നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളുണ്ടാക്കുന്ന 12 ഫാക്ടറികള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്ക സംസ്‌കരണത്തില്‍ സാങ്കേതികപരിശീലനം നല്‍കുന്ന 14 സ്ഥാപനങ്ങളുമുണ്ട്. ചക്കയുടെ പ്രചാരണത്തിനുവേണ്ടി 'ജാക്ക് ഫൗണ്ടേഷന്‍' എന്ന സര്‍ക്കാറിതര സംഘടനയും സ്ത്രീകൂട്ടായ്മയായ 'സവിസ്ത്രീ'യും റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ്‌വര്‍ക് എന്ന കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നു.

ചക്കയും അതിന്റെ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ കേരളീയരും ലങ്കയുടെ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചുപോവുക സ്വാഭാവികം. സംസ്ഥാന ആസൂത്രണസമിതിയുമായി കൂടിയാലോചന നടത്തി അതിനുവേണ്ടി പദ്ധതിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ ഉറവിന്റെ പ്രവര്‍ത്തകര്‍. 

No comments:

Post a Comment