Wednesday, 13 March 2013

കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും



തൃശ്ശൂര്‍:കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചതായി ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിത്തുല്പാദനം സംബന്ധിച്ച് ഫാം ജീവനക്കാര്‍ക്കായി വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആദ്യം വിളവെടുത്ത തണ്ണിമത്തനുകള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

നേരത്തെ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ സര്‍വ്വകലാശാല വികസിപ്പിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയ ഒളരികള്‍ച്ചര്‍ വകുപ്പിലെ ഡോ. ടി. പ്രദീപ്കുമാര്‍ തന്നെയാണ് ചുവന്ന ഇനവും വികസിപ്പിച്ചത്. രണ്ടിനത്തിന്റെയും വിത്തുകള്‍ വ്യാപകമായി ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഗവേഷണ ഡയറക്ടര്‍ പറഞ്ഞു.

ഗുണമേന്മയുള്ള വിത്തുനടീല്‍വസ്തുക്കളുടെ ക്ഷാമം കേരളത്തിലെ പച്ചക്കറികൃഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 57 ഇനം പച്ചക്കറികളുടെ ജനിതകശുദ്ധി വരുത്തിയ വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ ആര്‍.കെ.വി.വൈ. പദ്ധതിയില്‍ ശ്രമം നടക്കുകയാണ്. വിത്തുല്പാദനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനായി പച്ചക്കറികൃഷിയില്‍ കഴിവ് തെളിയിച്ച കര്‍ഷകരെക്കൂടി ഈ പദ്ധതിയില്‍ പങ്കാളികളാക്കും. സര്‍വ്വകലാശാലയുടെ വിവിധ സ്റ്റേഷനുകളിലെ ഫാം ജീവനക്കാര്‍ക്ക് വിത്തുത്പാദനത്തിന്റെ ആധുനിക സങ്കേതങ്ങളില്‍ പരിശീലനം നല്‍കുകയാണ് അടുത്തഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്-അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കര്‍ഷകരുടെ കണ്ടെത്തലുകള്‍ കാര്‍ഷികവളര്‍ച്ചയ്ക്ക് ഉപയോഗപ്രദമാക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചതായി വിജ്ഞാനവ്യാപനവിഭാഗം ഡയറക്ടര്‍ ഡോ.പി.വി. ബാലചന്ദ്രന്‍ അറിയിച്ചു.

No comments:

Post a Comment