Wednesday, 13 March 2013

നവജാത നായ്ക്കുട്ടികളുടെ സംരക്ഷണവും പരിപാലനവും




ജനിക്കാന്‍ പോകുന്ന നായ്ക്കുട്ടികളെകുറിച്ച് വളരെ വലിയ പ്രതീക്ഷകളായിരിക്കും ഒരു ഗര്‍ഭിണി നായയെ പരിചരിച്ചു വളര്‍ത്തുന്ന ഉടമസ്ഥന്റെ മനസ്സില്‍. എന്നാല്‍ പലപ്പോഴും പ്രതീക്ഷയ്ക്കു വിപരീതമായി ജനനസമയത്തോ, അതിനുശേഷമോ നായ്ക്കുട്ടികള്‍ ചത്തു പോകാറുണ്ട്. ഇതൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രസവമടുത്ത നായ്ക്കള്‍ക്ക് ശാന്തവും സ്വസ്ഥവുമായ ഒരു പ്രസവസ്ഥലം (Whelping box) ഒരുക്കേണ്ടത് അത്യാവശ്യമാണ്. നവജാതശിശുക്കളെ പാലൂട്ടാനും ജനിച്ചുവീണ കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിന്റെ താപനില നിലനിര്‍ത്താനും ആവശ്യമായ സ്ഥലവും സൗകര്യങ്ങളും അവിടെ ഉണ്ടായിരിക്കണം. പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ ചരിചയമില്ലാത്തവര്‍, അശ്രദ്ധമായും അമിതബലം പ്രയോഗിച്ചും കുഞ്ഞുങ്ങളെ വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പിറന്നുവീണ കുഞ്ഞുങ്ങള്‍ ശ്വാസോച്ഛോസത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നുണ്ടോയെന്ന് നോക്കുക. അവയുടെ മൂക്ക്, ശ്വാസനാളം ഇവ എന്തെങ്കിലും ദ്രാവകമോ മറ്റോ മൂലം അടഞ്ഞിട്ടുണ്ടെങ്കില്‍ മൂക്ക് പിഴിഞ്ഞ് ാൗരീൗ െനീക്കം ചെയ്യേണ്ടതാണ്. ഗുരുതരമായ ശ്വാസതടസമോ, ശബ്ദത്തോടുകൂടി ശ്വസനമോ കണ്ടാല്‍ ശ്വാസനാളത്തില്‍ തടസമുള്ളതുകൊണ്ടാവാം. അതുനീക്കം ചെയ്യാന്‍, തലകീഴായി, മുതുകിനു സപ്പോര്‍ട്ട് കൊടുത്തുകൊണ്ട് രണ്ടു-മൂന്നു തവണ ശ്രദ്ധാപൂര്‍വ്വം കുടഞ്ഞാല്‍ മതിയാകും.

സാധാരണഗതിയില്‍ ജനിച്ച് അധികസമയം കഴിയുന്നതിനു മുമ്പ് തന്നെ അമ്മപട്ടി കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടി കടിച്ചു മുറിക്കാറുണ്ട്. അങ്ങനെ മുറിച്ചില്ലെങ്കില്‍ 1 1/2-2 ഇന്‍ഞ്ച് നീളം വരെ അവശേഷിപ്പിച്ചിട്ട് ബാക്കിയുള്ള പൊക്കിള്‍കൊടിയുടെ ഭാഗം വൃത്തിയുള്ള ഒരു കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റേണ്ടതാണ്. ചിലപ്പോള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ കുറച്ചു രക്തം പൊടിഞ്ഞെന്നും വരാം. അത് കാര്യമാക്കേണ്ടതില്ല. പൊക്കിള്‍കൊടിയുടെ ചുവട്ടിലായി, ശരീരത്തോട് ചേര്‍ന്ന് ഒരു വൃത്തിയുള്ള ചരടുകൊണ്ട് മുറുക്കി കെട്ടേണ്ടതാണ്. ബിറ്റാഡിന്‍/ടിഞ്ചര്‍ അയഡിന്‍ ഇതിലേതെങ്കിലും പൊക്കിള്‍ക്കൊടിയിലും ചുറ്റിലും രണ്ട് മൂന്ന് ദിവസത്തേക്ക് പുരട്ടേണ്ടതുമാണ്. പൊക്കിള്‍കൊടിവഴി പകരുന്ന അണുബാധ തടയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്.

ഒരു നായ്കുട്ടിയുടെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യാവസ്ഥ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാണ് കന്നിപ്പാല്‍ കുടിക്കുക എന്നത്. പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കന്നിപ്പാല്‍ എല്ലാ നായ്ക്കുട്ടികളെയും നിര്‍ബന്ധമായും കുടിപ്പിച്ചിരിക്കണം. രോഗപ്രതിരോധശക്തിക്കാവശ്യമായ ഘടകങ്ങളും വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളും കൊണ്ട് സമ്പന്നമാണ് കന്നിപ്പാല്‍.

കൂട്ടത്തിലെ ചെറിയ പട്ടിക്കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്. അവര്‍ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് പാലു കുടിപ്പിക്കണം. പലതവണ നിര്‍ബന്ധിച്ചിട്ടും ഒരു പട്ടിക്കുട്ടി സ്വയം പാലുകുടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട്. അതിനെ വിശദമായി പരിശോധിക്കേണ്ടതാണ്.

ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നായ്ക്കുട്ടികള്‍ മലവിസര്‍ജ്ജനം (Meconium) നടത്തിയിരിക്കണം. കട്ടിയുള്ള, പശപശപ്പുള്ള ഇരുണ്ട നിറത്തിലുള്ള മലം ആണ് ആദ്യമായി പുറന്തള്ളുക.

ജനിച്ച് ആദ്യ 4 ആഴ്ചത്തേക്ക് മുലപ്പാല്‍ തന്നെയാണ് പ്രധാന ആഹാരം. അനാഥരായതോ, തള്ളയില്‍ നിന്നു വേര്‍പെട്ടതോ ആയ കുഞ്ഞുങ്ങള്‍ക്ക് മില്‍ക് റിപ്ലെയ്‌സര്‍ നല്‍കേണ്ടതാണ്. 4 ആഴ്ചക്ക് ശേഷം ഖരരൂപത്തിലുള്ള ആഹാരം കൊടുത്തു തുടങ്ങാവുന്നതാണ്. അത് ധാരാളം വെള്ളവും പാലും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി കൊടുക്കേണ്ടതാണ്. ദിവസം 5-6 തവണയെങ്കിലും ഭക്ഷണം കൊടുക്കേണ്ടതാണ്. അമിതമായി വയറു നിറയാന്‍ പാടില്ല. 7-8 ആഴ്ചകള്‍ക്കു ശേഷം എല്ലാവിധ ഭക്ഷണ സാധനങ്ങളും കൊടുത്തു ശീലിപ്പിക്കാവുന്നതാണ്.

ആദ്യ രണ്ടാഴ്ചയില്‍ പട്ടിക്കുട്ടികളെ തള്ളയുടെ സമീപത്തുനിന്ന് എടുത്തുമാറ്റുന്നതും അധികമായി ഓമനിക്കുന്നതും നല്ലതല്ല. അതിന്റെ ശരീരതാപനിലയില്‍ വ്യത്യാസം വരാതിരിക്കാനാണ് ഇത്.

ഏകദേശം ഒരു മാസം പ്രായമാകുമ്പോഴേക്കും ഒരു ഡോക്ടറുടെ സഹായത്തോടെ General Check up നടത്തി, വിര മരുന്നുകള്‍ നല്‍കേണ്ടതാണ്. 6 ആഴ്ച പ്രായമായാല്‍ ആദ്യത്തെ പ്രതിരോധകുത്തിവയ്പ് നല്‍കാവുന്നതാണ്. പിന്നീട് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ബൂസ്റ്റര്‍ കുത്തിവയ്പുകളും എടുത്താല്‍ മാത്രമേ രോഗപ്രതിരോധം പൂര്‍ണ്ണമാവൂ.

ജനനസമയത്ത് കുഞ്ഞുങ്ങളുടെ തൂക്കം രേഖപ്പെടുത്തിയാല്‍ വളര്‍ച്ചാനിരക്ക് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ദിനംപ്രതിയെന്നോണം, ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതാണ്. വളര്‍ച്ചാനിരക്കു കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ഇതു സഹായിക്കും.

ജനനസമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ് ജന്മവൈകല്യങ്ങള്‍ ഉണ്ടോയെന്നത്. ചിലര്‍ക്ക് കൈകാലുകള്‍, വാല്‍, തല എന്നിവിടങ്ങളിലൊക്കെ ചില വൈകല്യങ്ങള്‍ കാണാറുണ്ട്. 'കുറുനാക്ക്' ചില നായ്ക്കുട്ടികളില്‍ കാണാറുണ്ട്. ചില നായ്ക്കുട്ടികള്‍ക്ക് ജന്മനാ മലദ്വാരം ഉണ്ടാവില്ല. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുന്നതും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ വൈകല്യങ്ങളുള്ളവയെ തുടക്കത്തിലെ ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്.

രണ്ടു ദിവസം കൊണ്ടുതന്നെ പൊക്കിള്‍കൊടി ഉണങ്ങാന്‍ തുടങ്ങും. അങ്ങനെയല്ലാതെ അവിടെ നീരോ, ചുവപ്പു നിറമോ, വേദനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ആഹാരക്കുറവുമൂലമോ, വയറിളക്കം, ശര്‍ദ്ദില്‍ മുതലായവമൂലമോ, ഉയര്‍ന്ന ചൂടുമൂലമോ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് അത്യന്തം ഗുരുതരമാണ്. വെള്ളമോ, പാലോ കുടിക്കാന്‍ നായ്ക്കുട്ടി കൂട്ടാക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഗ്ലൂക്കോസും മറ്റ് ഇലക്‌ട്രോലൈറ്റും കുത്തിവയ്‌ക്കേണ്ടതാണ്.

അസുഖലക്ഷണങ്ങള്‍ കാണിക്കുന്നതിനെ നേരത്തേ തന്നെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ആരോഗ്യമുള്ള നായ്കുട്ടികള്‍


Ø ഊര്‍ജ്ജസ്വലരായിരിക്കും.
Ø ഉറക്കത്തില്‍ പോലും ഊര്‍ജ്ജസ്വലത കാണാം. പെട്ടെന്ന് ഉണരുകയും ചെയ്യും.
Ø വര്‍ദ്ധിച്ച താല്‍പര്യത്തോടെ തള്ളയുടെ പാല്‍ കുടിക്കും.
Ø നാവ് ഇളം ചുവപ്പുനിറത്തോടും ചെറുചൂടോടെയുമായിരിക്കും.
Ø തൊലിയില്‍ പിടിച്ചു വലിച്ചു വിട്ടാല്‍ ഉടനടി പഴയതുപോലയാകും.
Ø വയര്‍ നിറഞ്ഞിരിക്കും എന്നാല്‍ വായു നിറഞ്ഞതുപൊലെ ആയിരിക്കുകയുമില്ല.

രോഗ ബാധിതരായ നായ്ക്കുട്ടികള്‍

Ø കാഴ്ചയില്‍ ക്ഷീണിതരായിരിക്കും.
Ø തളര്‍ന്നുറങ്ങുന്നവരായിരിക്കും.
Ø പാലുകുടിക്കാന്‍ മടി ഉണ്ടാകും. നിരബന്ധിച്ചാല്‍ മാത്രം അല്‍പം പാലു കുടിക്കും.
Ø നാവിന്റെ ഇളം ചുവപ്പു നിറവും, തിളക്കവും, നഷ്ടപ്പെട്ട് തണുത്തിരിക്കും.
Ø മിക്കസമയവും കരയുകയോ, മൂളുകയോ ചെയ്യും.
Ø തൊലി വലിച്ചുവിട്ടാല്‍ പഴയ സ്ഥിതിയിലാവാന്‍ താമസ്സമെടുക്കും.
Ø വയറിളക്കമോ, ശര്‍ദ്ദിലോ ഉണ്ടാകും.
Ø ശ്വാസം മുട്ടല്‍ ഉള്ളതുപോലെയോ, കുറുകലോ, മൂക്കൊലിപ്പോ ഉണ്ടാവും.
Ø കണ്ണില്‍ നിന്നും മഞ്ഞനിറത്തിലുള്ള സ്രവമോ, വെള്ളമൊലിപ്പോ ഉണ്ടാവും.
Ø ശരീരഭാരം ക്രമമായി വര്‍ദ്ധിക്കുകയുമില്ല.

No comments:

Post a Comment