Wednesday, 13 March 2013

കാളവണ്ടി


കാഴ്ചയായി കാളവണ്ടി; കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക്
Posted on: 19 Mar 2012


ഓമല്ലൂര്‍(പത്തനംതിട്ട): ഓമല്ലൂരിലെ വയലുകള്‍ ആയിരക്കണക്കിന് കാളകളെയും പോത്തുകളെയും കൊണ്ട് നിറഞ്ഞിരുന്ന കാലം വിസ്മൃതിയിലേക്ക്.10 ദിവസത്തോളം രാവും പകലുമില്ലാതെ കന്നുകാലിക്കച്ചവടം നടന്നിരുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിലെ കന്നുകാലിച്ചന്ത ശുഷ്‌കമായിക്കഴിഞ്ഞു. ബുധനാഴ്ച വയല്‍വാണിഭം ആരംഭിച്ചപ്പോള്‍ കിഴക്കേ മുണ്ടകന്‍ ഏലായില്‍ എത്തിയത് പത്തില്‍ താഴെ ഉരുക്കള്‍ മാത്രം. ഉച്ചയ്ക്കുമുമ്പ് കച്ചവടം കഴിഞ്ഞു.

ഏതാണ്ട് 35 വര്‍ഷം മുമ്പുവരെ കന്നുകാലിച്ചന്ത വളരെ സജീവമായിരുന്നുവെന്ന് പഴയകാല കര്‍ഷകരായ വി. കോട്ടയം കുഴിവേലി വിളയില്‍ രാമചന്ദ്രന്‍നായര്‍ (70), പത്തനംതിട്ട മാക്കാംകുന്ന് ബുധനിക്കുന്നില്‍ ബേബി (80) എന്നിവര്‍ പറഞ്ഞു. അന്ന് ഓമല്ലൂരിലെ വിസ്തൃതമായ വയലുകള്‍ മുഴുവന്‍ കന്നുകാലികളെക്കൊണ്ട് നിറയും. തൊടുപുഴ, മീനച്ചില്‍, പാലാ, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് കന്നുകാലികളാണ് വയല്‍ വാണിഭത്തിലെ കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതെന്ന് അവര്‍ ഓര്‍മിക്കുന്നു. നെല്‍കൃഷി കുറഞ്ഞതോടെ കാളയെയും പോത്തിനെയും വളര്‍ത്തുന്നതും നിന്നുവെന്ന് 10 ഏക്കറിലധികം നെല്‍കൃഷി ഉണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

അക്കാലത്ത് 11 ദിവസത്തോളം നീളുന്ന കന്നുകാലിച്ചന്തയില്‍ എത്തുന്ന ഉരുക്കളുടെ ചാണകം ശേഖരിച്ച് കാളവണ്ടിയില്‍ കൃഷിആവശ്യത്തിന് കൊണ്ടുപോയിരുന്നതായി ബേബി പറഞ്ഞു.

എന്നാല്‍ ഈ പ്രതാപകാലം കഴിഞ്ഞു. ഇത്തവണ എത്തിയത് വിരലില്‍ എണ്ണാവുന്ന ഉരുക്കള്‍മാത്രം. വരും വര്‍ഷങ്ങളില്‍ ഇതും അസ്തമിക്കുമെന്ന സങ്കടത്തിലാണ് ഈ കര്‍ഷകര്‍. വര്‍ഷങ്ങളായി കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതിനാല്‍ കൃഷിയും കാളയുമില്ലെങ്കിലും ഇത്തവണയും വയല്‍വാണിഭത്തിന് എത്താതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

കാളവണ്ടിയുഗം കഴിഞ്ഞെങ്കിലും ഇന്നും കാളവണ്ടി കൈവിടാത്ത തിരുവല്ലയിലെ കുടുംബം വെളുത്ത കാളക്കുട്ടന്മാര്‍ വലിച്ച മനോഹരമായ കാളവണ്ടിയുമായി വയല്‍വാണിഭത്തിന് എത്തിയത് കൗതുക കാഴ്ചയായി. തിരുവല്ല തിരുമൂലപുരം കുന്നത്തറ വീട്ടില്‍ കൊച്ചുകുഞ്ഞ്, അനുജന്‍ കുഞ്ഞുമോന്‍, കൊച്ചുകുഞ്ഞിന്റെ മകന്‍ ജേക്കബ് മാമ്മന്‍ മകന്‍ ലിബു എന്നിവരാണ് കാളവണ്ടിയില്‍ എത്തിയത്.

80കാരനായ കൊച്ചുകുഞ്ഞ് ചെറുപ്പത്തിലേ കാളവണ്ടി ഉടമയായിരുന്നു. 15 വര്‍ഷം മുമ്പുവരെ പതിവായി കന്നുകാലിച്ചന്തയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കാളവണ്ടി അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. മൂന്നുമാസം മുമ്പ് കല്ലമ്പലത്തില്‍ നിന്ന് രണ്ട് വെള്ളക്കാളകളെയും വാങ്ങിച്ചു. കാളകളെ വളര്‍ത്തുന്നു എന്നല്ലാതെ പണിക്ക് ഉപയോഗിക്കുന്നില്ല. കാളവണ്ടിയും വീട്ടില്‍തന്നെ സൂക്ഷിക്കുകയാണ്. പതിവായി ചെയ്തിരുന്ന ജോലിയുടെ ഓര്‍മ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. ദിവസം 400 രൂപയില്‍ ഏറെ ചെലവഴിച്ചാണ് കാളകളെ പോറ്റുന്നത്.

No comments:

Post a Comment