Wednesday, 13 March 2013

നാടന്‍ വിത്തിന്റെ കാവലാള്‍





നാടന്‍ നെല്ലിനങ്ങളുടെ കലവറയായിരുന്നു വയനാട്. ചോറിനും പലഹാരത്തിനും ഔഷധത്തിനുമൊക്കെ യോജിച്ച 120-ഓളം നെല്ലിനങ്ങളാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവയില്‍ കുറേയെങ്കിലും ഇന്നും നിലനില്‍ക്കുന്നതിനു കാരണം പരമ്പരാഗതമായി നെല്ല് കൃഷിചെയ്യുന്ന ആദിവാസി ജനസമൂഹങ്ങളാണ്. കുറിച്യസമുദായത്തില്‍പ്പെട്ട ചെറുവയല്‍ രാമന്‍ 35 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു.

നെല്ല്, റാഗി, കന്നുകാലികള്‍ എന്നിവ കുറിച്യരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഭക്ഷണത്തിനും ആചാരത്തിനും നെല്ല് കൂടിയേ തീരൂ. ചെറുവയല്‍ രാമന്‍ മാനന്തവാടി ചെറുവയല്‍ സ്വദേശിയാണ്. തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്ന കുലങ്ങളില്‍പ്പെട്ട തലക്കര കുലത്തിന്റെ അംഗം. പത്താംവയസ്സില്‍ തുടങ്ങിയ കൃഷി, രാമന്‍ ഇന്നും തുടരുന്നു. കൃഷിപ്പണികള്‍ എല്ലാം ഇപ്പോഴും സ്വന്തമായിത്തന്നെയാണ് ചെയ്യുക.

ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. വിലപ്പെട്ട പാരമ്പര്യഗുണങ്ങളുടെ കലവറകളാണ് നാടന്‍ ഇനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചെറുവയല്‍ രാമന്‍ നാടന്‍ നെല്‍വിത്തുകളുടെ കാവലാളായി.

ഇന്ന് ഒന്നരയേക്കര്‍ വയലില്‍ 35 നാടന്‍ ഇനം നെല്ലുകള്‍ രാമന്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. പരമ്പരാഗതമായി നാലിനമാണ് രാമന്‍ കൃഷിചെയ്തിരുന്നത്. കുറേയെണ്ണം ഊരിലെ പ്രായമായവരുടെ പക്കല്‍നിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിക്കുന്നുണ്ട്. ആ വഴിക്കും കുറേ ഇനങ്ങള്‍ കിട്ടി. സമാന മനസ്‌കരായ ചിലര്‍ രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. വീട്ടിലെ ഭക്ഷണാവശ്യത്തിനു തൊണ്ടി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. മറ്റുള്ളവ വിത്താവശ്യത്തിനായി കൃഷിചെയ്യുന്നു. മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

സമ്പൂര്‍ണ ജൈവകൃഷിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. മൂന്നു പശുക്കളുള്ളതിനാല്‍ ആവശ്യത്തിന് ചാണകം കിട്ടും. കൂടാതെ ചാരവും ചവറും ലോഭമില്ലാതെ നെല്ലിനു നല്‍കുന്നു. രാസകൃഷിയല്ലാത്തതിനാല്‍ തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികള്‍ കൃഷിയിടത്തിലെ കീടങ്ങളെ തിന്നൊടുക്കും. കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികള്‍ നാട്ടിവെക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാര്‍ഗങ്ങള്‍. ജൈവവളങ്ങള്‍ കരുത്തുനല്‍കുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടനിനങ്ങള്‍ക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം.

നെല്‍വിത്തിന്റെ സംഭരണത്തില്‍ പരമ്പരാഗതരീതിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വര്‍ഷംവരെ മുളയ്ക്കല്‍ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില്‍ സൂക്ഷിക്കാനാവും.

വിത്തിനായുള്ള കൃഷിയാണ് ഏറെയെന്നതിനാല്‍ പ്രതിവര്‍ഷം 15,000 രൂപയോളം ഈയിനത്തില്‍ രാമന് ചെലവാകുന്നു. ഭക്ഷണാവശ്യത്തിനു വിളയിക്കുന്ന നെല്ല് വീട്ടുകാരെയും അതിഥികളെയും ഊട്ടാനേ തികയുകയുള്ളൂ. ഒരു കൃഷി മാത്രമാണ് വര്‍ഷത്തില്‍ ചെയ്യുക. നെല്‍കൃഷി പോയിട്ടുള്ള മൂന്നേക്കര്‍ ഭൂമിയില്‍ കാപ്പി, കുരുമുളക്, ചേന, ചേമ്പ്, വാഴ എന്നിവ കൃഷിചെയ്ത് രാമന്‍ ഈ നഷ്ടം നികത്താന്‍ ശ്രമിക്കുന്നു. ജൈവ അരിക്കും ജൈവ ഭക്ഷ്യഉത്പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ നെല്‍കൃഷി നിലനില്‍ക്കുമെന്നാണ് രാമന്റെ പ്രതീക്ഷ.

No comments:

Post a Comment