അതിമധുരവുമായി നാടന്‍ വരിക്ക
മലയാളികളുടെ പ്രിയപ്പെട്ട വൃക്ഷങ്ങളിലൊന്നാണ് പ്ലാവ്. ഒരു പ്ലാവെങ്കിലുമില്ലാത്ത തൊടി അപൂര്‍വമായിരുന്നു. കാലത്തിന്റെ മാറ്റത്തില്‍ ഒട്ടേറെ നല്ലയിനം പ്ലാവുകളും നഷ്ടമായിക്കഴിഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ചുവന്ന ചുളയും ചകിണിയുമുള്ള തേന്‍മധുരം നിറഞ്ഞ നാടന്‍ വരിക്കകള്‍ ഇന്നു കാണാനേയില്ല. ചുവന്ന വരിക്കയുടെ പഴങ്ങള്‍ മുറിക്കുമ്പോള്‍ ആസ്വാദ്യമായ സുഗന്ധവുമുണ്ട്. മറഞ്ഞുപോയ നാടന്‍ പ്ലാവിനങ്ങള്‍ ബഡ്ഡിങ്ങിലൂടെ പുനര്‍ജീവനം നല്കി തൊടികളില്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. അപൂര്‍വമായ ചുവന്ന അതിമധുരം വരിക്കപ്ലാവുകള്‍ കണ്ടെത്തി മുകളിലേക്ക് വളരുന്ന ചെറുശാഖകള്‍ മുറിച്ചെടുത്ത്, കൂടകളില്‍ വളരുന്ന ചെറുതൈകളില്‍ മുകുളത്തോടുകൂടിയ തൊലി ഇളക്കി ഒട്ടിച്ച് വളര്‍ത്തിയാണ് തൈകള്‍ തയ്യാറാക്കുന്നത്. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ ഈ ഒട്ടുതൈകള്‍ കൃഷിചെയ്ത് പരിചരണം നല്കിയാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്കിത്തുടങ്ങും. പ്ലാവുകളുടെ മുകള്‍തലപ്പ് മുറിച്ച് പരമാവധി ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ ചക്കകള്‍ നിലത്തുനിന്നുതന്നെ ശേഖരിക്കാനും കഴിയും. ചുവന്ന വരിക്കയുടെ രുചികരമായ ചുളകള്‍ ആസ്വാദ്യമായ ഭക്ഷണത്തിനുപുറമെ ഒട്ടേറെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും ഉപയോഗിക്കാം. അറ്റുപോയ ജൈവവൈവിധ്യത്തിലെ കണ്ണികളായ നാടന്‍വൃക്ഷങ്ങള്‍ തൊടിയില്‍ കൃഷി ചെയ്ത് സംരക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.
No comments:
Post a Comment