Wednesday, 13 March 2013

കുഞ്ഞന്‍ചേന


കുഞ്ഞന്‍ചേനയ്ക്ക് വമ്പന്‍ ഡിമാന്‍ഡ്‌

നാടന്‍ ചന്തകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെയുള്ള വിപണിയില്‍ കുഞ്ഞന്‍ചേനയ്ക്കാണ് ഡിമാന്‍ഡ്. അണുകുടുംബങ്ങളുടെ നാട്ടില്‍ ആനച്ചേനയ്ക്ക് ആവശ്യക്കാര്‍ ഇല്ലെന്നുതന്നെ പറയാം. കുഞ്ഞന്‍ച്ചേന ഉത്പാദിപ്പിക്കുന്നതിനുള്ള എളുപ്പവിദ്യയാണ് മിനിസെറ്റ്. ചേനയുടെ വിളവ് കന്നു പാകുന്നതിനനുസരിച്ച് മാറും.

നടുന്ന ചേനക്കഷ്ണങ്ങളുടെ വലിപ്പവും നടീല്‍ അകലവും കുറച്ച് കുഞ്ഞന്‍ച്ചേന വിജയകരമായി കൃഷിചെയ്യാം. മുള ഇളക്കിമാറ്റി മുകുളഭാഗം ഓരോ കഷ്ണത്തിലും വരുന്നവിധം 100 ഗ്രാം തൂക്കമുള്ള ചേന മുറിച്ചെടുക്കണം. കുമിള്‍ബാധ പ്രതിരോധിക്കാന്‍ ചേനക്കഷ്ണങ്ങള്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി നടുന്നതാണ് നല്ലത്. ഇതിനുപകരം ചാണകവും സ്യൂഡോമോണസും ചേര്‍ത്ത കുഴമ്പില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്തുണക്കി നടാം. നിലം നന്നായി കിളച്ച് കട്ടയുടച്ച് ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴി തയ്യാറാക്കണം. വരികള്‍തമ്മില്‍ രണ്ടടി അകലവും കുഴികള്‍ തമ്മില്‍ ഒന്നരയടി അകലവും നല്‍കി കുഴികളെടുക്കാം. ഇങ്ങനെ നടീല്‍ അകലം കുറയ്ക്കുന്നതിനാല്‍ കുറച്ച് സ്ഥലത്തുനിന്നും കൂടുതല്‍ കുഞ്ഞന്‍ ചേനകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുവെന്നതാണ് മിനി സെറ്റിന്റെ അധിക മേന്മ.

ജൈവരീതിയില്‍ ചേന കൃഷി ചെയ്യുമ്പോള്‍ കുഴിയില്‍ഏറ്റവും അടിയിലായി ചകിരി മലര്‍ത്തി രണ്ടടുക്ക് നിരത്തി മേല്‍മണ്ണിടണം. ഇതിനുമുകളിലായി ട്രൈക്കോഡര്‍മ (50 ഗ്രാം) വളര്‍ത്തിയ ചാണകപ്പൊടി (2.5 കിലോഗ്രാം), വേപ്പിന്‍പിണ്ണാക്ക് (200 ഗ്രാം) മിശ്രിതവും ചേര്‍ത്ത് ചേന കഷ്ണം നടാം. കുറഞ്ഞ പരിചരണത്തോടുപോലും ഏറ്റവുമധികം പ്രതികരിക്കുന്ന കിഴങ്ങുവര്‍ഗ വിളയായ ചേന തെങ്ങിനിടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മിനി സെറ്റ് രീതിയില്‍ ഇടവിളയായി കൃഷിചെയ്യുകയാണെങ്കില്‍ 10 സെന്റില്‍നിന്ന് രണ്ട് ടണ്ണിലധികം കുഞ്ഞന്‍ചേന ഉത്പാദിപ്പിക്കാം.

No comments:

Post a Comment