Wednesday, 13 March 2013

ജൈവകൃഷിക്കൊരു പാഠശാല





വര്‍ക്‌ഷോപ്പ് നിര്‍ത്തി കൃഷിയിലേക്ക് തിരിഞ്ഞ രവീന്ദ്രന്റെ പ്രിയപ്പെട്ട വിളയായ ആഫ്രിക്കന്‍ കാച്ചില്‍ 2011-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തു. 275 കിലോയായിരുന്നു വിളവ്


കാര്‍ഷികമേഖലയില്‍ പരീക്ഷണങ്ങളും സൂക്ഷ്മമായ ആസൂത്രണവുംകൊണ്ട് ഹരിതസമൃദ്ധി ഒരുക്കുകയാണ് തിരുവനന്തപുരം പോങ്ങുമ്മൂട് റെജിഭവനില്‍ രവീന്ദ്രന്‍.

വിവിധയിനം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളുമാണ് പ്രധാന കൃഷി. പച്ചക്കറികളെല്ലാം വീടിന്റെ ടെറസ്സിലും കിഴങ്ങുവര്‍ഗങ്ങള്‍ സ്വന്തമായുള്ള 60 സെന്റ് പുരയിടത്തിലും.

പത്തുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചെങ്കിലും രവീന്ദ്രന്റെ ശ്രദ്ധ കാച്ചില്‍ കൃഷിയിലേക്ക് തിരിയുന്നത് തികച്ചും യാദൃച്ഛികമായാണ്. ഒരു ബന്ധുനല്‍കിയ ഒരു മുറി കാച്ചില്‍ കൃഷിചെയ്തായിരുന്നു തുടക്കം.

ആദ്യ വിളവെടുപ്പില്‍ ലഭിച്ചത് 50 കിലോ. പിന്നീട് ഓരോ വര്‍ഷവും തൂക്കക്കൂടുതലുള്ള കാച്ചില്‍ വിളയിക്കാനായി പരിശ്രമം. പ്രത്യേക പരിചരണം നല്‍കിയപ്പോള്‍ പ്രിയപ്പെട്ട വിളയായ ആഫ്രിക്കന്‍കാച്ചില്‍ 2011-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തു. 275 കിലോഗ്രാമായിരുന്നു വിളവ്. വിവിധ കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ കൃഷി കാണാന്‍ വീട്ടിലേക്ക് സന്ദര്‍ശകരും എത്തിത്തുടങ്ങി.

നിറയെ കായ്ച്ചുനില്‍ക്കുന്ന മുളകും വഴുതനയും പലനിറത്തിലുള്ള വെണ്ടയും കടുംചുവപ്പിലച്ചാര്‍ത്തോടെ ചീരയും തുടങ്ങി പയറും പുതിനയും ഇഞ്ചിയും നെല്ലും വരെ വീടിന്റെ ടെറസ്സില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. ഒരുചുവടില്‍നിന്ന് 15 കിലോ ഇഞ്ചിയാണ് വിളവെടുത്തത്.

ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ചാക്കിലുമാണ് കൃഷി. പ്ലാസ്റ്റിക് ബക്കറ്റും കുപ്പിയും കവറുമെല്ലാം നടീല്‍ മിശ്രിതം നിറച്ച് ഇവിടെ പച്ചക്കറി വളര്‍ത്താന്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ മുന്നൂറിലധികം ചെടികളാണ് ടെറസ്സില്‍ വളര്‍ത്തിയിരിക്കുന്നത്.

പൂര്‍ണമായും ജൈവകൃഷിയാണ് നടത്തുന്നത്. മണ്ണിരക്കമ്പോസ്റ്റ്, വെര്‍മി വാഷ്, ശര്‍ക്കരയും മത്സ്യവും ചേര്‍ത്ത് തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, നാട്ടുഗവ്യം എന്നിവയൊക്കെ സ്വന്തമായി തയ്യാറാക്കി ചെടികള്‍ക്ക് വളമായി നല്‍കുന്നു. വേപ്പെണ്ണ എമള്‍ഷനും സ്യൂഡോമോണാസുമൊക്കെ ഉപയോഗിച്ചാണ് രോഗകീടനിയന്ത്രണം.

കോഴിമുട്ടയും നാരങ്ങാനീരും ഉപയോഗിച്ച് ഉണ്ടാക്കുന്ന മുട്ടമിശ്രിതം ചെടികളുടെ പൂകൊഴിച്ചില്‍ തടയുകയും കായ്പിടിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. വീട്ടാവശ്യത്തിന് കഴിഞ്ഞുള്ള പച്ചക്കറികള്‍ പുറത്ത് വില്‍ക്കുന്നു. ജൈവകൃഷിയായതിനാല്‍ നല്ല ഡിമാന്‍ഡാണ്. മണ്ണിരകളെ ഉപയോഗിച്ച് വീട്ടുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ചെറിയ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.

കൃഷിയറിയാന്‍ വീട് സന്ദര്‍ശിക്കുന്നവര്‍ക്ക് കൃഷി പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുപുറമേ ആവശ്യമായ വിത്തും തൈകളും നല്‍കാറുണ്ട്. ടെറസ്സിന്റെ ഒരുഭാഗത്ത് പടര്‍ന്നുവളരുന്ന നിറയെ കായ്കളുള്ള പര്‍പ്പിള്‍ പാഷന്‍ഫ്രൂട്ടാണ് സന്ദര്‍ശകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. അത്ര സാധാരണമല്ലാത്ത ഈയിനത്തിന്റെ കായ്കളെല്ലാം വിത്തിനായാണ് എടുക്കുന്നത്. ആവശ്യക്കാര്‍ക്ക് തൈകള്‍ വളര്‍ത്തിയും നല്‍കുന്നു.

കാച്ചില്‍ കൃഷിചെയ്യുന്നതിലുമുണ്ട് തനതുരീതി. കുംഭം, മീനം മാസങ്ങളിലാണ് വിത്ത് നടുന്നത്. ഒരു മീറ്റര്‍ ആഴവും ചുറ്റളവുമുള്ള കുഴിയെടുത്ത് ചപ്പുചവറിട്ട് കത്തിക്കുന്നു. അല്പം കുമ്മായം ചേര്‍ത്തശേഷം വശങ്ങളിലുള്ള മണ്ണ് മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്ത് ഇളക്കിയിടുന്നു. കുഴി അരമീറ്റര്‍ നിറഞ്ഞുവരുമ്പോള്‍ ചാണകപ്പൊടി, ചാരം, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ മണ്ണുമായി ചേര്‍ത്ത് ഒരടിയോളം ഉയരത്തില്‍ കൂനകൂട്ടുന്നു. ഇതിന്റെ നടുക്കാണ് കാച്ചില്‍ വിത്ത് നടുന്നത്. തണല്‍ കിട്ടുന്നതിന് കരിയിലകൊണ്ട് മൂടുന്നു. കൂനയ്ക്കുതാഴെ ചെറിയ തടമെടുത്ത് ചീരയും നടുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ജൈവവളം ചേര്‍ത്തുകൊടുക്കും. മഴയില്ലെങ്കില്‍ നനയ്ക്കുകയും ചെയ്യും. 10 മാസമാണ് ആഫ്രിക്കന്‍കാച്ചിലിന്റെ കാലാവധിയെങ്കിലും 11 മാസത്തെ വളര്‍ച്ച നല്ലതാണെന്നാണ് രവീന്ദ്രന്റെ പക്ഷം.

ഒട്ടേറെ അംഗീകാരങ്ങള്‍ രവീന്ദ്രനെത്തേടി എത്തിയിട്ടുണ്ട്. ലിംകാ റെക്കോഡ്‌സിന് പുറമേ 2011-ല്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡും മികച്ച കിഴങ്ങുവര്‍ഗകര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചു.

കാര്‍ഷികമേളകളില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ കാച്ചില്‍ ഇനമായ ശ്രീശുഭ്രയുടെയും പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടിന്റെയും കൃഷി എല്ലായിടത്തും പ്രചരിപ്പിക്കുക എന്നതാണ് ഈ അമ്പത്തിയേഴുകാരന്റെ ലക്ഷ്യം. ഭാര്യ സിന്ധുവും മക്കളായ രജിയും രവിയും കൃഷിയില്‍ നിഴല്‍പോലെ ഒപ്പമുണ്ട്. രവീന്ദ്രന്റെ ഫോണ്‍: 9048282885.

No comments:

Post a Comment