Wednesday, 13 March 2013

കാളവണ്ടി


കാഴ്ചയായി കാളവണ്ടി; കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക്
Posted on: 19 Mar 2012


ഓമല്ലൂര്‍(പത്തനംതിട്ട): ഓമല്ലൂരിലെ വയലുകള്‍ ആയിരക്കണക്കിന് കാളകളെയും പോത്തുകളെയും കൊണ്ട് നിറഞ്ഞിരുന്ന കാലം വിസ്മൃതിയിലേക്ക്.10 ദിവസത്തോളം രാവും പകലുമില്ലാതെ കന്നുകാലിക്കച്ചവടം നടന്നിരുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിലെ കന്നുകാലിച്ചന്ത ശുഷ്‌കമായിക്കഴിഞ്ഞു. ബുധനാഴ്ച വയല്‍വാണിഭം ആരംഭിച്ചപ്പോള്‍ കിഴക്കേ മുണ്ടകന്‍ ഏലായില്‍ എത്തിയത് പത്തില്‍ താഴെ ഉരുക്കള്‍ മാത്രം. ഉച്ചയ്ക്കുമുമ്പ് കച്ചവടം കഴിഞ്ഞു.

ഏതാണ്ട് 35 വര്‍ഷം മുമ്പുവരെ കന്നുകാലിച്ചന്ത വളരെ സജീവമായിരുന്നുവെന്ന് പഴയകാല കര്‍ഷകരായ വി. കോട്ടയം കുഴിവേലി വിളയില്‍ രാമചന്ദ്രന്‍നായര്‍ (70), പത്തനംതിട്ട മാക്കാംകുന്ന് ബുധനിക്കുന്നില്‍ ബേബി (80) എന്നിവര്‍ പറഞ്ഞു. അന്ന് ഓമല്ലൂരിലെ വിസ്തൃതമായ വയലുകള്‍ മുഴുവന്‍ കന്നുകാലികളെക്കൊണ്ട് നിറയും. തൊടുപുഴ, മീനച്ചില്‍, പാലാ, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് കന്നുകാലികളാണ് വയല്‍ വാണിഭത്തിലെ കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതെന്ന് അവര്‍ ഓര്‍മിക്കുന്നു. നെല്‍കൃഷി കുറഞ്ഞതോടെ കാളയെയും പോത്തിനെയും വളര്‍ത്തുന്നതും നിന്നുവെന്ന് 10 ഏക്കറിലധികം നെല്‍കൃഷി ഉണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

അക്കാലത്ത് 11 ദിവസത്തോളം നീളുന്ന കന്നുകാലിച്ചന്തയില്‍ എത്തുന്ന ഉരുക്കളുടെ ചാണകം ശേഖരിച്ച് കാളവണ്ടിയില്‍ കൃഷിആവശ്യത്തിന് കൊണ്ടുപോയിരുന്നതായി ബേബി പറഞ്ഞു.

എന്നാല്‍ ഈ പ്രതാപകാലം കഴിഞ്ഞു. ഇത്തവണ എത്തിയത് വിരലില്‍ എണ്ണാവുന്ന ഉരുക്കള്‍മാത്രം. വരും വര്‍ഷങ്ങളില്‍ ഇതും അസ്തമിക്കുമെന്ന സങ്കടത്തിലാണ് ഈ കര്‍ഷകര്‍. വര്‍ഷങ്ങളായി കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതിനാല്‍ കൃഷിയും കാളയുമില്ലെങ്കിലും ഇത്തവണയും വയല്‍വാണിഭത്തിന് എത്താതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

കാളവണ്ടിയുഗം കഴിഞ്ഞെങ്കിലും ഇന്നും കാളവണ്ടി കൈവിടാത്ത തിരുവല്ലയിലെ കുടുംബം വെളുത്ത കാളക്കുട്ടന്മാര്‍ വലിച്ച മനോഹരമായ കാളവണ്ടിയുമായി വയല്‍വാണിഭത്തിന് എത്തിയത് കൗതുക കാഴ്ചയായി. തിരുവല്ല തിരുമൂലപുരം കുന്നത്തറ വീട്ടില്‍ കൊച്ചുകുഞ്ഞ്, അനുജന്‍ കുഞ്ഞുമോന്‍, കൊച്ചുകുഞ്ഞിന്റെ മകന്‍ ജേക്കബ് മാമ്മന്‍ മകന്‍ ലിബു എന്നിവരാണ് കാളവണ്ടിയില്‍ എത്തിയത്.

80കാരനായ കൊച്ചുകുഞ്ഞ് ചെറുപ്പത്തിലേ കാളവണ്ടി ഉടമയായിരുന്നു. 15 വര്‍ഷം മുമ്പുവരെ പതിവായി കന്നുകാലിച്ചന്തയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കാളവണ്ടി അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. മൂന്നുമാസം മുമ്പ് കല്ലമ്പലത്തില്‍ നിന്ന് രണ്ട് വെള്ളക്കാളകളെയും വാങ്ങിച്ചു. കാളകളെ വളര്‍ത്തുന്നു എന്നല്ലാതെ പണിക്ക് ഉപയോഗിക്കുന്നില്ല. കാളവണ്ടിയും വീട്ടില്‍തന്നെ സൂക്ഷിക്കുകയാണ്. പതിവായി ചെയ്തിരുന്ന ജോലിയുടെ ഓര്‍മ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. ദിവസം 400 രൂപയില്‍ ഏറെ ചെലവഴിച്ചാണ് കാളകളെ പോറ്റുന്നത്.

മുയല്‍ വളര്‍ത്തല്‍


മുയല്‍ വളര്‍ത്തല്‍

ഇന്ത്യയിലെ ജനങ്ങളില്‍ 30%-ത്തോളം പേരും കൊളെസ്റ്ററൊള്‍ അധികരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്ക് യോജിച്ച ധവളമാംസ (White meat) ഉറവിടമാണ് മുയലിറച്ചി. മുയലിറച്ചിയില്‍ കൊളസ്റ്ററോളിന്റെ അളവ് 55 mg /100g ആണ്. മറ്റ് ഇറച്ചിയെ അപേക്ഷിച്ച് തീരെ കുറവാണിത്. കലോറികമൂല്യവും കുറവാണ്. അതിനാല്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണിത്. ഫോസ്ഫറസ്സ് (220 mg), വിറ്റാമിന്‍ b6 (0.5 mg), വിറ്റാമിന്‍ B12 (10 mg) എന്നിവ കൂടിയ അളവില്‍ മുയലിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം.

ഈ വസ്തുത മനസ്സിലാക്കി മുയല്‍ ഫാം തുടങ്ങാന്‍ സാധ്യത ഇന്നുണ്ട്. കൂടിയ വളര്‍ച്ചാ നിരക്ക്, പ്രജനനക്ഷമത, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി എന്നിവ മുയലുകളുടെ മേന്മയാണ്. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന മുയലുകളെ ഇളം പ്രായത്തില്‍ തന്നെ അറവ് പ്രക്രിയയ്ക്ക് വിധേയമാക്കാം.

അടുക്കള അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പച്ചില മുതലായവ നല്‍കി കുറഞ്ഞ അളവില്‍ ധാന്യങ്ങള്‍ മാത്രം ഉപയോഗിച്ചും ഇവയെ വളര്‍ത്താം. ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും മുയലുകളെ വളര്‍ത്താവുന്നതാണ്. കൊളസ്റ്ററോളിന്റെ അളവ് കുറഞ്ഞ, എളുപ്പത്തില്‍ ദഹിക്കാവുന്ന, സ്വാദിഷ്ടമായ മുയലിറച്ചിയില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലാണ്.

സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ് എന്നീ വിദേശ ഇനങ്ങളെയും സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു. മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി ചില സന്നദ്ധ സംഘടനകള്‍ മുയലുകള്‍, മുയല്‍ക്കൂട്, വിപണന സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊണ്ടുള്ള (Integrated rabbit rearing scheme) സംയോജിത മുയല്‍ വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മുയലിറച്ചിക്ക് കയറ്റുമതി സാധ്യതയുണ്ട്. ആഭ്യന്തര ഉത്പാദനം കുറവും വര്‍ദ്ധിച്ച ആവശ്യക്കാരുമുള്ള മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹനമര്‍ഹിക്കുന്ന മേഖലയാണ്. ആലുവ, മുണ്ടയാട്, കുടപ്പനക്കുന്ന് എന്നീ മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മുയല്‍ വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് പരിശീലനം ലഭിക്കും.

മുയലിന്റെ തുകല്‍ സംസ്‌കരിച്ച് വിലയേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം. തുടര്‍ച്ചയായി പ്രജനനത്തിന് വിധേയമാക്കാവുന്ന മുയലിന്റെ ഗര്‍ഭകാലം 30-32 ദിവസ്സം മാത്രമാണ്.

അന്താരാഷ്ട്രതലത്തില്‍ ഇറച്ചിയ്ക്കും തുകലിനും വേണ്ടി 35-ഓളം ഇനം മുയലുകളെ വളര്‍ത്തി വരുന്നു. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ 35-40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷതാപനില താങ്ങാന്‍ കെല്പുള്ളവയാണ്.മുയലുകളെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച കേജുകളിലോ, പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ സിസ്റ്റത്തിലോ വളര്‍ത്താവുന്നതാണ്.

ആടുവളര്‍ത്തലും ഫാമിങ്ങ് രീതികളും



Posted on: 04 Apr 2012


'പാവപ്പെട്ടവന്റെ കറവപ്പശു'വായി അറിയപ്പെടുന്ന ആടുകളെ വളര്‍ത്തുന്നതിന് അനന്തസാധ്യതകളാണിന്നുള്ളത്. ആടുകളെ വ്യാവസായികാടിസ്ഥാനത്തിലും വളര്‍ ത്താന്‍ തുടങ്ങിയിട്ടുണ്ട്. ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണന ഭീഷണി നേരിടാത്തതും ആട്ടിറച്ചിയുടെ വര്‍ദ്ധിച്ച ആവശ്യകതയും ആടുവളര്‍ത്തല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്. എന്നാല്‍, ആട്ടിന്‍പാലിന്റെ സവിശേഷതകള്‍ മനസ്സിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുണ്ട്. ജനിതക എന്‍ജിനീയറിങ്ങ് വഴി ഉരുത്തിരിച്ചെടുത്ത ട്രാന്‍സ്ജനിക് ആടുകളില്‍ നിന്നുള്ള പാല്‍ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു വരുന്നു. കൊഴുപ്പു കണികകളുടെ വലിപ്പം കുറവായതിനാലും, രോഗ പ്രതിരോധ പ്രേരകങ്ങളും അമിനോ അമ്ലങ്ങളും കൂടിയ അളവിലുള്ളതിനാലും ആട്ടിന്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ്.പോഷകമൂല്യത്തില്‍ ആട്ടിറച്ചി മുന്നിട്ടു നില്‍ക്കുന്നു. വന്‍ കയറ്റുമതി സാധ്യതയും ആട്ടിറച്ചിക്കുണ്ട്.

ആടുവളര്‍ത്തലിന്റെ ചെലവില്‍ 75%-ത്തിലധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ആടു ഫാം തുടങ്ങുന്നത് ലാഭകരമായിരിക്കും. സ്വയം തൊഴില്‍, ഉപതൊഴില്‍ മേഖലയായും ആടുകളെ വളര്‍ത്താവുന്നതാണ്.ആടു ഫാം തുടങ്ങാന്‍ ഇന്ന് നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. മുടക്കു മുതലില്‍ നിന്നുള്ള ലാഭം തന്നെയാണ് ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

കേരളത്തിന്റെ തനത് ആടു ജനുസ്സുകളായ മലബാറി, ആട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആടുകളെ വളര്‍ത്താം. ഉത്തരേന്ത്യന്‍ ആടുകളായി ജമുനാപാരിയെയും, മറ്റ് ഇന്ത്യന്‍ ജനുസ്സുകളെയും വളര്‍ത്തുന്നവരുണ്ട്. വിദേശജനുസ്സുകളായ ബോയര്‍, ആല്‍പ്പൈന്‍, സാനന്‍ എന്നിവയെ വളര്‍ത്താന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാല്‍ വിദേശ ഇനങ്ങളെക്കാള്‍ നല്ലത് സങ്കരയിനം ആടുകളാണെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആട് ഫാം തുടങ്ങുമ്പോള്‍ 10 പെണ്ണാടിന് ഒരു മുട്ടനാട് എന്ന തോതില്‍ മതിയാകും. ഒരിക്കലും ഫാം തുടങ്ങുമ്പോള്‍ കൂടുതല്‍ എണ്ണം ആടുകളെ ഒരുമിച്ച് വളര്‍ത്തരുത്. തുടക്കത്തില്‍ 50-100 ആടുകളില്‍ തുടങ്ങാം. ഉദാഹരണമായി 50 ആടുകളുള്ള ഫാം തുടങ്ങുമ്പോള്‍ 25 പ്രസവിച്ച ആടുകളെയും, കുട്ടികളെയും ഉള്‍പ്പെടുത്താം.. വിവധ പ്രായത്തിലുള്ള ആടുകളെ വാങ്ങാന്‍ ശ്രദ്ധിക്കണം. 3 വയസ്സില്‍ താഴെ പ്രായമുള്ള ആടുകളെ വാങ്ങണം. കൂടാതെ ഒരു വര്‍ഷം പ്രായത്തിലുള്ള 21 പെണ്ണാടുകളെയും 4 മുട്ടനാടുകളെയും വളര്‍ത്താം. ആട്ടിന്‍ കുട്ടികളുടെ എണ്ണം 50-ല്‍പ്പെടുത്തുകയില്ല.

യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം, തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള സ്ഥലം എന്നിവ ഫാമുകള്‍ക്ക് അത്യാവശ്യമാണ്. തീറ്റപ്പുല്ല് നല്‍കാതെ സമീകൃത തീറ്റ മാത്രം നല്‍കി ആടുകളെ വളര്‍ത്തുന്നത് ലാഭം കുറയാന്‍ ഇടവരുത്തും. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആടുകള്‍ക്ക് കുറഞ്ഞ ചിലവില്‍ തീറ്റ നിര്‍മ്മിക്കാം.

കൂടു നിര്‍മ്മാണം

കേരളത്തില്‍ ആടുകളെ വളര്‍ത്തുന്നത് പ്രധാനമായും സെമി ഇന്റന്‍സീവ് സിസ്റ്റത്തിലാണ്. പകല്‍ സമയം നിശ്ചിത സമയങ്ങളില്‍ ആടുകളെ മേയാന്‍ വിടുകയും രാത്രികാലങ്ങളില്‍ കൂടുകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ആടുകളെ കൂടുകളില്‍ മാത്രം വളര്‍ത്തിയുള്ള ഇന്റന്‍സീവ് സിസ്റ്റം, പകല്‍ സമയം തെങ്ങിന്‍ തോപ്പുകളിലും, റബ്ബര്‍ തോട്ടങ്ങിലും ഇടവിളയായി തോട്ടപ്പുല്ല് കൃഷി ചെയ്ത സ്ഥലത്ത് മേയാന്‍ വിടുന്ന സംയോജിത കൃഷിരീതി എന്നിവയും ആടുവളര്‍ത്തലില്‍ അനുവര്‍ത്തിക്കാവുന്നതാണ്.

വെള്ളം കെട്ടി നില്‍ക്കാത്തതും തറനിരപ്പില്‍ നിന്നും ഉയര്‍ന്നതുമായ സ്ഥലത്ത് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ആട്ടിന്‍കൂട് നിര്‍മ്മിക്കണം. തണുത്ത കാറ്റടിക്കുന്ന സ്ഥലം ആടുവളര്‍ത്തലിന് യോജിച്ചതല്ല. തറയ്ക്ക് ഭൂനിരപ്പില്‍ നിന്നും ഒരടി ഉയരം വേണം. ആടുകള്‍ക്കു വേണ്ടി തടി, ഈറ്റ, കവുങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കാം. കൂട്ടില്‍ ആടൊന്നിന് 1.8 ചതുരശ്രമീറ്റര്‍ എന്ന തോതിലും മുട്ടനാടിന് 2.5 ചതുരശ്രമീറ്റര്‍ എന്ന തോതിലും സ്ഥലമുണ്ടായിരിക്കണം. മുട്ടനാടുകള്‍, ആട്ടിന്‍കുട്ടികള്‍, ചെനയുള്ള ആടുകള്‍ മുതലായവയ്ക്ക് വെവ്വേറെ കൂടുകള്‍ വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടിയെങ്കിലും താഴ്ന്നിരിക്കണം. മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. കുട്ടിക്ക് യഥേഷ്ടം വായുസഞ്ചാരം വേണം. വശങ്ങളില്‍ കമ്പിവല ഘടിപ്പിക്കാം. ആടുകള്‍ക്ക് യഥേഷ്ടം പച്ചിലകള്‍, വെള്ളം എന്നിവ നല്‍കാനുള്ള സൗകര്യം കൂട്ടില്‍ ഒരുക്കിയിരി ക്കണം.

ആട് ഫാം തുടങ്ങുമ്പോള്‍ ആടുകളെ 8 മാസം പ്രായത്തില്‍ ഇറച്ചിക്കുവേണ്ടി വില്‍പന നടത്തുന്ന രീതിയിലാണ് സംവിധാനം ചെയ്യുന്നത്. ഒരു പ്രസവത്തില്‍ 1-3 കുട്ടികള്‍ വരെ ഉണ്ടാകുമെങ്കിലും ശരാശരി 1.5 കുട്ടികള്‍ എന്നതാണ് കണക്ക്. ആടുകളെ കിലോയ്ക്ക് 150 രൂപയ്ക്ക് വില്‍പന നടത്താം. ആട്ടിന്‍ കാഷ്ഠം, കാലിച്ചാക്ക് എന്നിവ വില്‍പന നടത്തിയും വരുമാനം നേടാം.

ആട്ടിന്‍ കാഷ്ഠം ഉണക്കി 1-2 കി.ഗ്രാം പാക്കറ്റിലാക്കി പച്ചക്കറിയ്ക്കും പൂന്തോട്ടത്തിനുമുള്ള സമ്മിശ്ര വളമായി (Vegetable/garden manure) വില്പന നടത്താം. ഉത്പന്ന വൈവിധ്യകരണത്തിലൂടെ ആടുവളര്‍ത്തലില്‍ നിന്നും മികച്ച ആദായം നേടാം.
ആട് ജനുസ്സുകള്‍ഇന്ത്യയില്‍ വളര്‍ത്തി വരുന്ന 20-ഓളം ഇനം ആടുകളില്‍ 40 ശതമാനത്തോളം രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണുള്ളത്. ജമുനാപാരി, ബീറ്റാല്‍, ബാര്‍ബാറി, ഘരാന, പാഷ്മിന, മലബാറി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

മലബാറി ആടുകള്‍

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, തലശ്ശേരി, വടകര പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ് മലബാറി ആടുകള്‍. ഇവ തലശ്ശേരി ആടുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. കച്ചവടത്തിനെത്തിയ അറബികളുടെ വിദേശയിനം ആടുകള്‍ നാടന്‍ ഇനവുമായി ചേര്‍ന്നാണ് 'മലബാറി' രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. ഇവ പ്രജനനക്ഷമത, പാലുത്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്നു. തൂവെള്ള മുതല്‍ എണ്ണക്കറുപ്പുവരെ പല നിറങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇടത്തരം ആകൃതിയിലുള്ള തല, നീളമുള്ള ചെവി, താടിക്കു ചുറ്റും തൂങ്ങി നില്‍ക്കുന്ന ലോലാക്കുകള്‍ (tussels) എന്നിവ പ്രത്യേകതകളാണ്.

അട്ടപ്പാടി ബ്ലാക്ക്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ ഇനമാണ് അട്ടപ്പാടി ബ്ലാക്ക്. ഇവ കുറിയ ഇനവും കറുപ്പുനിറത്തിലുള്ളവയുമാണ്. മലബാറിയെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കൂടുതലാണ്. പാലുല്പാദനത്തില്‍ പിറകിലാണ്. മലബാറി, അട്ടപ്പാടിബ്ലാക്ക് ആടിനങ്ങളെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വ്വകലാശാലയും, മൃഗസംരംക്ഷണവകുപ്പും നടപ്പിലാക്കി വരുന്നു.നാടന്‍ ഇനം ആടുകള്‍, നാടന്‍ വിദേശ ഇനങ്ങളുമായി ചേര്‍ന്നുള്ള സങ്കരയിനങ്ങള്‍, ജമുനാപാരി എന്നിവയെയും കേരളത്തില്‍ വളര്‍ത്തി വരുന്നു.ഇറച്ചിയ്ക്കു വേണ്ടിയാണ് ആടുകളെ കൂടുതലായും വളര്‍ത്തി വരുന്നത്.

ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍

6 മാസത്തിനുമേല്‍ പ്രായമുള്ള മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കാം. ഇവയ്ക്ക് ശരാശരി 10 കിലോ ശരീരതൂക്കമുണ്ടായിരിക്കണം. ഒരു വയസ്സുള്ള ആട്ടിന്‍കുട്ടിക്ക് 20 കിലോ തൂക്കം വേണം. തള്ളയാടിന്റെ ഉത്പാദനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കണം. ആദ്യ പ്രസവം രണ്ടുവര്‍ഷത്തിനുള്ളിലായിരിക്കണം.

പ്രായത്തിനൊത്ത ശരീരതൂക്കവും, മിനുസ്സമുള്ള രോമങ്ങളും തൊലിയുമുള്ള ആരോഗ്യമുള്ള ആടുകളെ വാങ്ങണം.കറവയാടുകളുടെ അകിട് മൃദുവായിരിക്കണം. വയറിന്റെ അടിവശത്ത് പ്രകടമായ പാല്‍ഞരമ്പുമുണ്ടായിരിക്കണം. നീളമുള്ള ഉടല്‍, വലിയ ഉദരം, ബലിഷ്ഠമായ കാലുകള്‍, തൂങ്ങിനില്‍ക്കുന്ന വാരിയെല്ലുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ മുതലായവ ഉണ്ടായിരിക്കണം.
മുട്ടനാടുകള്‍ കൂടുതല്‍ ശരീരതൂക്കമുള്ളവയും ബലിഷ്ഠമായ കാലുകളുള്ളവയും, പൂര്‍ണ്ണആരോഗ്യത്തിലുള്ളവയുമായിരിക്കണം. പ്രായക്കൂടുതലുള്ള മുട്ടനാടുകളെ വാങ്ങരുത്.

പരിചരണവും തീറ്റക്രമവും

ജനിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളുടെ മൂക്ക് തുടച്ച് വൃത്തിയാക്കണം. പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുറച്ചു സമയം ആട്ടുന്നത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ സഹായിക്കും. അഴുക്കില്ലാത്ത പരുത്തിത്തുണികൊണ്ട് കുട്ടിയുടെ ദേഹം തുടച്ചു വൃത്തിയാക്കി തള്ളയാടിന്റെ മുന്നിലാക്കണം. പ്രസവിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളെ കൊളസ്ട്രം (കന്നിപ്പാല്‍) കുടിപ്പിക്കണം. ആവശ്യത്തിലധികം വരുന്ന കന്നിപ്പാല്‍ കറന്നെടുത്ത് സൂക്ഷിച്ച് പുളിപ്പിച്ച കന്നിപ്പാലായി (Soured colostrum) നല്‍കാവുന്നതാണ്. ജനിച്ച് അരമണിക്കൂറിനകം തന്നെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്ന ആട്ടിന്‍കുട്ടികള്‍ തള്ളയാടിന്റെ മുലക്കാമ്പ് വായ്ക്കകത്താക്കിയാല്‍ തനിയെ പാല്‍ കുടിക്കുവാനുള്ള ശേഷി കൈവരിക്കും.

കേരളത്തില്‍ ആടുവളര്‍ത്തുന്നവരില്‍ പാല്‍ കറന്നെടുക്കുന്നവരും അല്ലാത്തവരുമുണ്ട്. അത്യുത്പാദനശേഷിയുള്ള ആടുകളില്‍ നിന്നും ആട്ടിന്‍കുട്ടിയുടെ ആവശ്യം കഴിച്ച് ബാക്കിയുള്ള പാല്‍ കറന്നെടുക്കാം. ആട്ടിന്‍പാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുമുണ്ട്. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/6 ഭാഗവും 2-ാം മാസം 1/8 ഭാഗവും 3-ാം മാസം 1/10 ഭാഗവും പാല്‍ 2-3 തവണകളായി കുടിക്കാന്‍ കൊടുക്കണം.

രണ്ടാഴ്ച പ്രായത്തില്‍ തന്നെ ആട്ടിന്‍കുട്ടികള്‍ ചെറുതായി പച്ചപ്പുല്ല്, പച്ചിലകള്‍ എന്നിവ തിന്നാന്‍ തുടങ്ങും. ഈ പ്രായത്തില്‍ തന്നെ കുറഞ്ഞ അളവില്‍ സമീകൃത ആട്ടിന്‍തീറ്റ, പിണ്ണാക്ക്, തവിട് മുതലായവ ചെറുതായി വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കിത്തുടങ്ങാം. 20 ശതമാനം ആകെ ദഹ്യമാംസ്യവും 70 ശതമാനം ആകെ ദഹ്യ പോഷകങ്ങളുമടങ്ങിയ തീറ്റയും പച്ചപ്പുല്ലും ആട്ടിന്‍കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ആട്ടിന്‍കുട്ടികള്‍ക്കുള്ള സമീകൃത തീറ്റ നിര്‍മ്മിക്കാം.

1. നിലക്കടല പിണ്ണാക്ക് 12%
2. മുതിര 30%
3. ഗോതമ്പ്/ചോളം/ ഉണക്ക കപ്പ 30%
4. ഉപ്പിടാത്ത ഉണക്ക മത്സ്യം 10%
5. അരിത്തവിട്/ഗോതമ്പു തവിട് 15%
6. ധാതുലവണ മിശ്രിതം 1.5%
7. കറിയുപ്പ് 1.5%
വിറ്റാമിന്‍ മിശ്രിതം അആ2ഉ3 - 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം. എന്ന തോതില്‍ ചേര്‍ക്കാം.

ആട്ടിന്‍കുട്ടികള്‍ക്ക് 3 മാസം പ്രായമെത്തുംവരെ നിര്‍ബന്ധമായും പാല്‍ നല്‍കേണ്ടതാണ്. 2-3 മാസം പ്രായത്തില്‍ ദിവസേന 100-150 ഗ്രാം തീറ്റ, 250 ഗ്രാം പച്ചപ്പുല്ല് എന്നിവ നല്‍കേണ്ടതാണ്. 3-4 മാസത്തില്‍ ഇത് യഥാക്രമം 200-250-ഉം, 500 ഗ്രാമുമാക്കണം. 5-6 മാസത്തില്‍ ദിവസേന 250-300 ഗ്രാം. തീറ്റയും 150 ഗ്രാം പച്ചിലകളും, പച്ചപ്പുല്ലും നല്‍കേണ്ടതാണ്.

കറവയാടുകള്‍ക്ക് ദിവസേന 300 ഗ്രാം. തീറ്റയും 750-1500 ഗ്രാം പച്ചിലകളും നല്‍കണം. ആട് മൂന്ന് മാസത്തിനുമേല്‍ ചെനയുള്ളതാണെങ്കില്‍ 100-200 ഗ്രാം തീറ്റ കൂടുതലായി നല്‍കണം. മുട്ടനാടുകള്‍ക്ക് ദിവസേന 300-500 ഗ്രാം. സമീകൃത ആട്ടിന്‍തീറ്റയും 3-5 കി.ഗ്രാം പച്ചപ്പുല്ലും നല്‍കണം. ആടുകള്‍ക്ക് തീറ്റയില്‍ കടലപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പ് തവിട് മുതലായവയും മുരിക്കില, വാഴയില, പ്ലാവില, പച്ചപ്പുല്ല് തീറ്റപ്പുല്ല് എന്നിവയും നല്‍കാം. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ നല്‍കണം.

ആട്ടിന്‍തീറ്റ നിര്‍മ്മാണരംഗത്ത് നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആടുകള്‍ക്ക് ഗുളിക, പെല്ലറ്റ്, പൊടിരൂപത്തിലുള്ള തീറ്റ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചിലകള്‍/പച്ചപ്പുല്ല് എന്നിവയ്ക്ക് പകരം പരുഷാഹാരങ്ങള്‍ ഗുളിക രൂപത്തില്‍ രൂപപ്പെടുത്തിയെടുത്ത് പച്ചിലകളും പച്ചപ്പുല്ലും നല്‍കാതെ ആടുകള്‍ക്കാവശ്യമായ എല്ലാ പോഷകഘടകങ്ങളുമടങ്ങിയ പ്രത്യേക ആട്ടിന്‍തീറ്റയും വിപണിയില്‍ ലഭ്യമാണ്. പോഷക മേന്മ കൂടുതലുള്ള ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയും വിപണിയിലുണ്ട്.

രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ ആദ്യ വിരമരുന്ന് നല്‍കണം. മാസം തോറും തുടര്‍ച്ചയായി 6 മാസം വരെ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വെറ്ററിനറി സര്‍ജ്ജന്റെ ഉപദേശപ്രകാരം 3 മാസത്തിലൊരിക്കല്‍ ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്‍കാം.

6 മാസം പ്രായത്തില്‍ ആടുകള്‍ക്ക് കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് രോഗത്തിനെതിരായുള്ള പ്രതിരോധകുത്തിവെയ്പ് നല്‍കാം. ടെറ്റ്‌നസ്, ടോക്‌സോയിട് കുത്തിവെയ്പ് 6 മാസത്തിലൊരിക്കല്‍ നല്‍കണം.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളുടെ വരവ് കേരളത്തില്‍ ആടുവസന്തരോഗം കാണപ്പെടാന്‍ ഇടവരുത്തിയിട്ടുണ്ട്. മോര്‍ബില്ലി ഇനം വൈറസ്സുകളാണ് ആടുവസന്തരോഗമുണ്ടാക്കുന്നത്. ഈ രോഗം Peste de pestis Ruminants (PPR) എന്ന പേരിലും അറിയപ്പെടുന്നു. കാലിവസന്ത വൈറസുമായി സാമ്യമുള്ളവയാണ് ഈ വൈറസുകള്‍. ശക്തിയായ പനി, തീറ്റ തിന്നാതിരിക്കള്‍, വായ്ക്കകത്തും, മോണകളിലും വൃണങ്ങള്‍, ശ്വാസ തടസ്സം, ന്യുമോണിയ, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവ പൊതുരോഗലക്ഷണങ്ങളാണ്. രോഗംമൂലം മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ വാക്‌സിന്‍ മൃഗസംരക്ഷമവകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന കഅഒ & ഢആ -യില്‍ നിര്‍മ്മിച്ച് മൃഗാശുപത്രികളില്‍ എത്തിച്ചു വരുന്നു. 6 മാസത്തിനുമേല്‍ പ്രായമുള്ള ആടുകള്‍ക്ക് മൃഗാശുപത്രികള്‍ വഴി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കിവരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആടുകളെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതും രോഗം ബാധിച്ചവയെ മാറ്റ് പാര്‍പ്പിക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. രോഗം മൂലം ചത്ത ആടുകളെ ആഴത്തില്‍ കുഴിച്ചു മൂടി കുമ്മായം വിതരണം. ആട്ടിന്‍ കൂടും പരിസരവും രോഗാണു വിമുക്തമാക്കാന്‍ അണുനാശക ലായനി തളിച്ച് വൃത്തിയാക്കുകയും വേണം.

ആട്ടിന്‍കുട്ടികളില്‍ വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവ അടങ്ങിയ ടോണിക്കുകള്‍ നല്‍കണം. മുട്ടനാടുകളെ 3 മാസം പ്രായത്തില്‍ വന്ധ്യംകരണത്തിന് (കാസ്‌ട്രേഷന്) വിധേയമാക്കുന്നത് വളര്‍ച്ചാനിരക്ക് കൂടാന്‍ സഹായിക്കും.

ശാസ്ത്രീയ പരിചരണം

ആടുവളര്‍ത്തലില്‍ ശാസ്‌ക്രീയ പരിചരണം അത്യന്താപേക്ഷിതമാണ്. ആട്ടിന്‍കുട്ടികള്‍ക്ക്, വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ പാര്‍പ്പിക്കരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്‍കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം. തീറ്റ തണുത്ത കാറ്റടിക്കാതെ അടച്ച മുറിയില്‍ മരപ്പലകയ്ക്കു മുകളില്‍ വയ്ക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളാണ് പൂപ്പല്‍ വിഷബാധയുണ്ടാക്കുന്നത്.

തണുപ്പുകാലത്ത് ഉപാപചയ നിരക്ക് കൂടുതലായതിനാല്‍ തീറ്റ കൂടിയ അളവില്‍ (20%) നല്‍കണം. വേനല്‍ക്കാലത്ത് ഉത്പാദക്ഷമത നിലനിര്‍ത്താനും സ്‌ട്രെസ് ഒഴിവാക്കാനും പ്രത്യേക പരിചരണമുറകള്‍ അവലംബിക്കണം. വിറ്റാമിന്‍ അ -യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്‍കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മീനെണ്ണ ദിവസേന നല്‍കണം. പോഷക ന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍-ധാതുലവണ മിശ്രിതം തീറ്റയില്‍ ചേര്‍ത്തു നല്‍കണം. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.

ഗര്‍ഭിണികളായ ആടുകളെ മുട്ടനാടുകളുടെ കൂടെ വിടരുത്. ആടുഫാമില്‍ ഗര്‍ഭമലസല്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ബാങ്യപരാദബാധ നിയന്ത്രിക്കാന്‍ പ്രത്യേകം പരിഗണന നല്‍കണം.

പ്രസവിച്ച് രണ്ട് മാസത്തിനകം തന്നെ വീണ്ടും പ്രജനന പ്രക്രിയയ്ക്ക് വിധേയമാക്കണം. ഒരിക്കലും ഒരേ തലമുറയില്‍പ്പെട്ട ആടുകളെ തമ്മില്‍ ഇണ ചേര്‍ക്കരുത്. പ്രസവലക്ഷണങ്ങള്‍ പ്രകടമായിട്ടും പ്രസവിക്കാത്ത ആടുകള്‍ക്ക് വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കണം.

ചക്കമാഹാത്മ്യം


ശ്രീലങ്കയിലെ ചക്കമാഹാത്മ്യം

വിട്ടുതൊടിയില്‍ ഇഷ്ടംപോലെ കിട്ടുന്നുണ്ടെങ്കിലും ചക്കയെ തെല്ലും വിലയില്ലാത്ത കേരളീയര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ചിലതു പഠിക്കാനുണ്ട്. പ്രകൃതിയില്‍നിന്നു കിട്ടുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവമെന്ന നിലയില്‍ അവര്‍ ചക്കയെ പലതരത്തില്‍ ഉപയോഗിക്കുന്നു. കറിയായും ചിപ്‌സായും അച്ചാറായും മറ്റും മറ്റും.....

ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ലങ്കയില്‍പോയ രുചി കര്‍ഷകസംഘം വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായാണ് മടങ്ങിയത്. അക്കാര്യങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതയന്വേഷിക്കുകയാണ് അടുത്തപടി. വയനാട്ടിലെ രുചി കര്‍ഷകക്കൂട്ടായ്മയുടെ പ്രതിനിധി സി.ഡി. സുനീഷ്, അഡിഗെപത്രിക പത്രാധിപര്‍ ശ്രീപഡ്രെ, കര്‍ണാടകത്തിലെ കര്‍ഷകനായ ബാലചന്ദ്രഹെഗ്‌ഡെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 22 മുതല്‍ 30 വരെ ശ്രീലങ്കയിലുണ്ടായിരുന്ന ഇവര്‍ കര്‍ഷകരുമായും സാങ്കേതികവിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.

മൂന്നുതരത്തിലാണ് ലങ്കയില്‍ ചക്ക വരുംനാളുകളിലേക്കുവേണ്ടി കരുതിവെക്കുന്നത്. ഉപ്പിലിടുകയാണ് ഒരു രീതി. ജലാംശം പൂര്‍ണമായും ഒഴിവാക്കുന്നവിധത്തില്‍ ഉണക്കിയെടുക്കുകയാണ് മറ്റൊരുവഴി. മൂന്നു നാലുദിവസത്തേക്ക് ചക്കവിഭവങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ സംസ്‌കരിച്ചെടുക്കുന്ന രീതിയുമുണ്ട്.

ദീര്‍ഘകാലം സൂക്ഷിച്ചാലും കേടുവരാത്ത രീതിയില്‍ ടിന്നിലടച്ച കറിയായി സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്നതാണ് പോളോസ് കറി.
ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഈ കറി കയറ്റിയയക്കുന്നുമുണ്ട്. സംസ്‌കരണത്തിനുവേണ്ടി ശരീരത്തിന് ഹാനികരമായ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് പോളോ കറിയെ വ്യത്യസ്തമാക്കുന്നതത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍തന്നെ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയുടെ സാധ്യത തിരിച്ചറിഞ്ഞവരാണ് ശ്രീലങ്കക്കാര്‍. ലങ്കയുടെ ദേശീയനായകനായി വിശേഷിപ്പിക്കപ്പെടുന്ന കോസ്മാമ ചക്കയുടെ പ്രചാരണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

അന്നംതരുന്ന മരം എന്ന അര്‍ഥത്തില്‍ പ്ലാവിനെ അദ്ദേഹം 'റൈസ് ട്രീ' എന്നാണ് വിശേഷിപ്പിച്ചത്. വെട്ടാന്‍ പാടില്ലാത്ത മരങ്ങളുടെ പട്ടികയിലാണ് പ്ലാവിന്റെ സ്ഥാനമെന്നു പറയുമ്പോള്‍ത്തന്നെ ശ്രീലങ്കയില്‍ ചക്കയ്ക്കുള്ള പ്രാധാന്യം വ്യക്തമാണല്ലോ.

ചക്കയില്‍നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളുണ്ടാക്കുന്ന 12 ഫാക്ടറികള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്ക സംസ്‌കരണത്തില്‍ സാങ്കേതികപരിശീലനം നല്‍കുന്ന 14 സ്ഥാപനങ്ങളുമുണ്ട്. ചക്കയുടെ പ്രചാരണത്തിനുവേണ്ടി 'ജാക്ക് ഫൗണ്ടേഷന്‍' എന്ന സര്‍ക്കാറിതര സംഘടനയും സ്ത്രീകൂട്ടായ്മയായ 'സവിസ്ത്രീ'യും റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ്‌വര്‍ക് എന്ന കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നു.

ചക്കയും അതിന്റെ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ കേരളീയരും ലങ്കയുടെ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചുപോവുക സ്വാഭാവികം. സംസ്ഥാന ആസൂത്രണസമിതിയുമായി കൂടിയാലോചന നടത്തി അതിനുവേണ്ടി പദ്ധതിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ ഉറവിന്റെ പ്രവര്‍ത്തകര്‍. 

കുഞ്ഞന്‍ചേന


കുഞ്ഞന്‍ചേനയ്ക്ക് വമ്പന്‍ ഡിമാന്‍ഡ്‌

നാടന്‍ ചന്തകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെയുള്ള വിപണിയില്‍ കുഞ്ഞന്‍ചേനയ്ക്കാണ് ഡിമാന്‍ഡ്. അണുകുടുംബങ്ങളുടെ നാട്ടില്‍ ആനച്ചേനയ്ക്ക് ആവശ്യക്കാര്‍ ഇല്ലെന്നുതന്നെ പറയാം. കുഞ്ഞന്‍ച്ചേന ഉത്പാദിപ്പിക്കുന്നതിനുള്ള എളുപ്പവിദ്യയാണ് മിനിസെറ്റ്. ചേനയുടെ വിളവ് കന്നു പാകുന്നതിനനുസരിച്ച് മാറും.

നടുന്ന ചേനക്കഷ്ണങ്ങളുടെ വലിപ്പവും നടീല്‍ അകലവും കുറച്ച് കുഞ്ഞന്‍ച്ചേന വിജയകരമായി കൃഷിചെയ്യാം. മുള ഇളക്കിമാറ്റി മുകുളഭാഗം ഓരോ കഷ്ണത്തിലും വരുന്നവിധം 100 ഗ്രാം തൂക്കമുള്ള ചേന മുറിച്ചെടുക്കണം. കുമിള്‍ബാധ പ്രതിരോധിക്കാന്‍ ചേനക്കഷ്ണങ്ങള്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി നടുന്നതാണ് നല്ലത്. ഇതിനുപകരം ചാണകവും സ്യൂഡോമോണസും ചേര്‍ത്ത കുഴമ്പില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്തുണക്കി നടാം. നിലം നന്നായി കിളച്ച് കട്ടയുടച്ച് ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴി തയ്യാറാക്കണം. വരികള്‍തമ്മില്‍ രണ്ടടി അകലവും കുഴികള്‍ തമ്മില്‍ ഒന്നരയടി അകലവും നല്‍കി കുഴികളെടുക്കാം. ഇങ്ങനെ നടീല്‍ അകലം കുറയ്ക്കുന്നതിനാല്‍ കുറച്ച് സ്ഥലത്തുനിന്നും കൂടുതല്‍ കുഞ്ഞന്‍ ചേനകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുവെന്നതാണ് മിനി സെറ്റിന്റെ അധിക മേന്മ.

ജൈവരീതിയില്‍ ചേന കൃഷി ചെയ്യുമ്പോള്‍ കുഴിയില്‍ഏറ്റവും അടിയിലായി ചകിരി മലര്‍ത്തി രണ്ടടുക്ക് നിരത്തി മേല്‍മണ്ണിടണം. ഇതിനുമുകളിലായി ട്രൈക്കോഡര്‍മ (50 ഗ്രാം) വളര്‍ത്തിയ ചാണകപ്പൊടി (2.5 കിലോഗ്രാം), വേപ്പിന്‍പിണ്ണാക്ക് (200 ഗ്രാം) മിശ്രിതവും ചേര്‍ത്ത് ചേന കഷ്ണം നടാം. കുറഞ്ഞ പരിചരണത്തോടുപോലും ഏറ്റവുമധികം പ്രതികരിക്കുന്ന കിഴങ്ങുവര്‍ഗ വിളയായ ചേന തെങ്ങിനിടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മിനി സെറ്റ് രീതിയില്‍ ഇടവിളയായി കൃഷിചെയ്യുകയാണെങ്കില്‍ 10 സെന്റില്‍നിന്ന് രണ്ട് ടണ്ണിലധികം കുഞ്ഞന്‍ചേന ഉത്പാദിപ്പിക്കാം.

നാടന്‍ വരിക്ക


അതിമധുരവുമായി നാടന്‍ വരിക്ക


മലയാളികളുടെ പ്രിയപ്പെട്ട വൃക്ഷങ്ങളിലൊന്നാണ് പ്ലാവ്. ഒരു പ്ലാവെങ്കിലുമില്ലാത്ത തൊടി അപൂര്‍വമായിരുന്നു. കാലത്തിന്റെ മാറ്റത്തില്‍ ഒട്ടേറെ നല്ലയിനം പ്ലാവുകളും നഷ്ടമായിക്കഴിഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ചുവന്ന ചുളയും ചകിണിയുമുള്ള തേന്‍മധുരം നിറഞ്ഞ നാടന്‍ വരിക്കകള്‍ ഇന്നു കാണാനേയില്ല. ചുവന്ന വരിക്കയുടെ പഴങ്ങള്‍ മുറിക്കുമ്പോള്‍ ആസ്വാദ്യമായ സുഗന്ധവുമുണ്ട്. മറഞ്ഞുപോയ നാടന്‍ പ്ലാവിനങ്ങള്‍ ബഡ്ഡിങ്ങിലൂടെ പുനര്‍ജീവനം നല്കി തൊടികളില്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. അപൂര്‍വമായ ചുവന്ന അതിമധുരം വരിക്കപ്ലാവുകള്‍ കണ്ടെത്തി മുകളിലേക്ക് വളരുന്ന ചെറുശാഖകള്‍ മുറിച്ചെടുത്ത്, കൂടകളില്‍ വളരുന്ന ചെറുതൈകളില്‍ മുകുളത്തോടുകൂടിയ തൊലി ഇളക്കി ഒട്ടിച്ച് വളര്‍ത്തിയാണ് തൈകള്‍ തയ്യാറാക്കുന്നത്. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ ഈ ഒട്ടുതൈകള്‍ കൃഷിചെയ്ത് പരിചരണം നല്കിയാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്കിത്തുടങ്ങും. പ്ലാവുകളുടെ മുകള്‍തലപ്പ് മുറിച്ച് പരമാവധി ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ ചക്കകള്‍ നിലത്തുനിന്നുതന്നെ ശേഖരിക്കാനും കഴിയും. ചുവന്ന വരിക്കയുടെ രുചികരമായ ചുളകള്‍ ആസ്വാദ്യമായ ഭക്ഷണത്തിനുപുറമെ ഒട്ടേറെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും ഉപയോഗിക്കാം. അറ്റുപോയ ജൈവവൈവിധ്യത്തിലെ കണ്ണികളായ നാടന്‍വൃക്ഷങ്ങള്‍ തൊടിയില്‍ കൃഷി ചെയ്ത് സംരക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.

ജൈവകൃഷിക്കൊരു പാഠശാല





വര്‍ക്‌ഷോപ്പ് നിര്‍ത്തി കൃഷിയിലേക്ക് തിരിഞ്ഞ രവീന്ദ്രന്റെ പ്രിയപ്പെട്ട വിളയായ ആഫ്രിക്കന്‍ കാച്ചില്‍ 2011-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തു. 275 കിലോയായിരുന്നു വിളവ്


കാര്‍ഷികമേഖലയില്‍ പരീക്ഷണങ്ങളും സൂക്ഷ്മമായ ആസൂത്രണവുംകൊണ്ട് ഹരിതസമൃദ്ധി ഒരുക്കുകയാണ് തിരുവനന്തപുരം പോങ്ങുമ്മൂട് റെജിഭവനില്‍ രവീന്ദ്രന്‍.

വിവിധയിനം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളുമാണ് പ്രധാന കൃഷി. പച്ചക്കറികളെല്ലാം വീടിന്റെ ടെറസ്സിലും കിഴങ്ങുവര്‍ഗങ്ങള്‍ സ്വന്തമായുള്ള 60 സെന്റ് പുരയിടത്തിലും.

പത്തുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചെങ്കിലും രവീന്ദ്രന്റെ ശ്രദ്ധ കാച്ചില്‍ കൃഷിയിലേക്ക് തിരിയുന്നത് തികച്ചും യാദൃച്ഛികമായാണ്. ഒരു ബന്ധുനല്‍കിയ ഒരു മുറി കാച്ചില്‍ കൃഷിചെയ്തായിരുന്നു തുടക്കം.

ആദ്യ വിളവെടുപ്പില്‍ ലഭിച്ചത് 50 കിലോ. പിന്നീട് ഓരോ വര്‍ഷവും തൂക്കക്കൂടുതലുള്ള കാച്ചില്‍ വിളയിക്കാനായി പരിശ്രമം. പ്രത്യേക പരിചരണം നല്‍കിയപ്പോള്‍ പ്രിയപ്പെട്ട വിളയായ ആഫ്രിക്കന്‍കാച്ചില്‍ 2011-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തു. 275 കിലോഗ്രാമായിരുന്നു വിളവ്. വിവിധ കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ കൃഷി കാണാന്‍ വീട്ടിലേക്ക് സന്ദര്‍ശകരും എത്തിത്തുടങ്ങി.

നിറയെ കായ്ച്ചുനില്‍ക്കുന്ന മുളകും വഴുതനയും പലനിറത്തിലുള്ള വെണ്ടയും കടുംചുവപ്പിലച്ചാര്‍ത്തോടെ ചീരയും തുടങ്ങി പയറും പുതിനയും ഇഞ്ചിയും നെല്ലും വരെ വീടിന്റെ ടെറസ്സില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. ഒരുചുവടില്‍നിന്ന് 15 കിലോ ഇഞ്ചിയാണ് വിളവെടുത്തത്.

ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ചാക്കിലുമാണ് കൃഷി. പ്ലാസ്റ്റിക് ബക്കറ്റും കുപ്പിയും കവറുമെല്ലാം നടീല്‍ മിശ്രിതം നിറച്ച് ഇവിടെ പച്ചക്കറി വളര്‍ത്താന്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ മുന്നൂറിലധികം ചെടികളാണ് ടെറസ്സില്‍ വളര്‍ത്തിയിരിക്കുന്നത്.

പൂര്‍ണമായും ജൈവകൃഷിയാണ് നടത്തുന്നത്. മണ്ണിരക്കമ്പോസ്റ്റ്, വെര്‍മി വാഷ്, ശര്‍ക്കരയും മത്സ്യവും ചേര്‍ത്ത് തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, നാട്ടുഗവ്യം എന്നിവയൊക്കെ സ്വന്തമായി തയ്യാറാക്കി ചെടികള്‍ക്ക് വളമായി നല്‍കുന്നു. വേപ്പെണ്ണ എമള്‍ഷനും സ്യൂഡോമോണാസുമൊക്കെ ഉപയോഗിച്ചാണ് രോഗകീടനിയന്ത്രണം.

കോഴിമുട്ടയും നാരങ്ങാനീരും ഉപയോഗിച്ച് ഉണ്ടാക്കുന്ന മുട്ടമിശ്രിതം ചെടികളുടെ പൂകൊഴിച്ചില്‍ തടയുകയും കായ്പിടിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. വീട്ടാവശ്യത്തിന് കഴിഞ്ഞുള്ള പച്ചക്കറികള്‍ പുറത്ത് വില്‍ക്കുന്നു. ജൈവകൃഷിയായതിനാല്‍ നല്ല ഡിമാന്‍ഡാണ്. മണ്ണിരകളെ ഉപയോഗിച്ച് വീട്ടുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ചെറിയ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.

കൃഷിയറിയാന്‍ വീട് സന്ദര്‍ശിക്കുന്നവര്‍ക്ക് കൃഷി പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുപുറമേ ആവശ്യമായ വിത്തും തൈകളും നല്‍കാറുണ്ട്. ടെറസ്സിന്റെ ഒരുഭാഗത്ത് പടര്‍ന്നുവളരുന്ന നിറയെ കായ്കളുള്ള പര്‍പ്പിള്‍ പാഷന്‍ഫ്രൂട്ടാണ് സന്ദര്‍ശകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. അത്ര സാധാരണമല്ലാത്ത ഈയിനത്തിന്റെ കായ്കളെല്ലാം വിത്തിനായാണ് എടുക്കുന്നത്. ആവശ്യക്കാര്‍ക്ക് തൈകള്‍ വളര്‍ത്തിയും നല്‍കുന്നു.

കാച്ചില്‍ കൃഷിചെയ്യുന്നതിലുമുണ്ട് തനതുരീതി. കുംഭം, മീനം മാസങ്ങളിലാണ് വിത്ത് നടുന്നത്. ഒരു മീറ്റര്‍ ആഴവും ചുറ്റളവുമുള്ള കുഴിയെടുത്ത് ചപ്പുചവറിട്ട് കത്തിക്കുന്നു. അല്പം കുമ്മായം ചേര്‍ത്തശേഷം വശങ്ങളിലുള്ള മണ്ണ് മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്ത് ഇളക്കിയിടുന്നു. കുഴി അരമീറ്റര്‍ നിറഞ്ഞുവരുമ്പോള്‍ ചാണകപ്പൊടി, ചാരം, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ മണ്ണുമായി ചേര്‍ത്ത് ഒരടിയോളം ഉയരത്തില്‍ കൂനകൂട്ടുന്നു. ഇതിന്റെ നടുക്കാണ് കാച്ചില്‍ വിത്ത് നടുന്നത്. തണല്‍ കിട്ടുന്നതിന് കരിയിലകൊണ്ട് മൂടുന്നു. കൂനയ്ക്കുതാഴെ ചെറിയ തടമെടുത്ത് ചീരയും നടുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ജൈവവളം ചേര്‍ത്തുകൊടുക്കും. മഴയില്ലെങ്കില്‍ നനയ്ക്കുകയും ചെയ്യും. 10 മാസമാണ് ആഫ്രിക്കന്‍കാച്ചിലിന്റെ കാലാവധിയെങ്കിലും 11 മാസത്തെ വളര്‍ച്ച നല്ലതാണെന്നാണ് രവീന്ദ്രന്റെ പക്ഷം.

ഒട്ടേറെ അംഗീകാരങ്ങള്‍ രവീന്ദ്രനെത്തേടി എത്തിയിട്ടുണ്ട്. ലിംകാ റെക്കോഡ്‌സിന് പുറമേ 2011-ല്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡും മികച്ച കിഴങ്ങുവര്‍ഗകര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചു.

കാര്‍ഷികമേളകളില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ കാച്ചില്‍ ഇനമായ ശ്രീശുഭ്രയുടെയും പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടിന്റെയും കൃഷി എല്ലായിടത്തും പ്രചരിപ്പിക്കുക എന്നതാണ് ഈ അമ്പത്തിയേഴുകാരന്റെ ലക്ഷ്യം. ഭാര്യ സിന്ധുവും മക്കളായ രജിയും രവിയും കൃഷിയില്‍ നിഴല്‍പോലെ ഒപ്പമുണ്ട്. രവീന്ദ്രന്റെ ഫോണ്‍: 9048282885.