Sunday, 13 June 2021

ആടുകളെ തിരഞ്ഞെടുക്കുമ്പോൾ

പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍

അവയുടെ പാലിന്റെ അളവ്‌, പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം എന്നിവയാണ്‌ മുഖ്യ ഘടകങ്ങളായി എടുക്കേണ്ടത്‌. ശരീരം നീണ്ടതും (long & deep). ആപ്പിന്റെ ആകൃതിയുള്ളതുമായിരിക്കണം (wedge shaped) നട്ടെല്ലില്‍ നിന്നും അടിവയര്‍വരെ കൂടുതല്‍ നീളമുള്ളതാണ്‌ നല്ലത്‌. ആരോഗ്യവും ഊര്‍ജ്ജസ്വലതയുള്ള ആടുകളെ വേണം തെരഞ്ഞെടുക്കാന്‍. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കണം. കഴുത്ത്‌ നീളമുള്ളതും മെലിഞ്ഞതുമാവണം. വാരിയെല്ലുകള്‍ വികസിച്ചിരിക്കുന്ന ആടുകളെ വേണം തെരഞ്ഞെടുക്കാന്‍ കാലുകള്‍ വളവില്ലാത്തതും കരുത്തുള്ളതുമായിരിക്കണം. ചര്‍മം മൃദുവായതും രോമാവരണം തിളക്കമുള്ളതുമായിരിക്കണം.

അകിട്‌ നീളമുള്ളതും പിന്‍കാലുകള്‍ക്കിടയില്‍ നിന്നും താഴെനിന്നും മുമ്പോട്ടു ചരിഞ്ഞ്‌ നില്‍ക്കുന്ന രീതിയിലുമായിരിക്കണം. രണ്ട്‌ പകുതികളായാണ്‌ അകിടിന്റെ ഘടന. ഇവ സ്‌പോഞ്ചുപോലെ മൃദുത്വമുള്ളവയായിരിക്കണം. കറവക്കു ശേഷം അകിട്‌ നന്നായി ചുരുങ്ങിവരുന്നത്‌ നല്ല ലക്ഷണമാണ്‌ മുലക്കാമ്പുകള്‍ ഒരേ വലുപ്പമുള്ളവയും, മുന്നോട്ടു ചരിഞ്ഞ്‌ ഇരിക്കുന്നവയുമായിരിക്കണം. എന്നാല്‍ പുറത്തേക്ക്‌ നീണ്ടു നില്‍ക്കുന്ന മുലക്കാമ്പുകള്‍ നല്ല ലക്ഷണമല്ല. പാല്‍ ഞരമ്പുകള്‍ വലുതും തെളിഞ്ഞു നില്‍ക്കുന്നവയുമായിരിക്കണം.

കൂടിന്റെ നിര്‍മ്മാണം.

വളരെ ചെലവ്‌ കുറഞ്ഞരീതിയില്‍ ആടിന്റെ കൂട്‌ നിര്‍മ്മിക്കാവുന്നതാണ്‌. പ്രതികൂലമായ കാലാവസ്ഥയില്‍ നിന്നും, ഉപദ്രവകാരികളായ ജീവികളില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം. നല്ല വായൂസഞ്ചാരം ഉണ്ടായിരിക്കേണ്ടതാണ്‌. കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അധ്വാനം ലഘൂകരിക്കത്തക്കരീതിയിലുള്ള നിര്‍മ്മാണമായിരിക്കണം കൂടിന്റേത്‌. തറനിരപ്പില്‍ നിന്നും തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കൂടുകളില്‍ വേണം. ആടുകളെ വളര്‍ത്തുവാന്‍. മൂത്രത്തില്‍ നിന്നും മറ്റുമുണ്ടാകുന്ന ഈര്‍പ്പം ആടുകള്‍ക്ക്‌ ശ്വസനസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനാലാണിത്‌. തൂണുകളുടെ ഉയരം ആറ്‌ അടിയോളം നല്‌കിയാല്‍ കൂടിന്റെ അടിയില്‍ ശേഖരിക്കപ്പെടുന്ന കാഷ്‌ഠവും ഭക്ഷണാവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിന്‌ സഹായകമാകും. ഒരു പെണ്ണാടിന്‌ ശരാശരി 1.5 ച.മീ വിസ്‌തീര്‍ണ്ണം നല്‌കേണ്ടതാണ്‌. ഇത്‌ കൂടാതെ വേണ്ടുവോളം വ്യായാമം നല്‌കുന്നതിന്‌ സൗകര്യമുണ്ടായിരിക്കണം. അഴിച്ചുവിട്ടു വളര്‍ത്തുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ 2.2 ച.മീ വിസ്‌തീര്‍ണ്ണം ഉണ്ടാവണം. ആട്ടിന്‍ കുട്ടികളേയും മുട്ടനാടുകളേയും പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്‌.

കൂടിന്റെ തറയില്‍ കാഷ്‌ഠവും മറ്റും പുറത്തേക്ക്‌ പോകുന്നതിനായി വിടവുകള്‍ ഉണ്ടായിരിക്കേണ്ടതാണ്‌. പന, വേങ്ങ തുടങ്ങിയ തടികള്‍ തറയുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.

ഭക്ഷണ സാധനങ്ങള്‍ നന്നായി പാഴാക്കുന്ന സ്വഭാവക്കാരാണ്‌ ആടുകള്‍. നിലത്തുവീണും ആടുകള്‍ ചവിട്ടിയും മറ്റും മലിനമായ ഭക്ഷ്യവസ്‌തുക്കള്‍ ആടുകള്‍ കഴിക്കുകയില്ല. അതിനാല്‍ അത്തരത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാഴാകാത്ത തരത്തിലായിരിക്കണം പുല്‍ത്തൊട്ടി നിര്‍മ്മിക്കേണ്ടത്‌.

ആടുകളുടെ ഗര്‍ഭകാലം ശരാശരി 5 മാസമാണ്‌. പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്ഥലത്ത്‌ കിടക്കുന്നതിനു സൗകര്യമുണ്ടായിരിക്കേണ്ടതാണ്‌. കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയില്‍ അണുനാശിനി പുരട്ടേണ്ടതാണ്‌. ജനിച്ച്‌ അധികം താമസിക്കാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ കന്നിപ്പാല്‍ കൊടുക്കേണ്ടതാണ്‌.

No comments:

Post a Comment