Saturday, 13 March 2021

കോഴികളിലെ വിരയിളക്കൽ

കോഴികളുടെ ആരോഗ്യത്തിനും ഉല്‍പ്പാദനത്തിനും വിരയിളക്കല്‍ അത്യാവശ്യമാണ്. തുറന്നുവിട്ടു വളര്‍ത്തുന്ന കോഴികളില്‍ മറ്റു കോഴികളേക്കാള്‍ വിരശല്യം കൂടുതലായിരിക്കും.

 വിരശല്യം ഉണ്ടാകാനുള്ള പ്രധാന കാരണം വിരകളുടെ മുട്ട, ലാര്‍വ എന്നിവ കോഴികള്‍ ഭക്ഷിക്കുന്നതിലൂടെയാണ്. മണ്ണിര, ഒച്ച് എന്നിവയെ ഭക്ഷിക്കുന്നതിലൂടെയും കോഴികളില്‍ വിരബാധയ്ക്ക് സാധ്യതയുണ്ട്.

 മുട്ടക്കോഴികള്‍ക്ക് ഏഴാമത്തെയും പതിനഞ്ചാമത്തെയും ആഴ്ചയിലാണ് വിരമരുന്ന് നല്‍കേണ്ടത്. ചിക് സ്റ്റേജ്, ഗ്രോവര്‍ സ്‌റ്റേജ് എന്നിവ തീരും മുമ്പേ എന്നതാണ് ഈ ആഴ്ചകളില്‍ വിരമരുന്ന് നല്‍കുന്നതിന്റെ ഉദ്ദേശം. തുറന്നുവിട്ടു വളര്‍ത്തുന്ന മുട്ടക്കോഴികളില്‍ മൂന്ന് മാസത്തിലൊരിക്കലും മുഴുവന്‍ സമയവും കൂടുകളില്‍ കഴിയുന്ന മുട്ടക്കോഴികള്‍ക്ക് ആറ് മാസത്തിലൊരിക്കലും വിരമരുന്നു നല്‍കുക.

 വിരയിളക്കി കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്ക് ശേഷം കോഴികളെ പുതിയ കൂട്ടിലേക്ക് മാറ്റാം.

 ഇറച്ചിക്കോഴികളെ സംബന്ധിച്ചിടത്തോളം അവയെ കൂടിന് പുറത്തേക്ക് വിടാത്തതു കൊണ്ടും വെറും ആറാഴ്ച കൊണ്ട് വിപണിയിലെത്തിക്കുമെന്നതിനാലും വിരമരുന്ന് നല്‍കേണ്ടതില്ല. അതേസമയം വിരബാധയുണ്ടെന്ന് തോന്നുകയാണെങ്കില്‍ മരുന്ന് നല്‍കി ഒരാഴ്ച കഴിഞ്ഞാല്‍ ഇറച്ചിക്കായി വില്‍ക്കാം.

 വിരബാധ എങ്ങനെ മനസിലാക്കാം?

 അടിക്കടിയുള്ള വയറിളക്കം, മുട്ട കുറയുക, മുട്ടയുടെ വലിപ്പക്കുറവ്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, പൂവിനും ആടയ്ക്കും നീല നിറം തുടങ്ങിയവയാണ് കോഴികളിലെ വിരബാധയുടെ ലക്ഷണങ്ങള്‍. വിരകള്‍ക്കെല്ലാം പൊതുവായി നല്‍കാവുന്ന മരുന്നാണ് ആല്‍ബന്റസോള്‍.

 വൈകുന്നേരം സമയങ്ങളിലാണ് വിരമരുന്ന് നല്‍കാന്‍ ഉചിതം. മരുന്ന് നല്‍കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് കുടിവെള്ളം മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ കോഴികളും ഒരേ സമയം മരുന്ന് കുടിച്ചു തീര്‍ക്കാന്‍ സഹായകമാകും. കൃത്യമായ ഡോസില്‍ തന്നെ മരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം.വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശത്തോടെ ആല്‍ബന്റസോള്‍, ഫെന്‍ബന്‍ഡസോള്‍, ലിവമിസോള്‍, പൈപ്പരാസിന്‍, പ്രാസിക്വിന്റല്‍ എന്നീ മരുന്നുകളാണ് നല്‍കാവുന്നത്.

No comments:

Post a Comment