ഇറച്ചിക്കും മുട്ടയ്ക്കുമായി വളർത്താൻ പറ്റിയ കോഴിയിനങ്ങൾ
കുറച്ചു കോഴികളെ മാത്രം വളര്‍ത്തുന്നവര്‍ക്ക് ഇറച്ചിക്കും മുട്ടയ്ക്കുമായി വളർത്താൻ പറ്റിയ ഇനങ്ങൾ ഉണ്ട്. ഇവയെ `ബാക്ക്യാര്‍ഡ്' (തുറന്നുവിട്ട്) രീതിയിലും പട്ടണത്തിലും മറ്റും വളര്‍ത്താന്‍ അനുയോജ്യമാണ്. ഒരു വയസ്സു പൂര്‍ത്തിയാകുന്നതിനിടയ്ക്ക് ധാരാളം മുട്ട ഇടുന്നതിനാല്‍ അതിനുശേഷം ഇറച്ചിക്ക് ഉപയോഗിക്കുകയും ചെയ്യാം.. നല്ല രീതിയില്‍ പരിപാലിച്ചാല്‍ എല്ലാക്കാലത്തും ഇവയില്‍നിന്നും മുട്ട ലഭിക്കും.
1.റോഡ് ഐലന്റ് റെഡ്,
2.പ്ലിമത്ത് റോക്ക്,
3.ന്യൂഹാം ഷെയര്‍,
4.വിയിന്ഡോട്ട്,
5.ആസ്ട്രലോപ്,
6.ഓര്‍പിങ്ടണ്‍,
7.കോര്‍ണിഷ്,
8.അസീല്‍
തുടങ്ങിയവയാണ് നല്ല ഇറച്ചിക്കും സാമാന്യം മെച്ചമായ രീതിയില്‍ മുട്ട ഇടുന്നതിനും പറ്റിയ ഇനങ്ങള്‍.
1. റോഡ് ഐലന്റ് റെഡ്
ഈ ജനുസ്സില്‍പ്പെട്ട കോഴികള്‍ക്ക് നീളംകൂടി ദീര്‍ഘചതുരാകൃതിയിലുള്ള ഉടലാണുള്ളത്. നിരപ്പായ ഉടലാണുള്ളത്. നെഞ്ച് മുന്നോട്ട് തള്ളിയതുമാണ് (നല്ല മാംസമുള്ളതിന്റെ ലക്ഷണമാണിത്). ഇവ തവിട്ടുനിറമുള്ള തോടോടു കൂടിയ മുട്ടകള്‍ ഇടുന്നു. ഒറ്റപ്പൂവുള്ളതും `റോസ്' പൂവുള്ളതും എന്നിങ്ങനെ രണ്ട് ഇനങ്ങള്‍ ഇവയിലുണ്ട്. ഒറ്റപ്പൂവുള്ളവയ്ക്കാണ് കൂടുതല്‍ പ്രചാരം. കുഞ്ഞുങ്ങള്‍ പ്രതികൂല പരിതഃസ്ഥിതികള്‍ അതിജീവിക്കാന്‍ കെല്പുള്ളവയും പൂവന് നാല് കി.ഗ്രാമും പിടയ്ക്ക് മൂന്ന് കി.ഗ്രാമുമാണ് ഇവയ്ക്കുള്ളത്. ഒരു കാലത്ത് ഇന്ത്യയില്‍ വളരെ പ്രചാരത്തിലിരുന്ന വര്‍ഗമാണിത്.
2.പ്ലിമത്ത് റോക്ക്
വടക്കേ അമേരിക്കയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ജനുസ്സാണിത്. ചാരം കലര്‍ന്ന വെളുപ്പുനിറത്തില്‍ കുറുകെ കറുത്ത വരകള്‍ കലര്‍ന്ന നിറമാണ് ഇവയുടേത്. നല്ല വീതിയും നീളവും മുഴുപ്പുമുള്ള നെഞ്ചും മറ്റൊരു പ്രത്യേകതയാണ്. ഇവയില്‍ത്തന്നെ പല ഇനങ്ങളുണ്ടെങ്കിലും `വൈറ്റ് പ്ലിമത്ത് റോക്കി'ന് അടുത്തകാലത്ത് വളരെ പ്രചാരം ലഭിച്ചിട്ടുണ്ട്. നാടന്‍കോഴികളുടെ വംശോദ്ധാരണത്തിന് ഈ ജനുസ്സില്‍പ്പെട്ട കോഴികള്‍ പറ്റിയതാണ്. പൂവന് നാല് കി.ഗ്രാമും പിടയ്ക്ക് മൂന്ന് കി.ഗ്രാമും തൂക്കം കാണും.
3. ആസ്ട്രേലോപ്
പേര് സൂചിപ്പിക്കുന്നതുപോലെ ബ്ലാക്ക് ഓര്പിങ്ടണില്നിന്നും ആസ്ട്രലിയയില്‍ രൂപംകൊണ്ട വര്‍ഗമാണിത്. മുട്ടയിടുന്ന ജനുസ്സാണെങ്കിലും നല്ല ഇറച്ചി ധാരാളം കിട്ടുന്നതിനാല്‍ ഇവ പൊതു ഉപയോഗത്തിന് അനുയോജ്യമായതാണ്. കേരളത്തെപ്പോലെ മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ ബ്ലാക്ക് യാര്‍ഡ് രീതിയില്‍ വളര്‍ത്താന്‍ പറ്റിയവയാണെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യയില്‍ അടുത്തകാലത്ത് ഇവ വളരെ പ്രചരിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പൂവുള്ള ഇവയുടെ കൊക്കിന് കറുപ്പുനിറവും തൂവലുകള്‍ക്ക് പച്ചകലര്‍ന്ന കറുപ്പുനിറവുമാണ്. പൂവന് 4.5 കി.ഗ്രാമും പിടയ്ക്ക് 3.5 കി.ഗ്രാമും ആണ് തൂക്കം.
വൈറ്റ്ലഗോണ്‍ പിടയും ആസ്ട്രലോപ് പൂവനുമായി ഇണചേര്‍ന്ന് `ആസ്ട്രോവൈറ്റ്' എന്ന ഒരു സങ്കരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. ധാരാളം മുട്ട ഇടുന്ന ഇവയെ വന്‍കിട പൗള്‍ട്രിഫാമുകളില്‍ വളര്‍ത്തുന്നു.
4. കോര്‍ണിഷ്
ഇന്ത്യയിലുള്ള അസീലും മലായ് ഇംഗ്ലിഷ് ഗെയിംകോഴികളും തമ്മില്‍ സങ്കരണം നടത്തി ഇംഗ്ലണ്ടില്‍ ഉരുത്തിരിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്നു. വെളുത്ത തൊലിയുള്ള മറ്റ് ഇംഗ്ലീഷ് കോഴികളില്‍നിന്നും വിഭിന്നമായി കോര്‍ണിഷിന് മഞ്ഞത്തൊലിയാണുള്ളത്. `പീകോമ്പ്' ഉള്ള ഈ ജനുസ്സില്‍പ്പെട്ട കോഴികള്‍ നന്നായി മാംസം വയ്ക്കുന്നവയാണ്. പൂവന് 4.5 കി.ഗ്രാമും പിടയ്ക്ക് 3.5 കി.ഗ്രാമുമാണ് തൂക്കം. ഈ ജനുസ്സിലെ പൂവന്‍കോഴികളെ വ്യാപകമായ സങ്കരണപ്രക്രിയയിലൂടെ ബ്രോയിലര്‍ കോഴികളായി ഉരുത്തിരിച്ചെടുക്കുന്നു.
5.അസീല്‍
കോഴിപ്പോരിന് പ്രസിദ്ധമായ ജനുസ്സാണിത്. റീസ, ടിക്ര എന്നീ പേരുകളിലാണ് മുമ്പ് ഇവ അറിയപ്പെട്ടിരുന്നത്. ഒരു നല്ല അസീല്‍ പൂവന് കൊക്കു മുതല്‍ പാദം വരെ 28 ഇഞ്ച് ഉയരവും നാല് കി.ഗ്രാം ഭാരവും കാണപ്പെടാറുണ്ട്. അങ്കക്കോഴികളായി ഉപയോഗിക്കുന്ന ഇവയുടെ മാംസം നല്ലതാണ്. പോരിന്റെ മൂര്‍ധന്യത്തില്‍ അപകടകരമായ സാഹചര്യത്തില്‍പോലും ഇവ പിന്തിരിയാറില്ല. പൊരുതി മരണമടയുന്നതത്രെ ഇവയുടെ സ്വഭാവം. ഇന്ത്യയില്‍ കോഴിപ്പോര് നിയമവിരുദ്ധമാക്കിയതിനാല്‍ ഇവയുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശരിയായ അസീല്‍ കോഴികള്‍ വളരെ കുറവാണ്. മറ്റു വിദേശക്കോഴികളുമായി ഇണചേര്‍ത്ത് കൂടുതല്‍ സഹനശക്തിയുള്ളതും സ്വാദിഷ്ഠമായ ഇറച്ചിയുള്ളതുമായ കോഴികളെ ഉല്‍പ്പാദിപ്പിക്കാൻ ഇതു യോജിച്ചതാണ്. ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. മുട്ടയുല്‍പ്പാദനം കുറവാണെങ്കിലും അടയിരിക്കുന്ന സ്വഭാവം നന്നായിട്ടുണ്ട്. പൂവന് 4-5 കി.ഗ്രാമും പിടയ്ക്ക് 3-4 കി.ഗ്രാമും തൂക്കമുണ്ടാകും. 196 ദിവസമാകുമ്പോള്‍ പ്രായപൂര്‍ത്തിയെത്തും. വാര്‍ഷിക മുട്ടയുല്‍പ്പാദനം 92 ആണ്. മുട്ടയുടെ തൂക്കം 50 ഗ്രാമുണ്ടാകും. ചെറുതും ബലമേറിയതുമായ കൊക്ക്, വീതിയുള്ള തലയോട്, പീകോമ്പ്, ശൗര്യം പ്രകടിപ്പിക്കുന്ന വളരെ ചെറിയ കണ്ണുകള്‍ തുടങ്ങിയവയാണ് ശാരീരികപ്രത്യേകത.
No comments:
Post a Comment