Wednesday, 13 March 2013

വീട്ടിലെ മഴവില്ല്





വീട്ടിലെ സ്വീകരണമുറിയില്‍ മഴവില്ല് വിരിയുന്നു. വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ആഹ്ലാദം. അലങ്കാരമത്സ്യ കൃഷി ഇപ്പോള്‍ സ്വീകരണമുറിയില്‍ നിന്ന് ഓഫീസ് മുറികളിലേക്കും ചെറുകിട-പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും കുടിയേറി. കണ്ണാടിക്കൂടിനെ മുത്തംവച്ച്, വര്‍ണച്ചിറക് വീശി, ജലകണികകളെ വകഞ്ഞുമാറ്റി പായുന്ന അലങ്കാര മത്സ്യങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമാണ്... അലങ്കാരച്ചെടികള്‍ക്കുള്ളില്‍ മുഖം മറച്ച് ജലനിരപ്പിന് മുകളില്‍ വന്നൊന്ന് എത്തിനോക്കി നീന്തിത്തുടിക്കുന്ന ഈ വര്‍ണമത്സ്യങ്ങള്‍ മനസ്സില്‍ സമ്മാനിക്കുന്നത് ഒരു കുളിര്‍മഴയും...

അതിഥികളെ ആകര്‍ഷിക്കാനും വീടുകള്‍ക്ക് മനോഹാരിത നല്‍കാനുമായിരുന്നു അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നതെങ്കില്‍ ഇന്നതൊരു വിനോദമായി മാറിയിരിക്കുകയാണ്. ഇത് കേരളത്തില്‍ അലങ്കാരമത്സ്യ വളര്‍ത്തല്‍ കൂടുതല്‍ പ്രചാരം നേടുന്നതിന് വഴിയൊരുക്കി.

അലങ്കാര മത്സ്യങ്ങള്‍ക്കായി ആദ്യ കാലഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളെയായിരുന്നു കേരളം ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് ഇവിടെതന്നെ പലയിടത്തും അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന ചെറുതും വലുതുമായ കേന്ദ്രങ്ങള്‍ ഉണ്ട്. ഇതുവഴി കൂടുതല്‍ കര്‍ഷകര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനും കൂടുതല്‍ വരുമാനം നേടുന്നതിനും സഹായകമായിട്ടുണ്ട്.

അധികം പണം മുടക്കില്ലാതെ ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി വരുമാനം നേടാന്‍ കഴിയുന്ന ഒന്നായി മാറായിരിക്കുകയാണ് അലങ്കാരമത്സ്യ കൃഷി. നിരവധി വനിതകള്‍ വീടുകളിലെ അലങ്കാരമത്സ്യ കൃഷിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നടന്നിട്ടുള്ള അക്വാ ഷോകളിലൂടെ ശ്രീലങ്ക, മാലിദ്വീപ് മത്സ്യങ്ങള്‍ കാണികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.

സമുദ്രമത്സ്യ കൃഷിയുമായി'കുഫോസ് '

അലങ്കാരമത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല ഒരുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തീരദേശ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

സര്‍വകലാശാലയുടെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന പദ്ധതിക്കായി ഭൗമശാസ്ത്ര മന്ത്രാലയം ഒരുകോടി രൂപ അനുവദിച്ചുകഴിഞ്ഞു. തീരദേശത്തെ വനിതകള്‍ക്ക് ജോലി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മധുസൂദന കുറുപ്പ് പറഞ്ഞു.കൃഷിക്കാവശ്യമായ പരിശീലനവും സാങ്കേതിക സഹായവും 'കുഫോസ്' നല്‍കും. ശുദ്ധജല മത്സ്യങ്ങളെക്കാള്‍ സമുദ്രജല മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ സാദ്ധ്യത. അതിനാല്‍, ഈ മേഖലയെ മെച്ചപ്പെടുത്തുകയാണ് കുഫോസ്.

'കാവില്‍' - പുതിയ സംരംഭം

അലങ്കാരമത്സ്യ കയറ്റുമതി രംഗത്ത് ആലുവ കടുങ്ങല്ലൂരില്‍ ആരംഭിച്ച പൊതു-സ്വകാര്യ സംരംഭമാണ് 'കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍)'. അലങ്കാരമത്സ്യ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കാവില്‍' പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും കണ്ണൂര്‍ ഇരിട്ടിയിലുള്ള ഫാമുകളില്‍ നിന്നുമാണ് കാവിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഈ കുഞ്ഞുങ്ങളെ കാവില്‍ നേതൃത്വം നല്‍കുന്ന ഹോം സ്റ്റഡുകളില്‍ വളര്‍ത്താന്‍ നല്‍കുകയാണ് ചെയ്യുന്നത്.

വീടുകളില്‍ ഇത്തരത്തില്‍ അലങ്കാരമത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കാവില്‍. അഞ്ഞൂറിലധികം യൂണിറ്റുകള്‍ കാവിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിത്ത് ഉത്പാദിപ്പിക്കുകയും വിത്ത് വാങ്ങി വളര്‍ത്തി നല്‍കുകയും ചെയ്യുന്ന യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. മത്സ്യങ്ങളുടെ ഗുണമേന്മയും പരിശോധനാ കേന്ദ്രവും ആറ് എക്‌സ്‌പോര്‍ട്ട് ഹബ്ബുകളുമാണ് കാവില്‍ ഉള്ളത്.

കയറ്റുമതിക്ക് ആവശ്യമായ അലങ്കാര മത്സ്യങ്ങളെ സംഭരിച്ച്, കണ്ടീഷന്‍ ചെയ്ത് പായ്ക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യവും യൂണിറ്റിലുണ്ട്. കാവില്‍, മത്സ്യകൃഷി ഉത്പാദകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹകരണങ്ങള്‍ നല്‍കി അവരെ ഈരംഗത്ത് പ്രോത്സാഹിപ്പിക്കുകയാണ്.

വിനോദത്തോടൊപ്പം വരുമാനം

പ്രത്യേക സമയം കണ്ടെത്താതെ തന്നെ ചെയ്യാവുന്ന, വീട്ടിലെ അലങ്കാരമത്സ്യ കൃഷി വിനോദത്തോടൊപ്പം നല്ലൊരു വരുമാനവും കൂടിയാണ്. കാഞ്ഞിരമറ്റം സ്വദേശിനി മേരി തോമസ് അലങ്കാരമത്സ്യ കൃഷി ആരംഭിച്ചിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇപ്പോള്‍ മാസം പതിനയ്യായിരം രൂപയ്ക്കുമേല്‍ മേരി തോമസ് വരുമാനം നേടുന്നുണ്ട്. വീട്ടു ജോലികള്‍ കഴിഞ്ഞുള്ള സമയം അലങ്കാരമത്സ്യങ്ങളുടെ പരിചരണത്തിനായി നീക്കിവെയ്ക്കുന്നു. ഫൈബര്‍ ടാങ്കിലും ഒമ്പത് കോണ്‍ക്രീറ്റ് ടാങ്കിലുമായാണ് മേരി തോമസ് അലങ്കാരമത്സ്യങ്ങള്‍ കൃഷി ചെയ്യുന്നത്.

വൈക്കത്ത് നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടായിരുന്നു ഇവര്‍ മത്സ്യ കൃഷി ആരംഭിച്ചത്. പിന്നീട്, ആലുവ കടുങ്ങല്ലൂരിലുള്ള കാവിലിന്റെ സഹകരണത്തോടെ അലങ്കാരമത്സ്യ കൃഷി വിപുലപ്പെടുത്തിയിരിക്കുകയാണ്. ഗൗരാമി, റെഡ് സ്വോര്‍ട്ട് എന്നിവയാണ് മേരി തോമസ് പ്രധാനമായും വളര്‍ത്തുന്നത്. കാവില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനരീതിയില്‍ പരിശീലനം നേടി. ഇപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച്, ആവശ്യക്കാര്‍ക്ക് വളര്‍ത്തി നല്‍കുകയും ചെയ്യുന്നു. കാവിലിന്റെ എട്ട് യൂണിറ്റാണ് മേരി തോമസ് എടുത്തിരിക്കുന്നത്.

അലങ്കാര മത്സ്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ് എടവനക്കാട് സ്വദേശിനി ലീന ജോഷി തന്റെ വീട്ടുമുറ്റം. സിമന്റ് ടാങ്കുകളിലും അക്വേറിയങ്ങളിലുമായി വിപുലമായ രീതിയിലാണ് ലീന മത്സ്യകൃഷി നടത്തുന്നത്. ഗപ്പി, ഗോള്‍ഡ് ഫിഷ്, ഫൈറ്റര്‍, റെഡ് സ്വോര്‍ട്ട്, സക്കര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് ഇവിടെ.

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാവിലും പുറത്ത് മൊത്തവ്യാപാര യൂണിറ്റുകളിലുമായാണ് നല്‍കുന്നതെന്ന് ലീനയുടെ മകന്‍ ജ്യോതിഷ് പറഞ്ഞു. ഫൈറ്ററുകളില്‍ വെള്ള നിറത്തിലുള്ള മില്‍ക്കി ഫൈറ്റര്‍ അലങ്കാരമത്സ്യക്കൂട്ടങ്ങളില്‍ വ്യത്യസ്തനാവുകയാണ്. കാവില്‍ നല്‍കുന്ന സാമ്പത്തിക സഹായവും ലീനയ്ക്ക് ലഭിച്ചിരുന്നു.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ജ്യോതിഷ് അലങ്കാരമത്സ്യ കൃഷിയില്‍ പ്രയോജനപ്പെടുത്തുകയാണ്. ഫൈറ്റര്‍ വിഭാഗത്തില്‍ പെട്ട മത്സ്യങ്ങള്‍ അക്രമകാരികളായതിനാല്‍ ഓരോ മത്സ്യത്തെയും മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇവയെ പ്ലാസ്റ്റിക് കുപ്പികളുടെ മുകള്‍ഭാഗം വെട്ടിമാറ്റി തയ്യാറാക്കുന്ന കുപ്പികളിലാണ് ജ്യോതിഷ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി ചെറായി ബീച്ചില്‍ നിന്നും മറ്റും ജ്യോതിഷ് ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ചെടുത്ത് ഉപയോഗപ്പെടുത്തുകയാണ്.

കരിമീന്‍ വസന്തം



കരിമീന്‍ ഗ്രാമം

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാന മത്സ്യമായ കരിമീനുകള്‍ക്ക് ഇനി നല്ല നാളുകളാണ്. കരിമീന്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥയൊരുക്കി ഒരു 'കരിമീന്‍ഗ്രാമം'തന്നെ ഒരുക്കുവാനുള്ള ശ്രമത്തിലാണ് ഫിഷറീസ് സര്‍വകലാശാല. ഇതിനായി കുമ്പളത്ത് രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കരിമീന്‍കൃഷി വിപുലപ്പെടുത്താനാണ് യൂണിവേഴ്‌സിറ്റി പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും മൂലം കരിമീനുകള്‍ വംശനാശഭീഷണി നേരിടുന്നു. പത്തുവര്‍ഷം മുന്‍പ് 1500 ടണ്‍ കരിമീന്‍ ലഭിച്ചിടത്ത് ഇപ്പോള്‍ 250 ടണ്ണായി കുറഞ്ഞു. ഉത്പാദനശേഷിക്കൂടുതലുള്ള കരിമീനുകളുടെ കുഞ്ഞുങ്ങളെ ലഭിക്കാനില്ല എന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു കാരണമാണ്. കൂടാതെ ജലാശയങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍, ആഴത്തില്‍ കുഴികുത്തി മുട്ടയിടുന്ന കരിമീനുകള്‍ക്ക് അതിനുള്ള സാഹചര്യം ലഭിക്കാതെ വരുന്നു.

വിത്തുകള്‍ക്കായി വീടുകളില്‍ തന്നെ കുറഞ്ഞ മുതല്‍മുടക്കില്‍ ഹാച്ചറികള്‍ നിര്‍മ്മിക്കുവാനും കൂടാതെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്‌റ്റേഷനില്‍ നിന്നും കരിമീന്‍കുഞ്ഞുങ്ങളെ നേരിട്ട് ശേഖരിച്ച് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുവാനും പദ്ധതിയുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. പദ്ധതി നടത്തിപ്പിനായി അധ്യാപകരും കുട്ടികളും ഒരു പോലെ പങ്കാളികളാണ്. വിദ്യാര്‍ഥികളാണ് കരിമീനുകള്‍ക്ക് വളരുവന്‍ അനുയോജ്യമായ കുളം, ജലം, മണ്ണ് എന്നിവ കണ്ടെത്തുകയും കുളം വൃത്തിയാക്കുകയും ചെയ്യുന്നത്. കുമ്പളം ഗ്രാമത്തെ കരിമീന്‍ സമ്പന്നതയില്‍ എത്തിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തെ കരിമീനുകളുടെ സംരക്ഷണത്തിനായുള്ള ജനകീയപദ്ധതിയ്ക്കാണ് സര്‍വകലാശാല ചുക്കാന്‍ പിടിക്കുവാന്‍ പോകുന്നത്.

കരിമീന്‍ കഴിഞ്ഞാല്‍ തിരുതയ്ക്കും പൂമീനും(കാളാഞ്ചി)കൂട് കൃഷിയിലൂടെ നിലനിര്‍ത്തുവാനുള്ള ശ്രമമാണ്. നബാര്‍ഡിന്റെ സഹായത്തോടെതന്നെയാണ് ഇവ നടപ്പാക്കുന്നത്. കൂട് കൃഷിയിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും അതുവഴി ഗ്രാമീണ വികസനം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.

ഗവേഷണമേഖലയിലെ വിജയത്തിളക്കം
സര്‍വകലാശാലയില്‍ തുടക്കമിട്ടിരിക്കുന്ന പുത്തന്‍ ഗവേഷണങ്ങളെല്ലാം കര്‍ഷകരെ സഹായിക്കുന്ന തരത്തിലുള്ളതാണ്. മത്സ്യങ്ങളെ ബാധിക്കുന്ന രോഗത്തിനും മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതുമുള്‍പ്പെടെയുള്ള ഗവേഷണപദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നത്.

മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍വകലാശാല ഓരോ ഗവേഷണപ്രവര്‍ത്തനവും നടത്തുന്നത്. കര്‍ഷകരിലെ നാട്ടറിവും പരമ്പാരാഗത വിജ്ഞാനവുമെല്ലാം മത്സ്യമേഖലയില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി അധ്യാപകരും പ്രൊഫസര്‍മാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഒരു ഫോറം രൂപവത്കരിച്ചുകഴിഞ്ഞു. സമൂഹിക പ്രതിബദ്ധത മുന്നില്‍ കണ്ടുകൊണ്ടാണ് ഫോറം രൂപവത്കരിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ചാകര എന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതിന്റെയും ഗവേഷണത്തിലാണ് ഓഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി.

അന്തരാഷ്ട്രബന്ധം സേവനത്തിന് കരുത്ത്

അന്താരാഷ്ട്ര രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തന്റെ സേവനരംഗത്ത് എന്നും കരുത്തേകുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുമായി 22 സര്‍വകലാശാലകളുമായി നല്ല ബന്ധമാണ് ഉള്ളത്. അതില്‍ എടുത്ത് പറയേണ്ട സര്‍വകലാശാലകളില്‍ ഒന്നാണ് നെതര്‍ലന്‍ഡിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി.

വിദേശ സര്‍കലാശാലകളുമായുള്ള ബന്ധത്തില്‍ എടുത്ത് പറയേണ്ടതില്‍ മറ്റൊന്ന് യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതിയില്‍ അംഗമാകുവാന്‍ കഴിഞ്ഞുവെന്നതാണ്. മത്സ്യവും മത്സ്യകര്‍ഷകരുമായി ബന്ധപ്പെട്ട യൂറോപ്പിലെ 27 സ്ഥാപനങ്ങള്‍ അടങ്ങിയതായിരുന്നു പദ്ധതി. അവിടുള്ള പദ്ധതികള്‍ കണ്ടറിയുന്നതിനും അവസരം ലഭിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു. സര്‍വകലാശാലയുമായുള്ള ഒരന്താരാഷ്ട്രബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കാനഡയിലെ മെമോയിര്‍ സര്‍വകലാശാലയില്‍ നിന്നും ആറംഗസംഘം എത്തിയത്. സംഘവുമായി മൂന്ന് മണിക്കൂര്‍ നീളുന്ന ഒരു സംവാദമായിരുന്നു നടന്നിരുന്നത്. ഫിഷറീസ് സര്‍വകലാശാലയിലെയും മെമോയിര്‍ സര്‍വകലാശാലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരുപോലെയാണ്. ഇരുസര്‍വകലാശാലകളിലെയും ഫാക്കല്‍റ്റിയും ഗവേഷണവും കൈമാറ്റം ചെയ്യുന്നതിനും വഴിയൊരുക്കിയതായി ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു.അന്താരാഷ്ട്രതലത്തില്‍ അംഗീകാരവും, ഗവേഷണവും നേടുവാന്‍ ഇതിലൂടെ സര്‍വകലാശാലയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നപദ്ധതി: 2020 @ 10 സ്‌കൂള്‍


2020-ല്‍ പുതിയതായി പത്ത് സ്‌കൂളുകള്‍ ആരംഭിക്കുന്ന ഒരു മാസ്റ്റര്‍ പ്ലാനിനാണ് സര്‍വകലാശാല പദ്ധതിയിട്ടിരിക്കുന്നത്. സ്‌കളുകള്‍ക്ക് കീഴില്‍ 30 വിഭാഗവും ഓരോ വിഭാഗത്തിന് കീഴില്‍ നാലോ അഞ്ചോ കോഴ്‌സും ആരംഭിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി റിസര്‍ച്ച് സെന്ററുകള്‍ ആരംഭിക്കുന്നതിനും സര്‍വകലാശാല പദ്ധതിയിട്ടിരിക്കുകയാണ്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യകൃഷിയെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഗവേഷണകേന്ദ്രങ്ങളിലൂടെ സര്‍വകലാശാല ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുകോടി രൂപയുടെ ഒരു പ്രജനനകേന്ദ്രത്തിനാണ് സര്‍വകലാശാല പദ്ധതിയിട്ടിരിക്കുന്നത്. മത്സ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ ആവാസവ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രജനനകേന്ദ്രം തയ്യാറാക്കുന്നത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കാതെ ഇവിടം പൂര്‍ണമായും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കും. നബാര്‍ഡിന്റെ സഹായത്താലായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോവുക. ഇതോടെ കേരളത്തിന്റെ നഷ്ടപ്പെട്ട മത്സ്യസമ്പത്ത് വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.

ചെമ്മീനിന്റെ രക്ഷയ്ക്ക്

ചെമ്മീനുകളില്‍ കണ്ടുവരുന്ന വൈറ്റ് സ്‌പോട്ട് അഥവാ വെള്ളപ്പാണ്ട് രോഗം നിര്‍ണയിക്കുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുമായ കണ്ടെത്തലുകള്‍ സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ചുകഴിഞ്ഞു. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും കര്‍ഷകര്‍ക്ക് വെല്ലുവിളിനേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഗവേഷണപദ്ധതിയുമായി മുന്നോട്ട് പോകുന്നത്. രോഗത്തിനുള്ള പ്രതിവിധിയും സര്‍വകലാശാല കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ്.

ശാസ്ത്രീയമായി ചെലവുകുറഞ്ഞ രീതിയില്‍ മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം നിര്‍മ്മിക്കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമിട്ടിരിക്കുന്ന മറ്റൊരു പദ്ധതി. ഇത്തരത്തില്‍ ഭക്ഷണം നിര്‍മ്മിച്ച് കര്‍ഷകരില്‍ എത്തിക്കുകയാണ് സര്‍വകലാശാല. സമുദ്രത്തില്‍ കാണപ്പെടുന്ന ജീവജാലങ്ങളെ ഉപയോഗിച്ച് അര്‍ബുദം, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നുകളുടെ നിര്‍മ്മാണവും സര്‍വകലാശാലയുടെ ഗവേഷണസംഘം നടത്തിവരികയാണ്. ഇതിനുവേണ്ടിയുള്ള ചെറുജീവജാലങ്ങളെ കണ്ടെത്തി മരുന്നിനുവേണ്ടിയുള്ള വസ്തുക്കള്‍ വേര്‍തിരിച്ചെടുത്തുകൊണ്ടുള്ള ഗവേഷണമാണ് നടന്നുവരുന്നത്.

തടാകത്തില്‍ മിഴികള്‍ തുറക്കുന്ന താമരമൊട്ടുകളുണ്ടെങ്കില്‍ വൈസ് ചാന്‍സലറുടെ മുറിയിലെ ഭിത്തി അലങ്കരിക്കാന്‍ കരിമീന്റെ ചിത്രമുണ്ട്.കരിമീന്‍ സംസ്ഥാന മത്സ്യമാണ്. കൊയ്ത്തുപാട്ടിന്റെ ആരവം ഉണര്‍ത്തി കരിമീനിനു ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നല്‍കാനുള്ള പ്രതീക്ഷാ നിര്‍ഭരമായ ദൗത്യത്തിലാണ് കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി. മത്സ്യകൃഷിയില്‍ ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന മുന്നേറ്റത്തിന് ക്ലാസ് മുറിക്കുള്ളിലും പുറത്തുമുള്ള സംരംഭങ്ങളെ കൂട്ടിയിണക്കുകയാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനകുറുപ്പ്. ഒരു ജനകീയ പ്രസ്ഥാനമാണ് അദ്ദേഹത്തിന്റെ ചലനാത്മകമായ കാഴ്ചപ്പാട്. കൊയ്ത്തുപാട്ടും തിരമാലകളുടെ സംഗീതവും നാട്ടറിവും പരീക്ഷണശാലയിലെ സംരംഭങ്ങളും സമന്വയിപ്പിക്കുന്നു.

കേരളത്തിന്റെ മത്സ്യ പഠന-ഗവേഷണ മേഖലകളില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) കൊച്ചി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പനങ്ങാട്ട് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ അഞ്ചാമത്തെയും യൂണിവേഴ്‌സിറ്റിയാണ്. 2011 ഏപ്രില്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങിയത്. മത്സ്യകൃഷിയിലൂടെ സാമൂഹികമാറ്റങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ മഹത്തായ ശ്രമങ്ങള്‍ നടക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ കരകയറ്റാനും പദ്ധതിയുണ്ട്. പല ഭൂഖണ്ഡങ്ങളിലെയും മത്സ്യബന്ധന-മത്സ്യകൃഷിയെക്കുറിച്ച് നേരിട്ട് ആഭിമുഖ്യമുള്ള വൈസ് ചാന്‍സലര്‍ മധുസൂദനകുറുപ്പ് ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരുടെയും പ്രിയപ്പെട്ട ശിഷ്യനാണ്.

'നെതര്‍ലന്റിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഓരോ മണ്‍തരികളും തനിക്കെന്നും പ്രചോദനമാണ്. പോസ്റ്റ് ഡോക്ടറേറ്റ് അവിടെ നിന്നായിരുന്നു. അധ്യാപകനായ ഡോ. മാക് വെര്‍ദവുമായി അത്യപൂര്‍വമായ ആത്മബന്ധമാണ്'-അഭിമാനത്തിന്റെ വാക്കുകളില്‍ വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരെയും ആകര്‍ഷിക്കുന്ന സ്വതന്ത്രമായ അന്തരീക്ഷം ദൃശ്യമാണ്. പുറത്ത് പൊള്ളുന്ന വെയിലില്‍ ആശ്വാസം പകരുന്ന ഹരിതഭംഗി. റോഡ് മുറിച്ചുകടന്നാല്‍ മത്സ്യം വളര്‍ത്തുന്ന തടാകങ്ങള്‍ അതാണ് വിദ്യാര്‍ഥികളുടെ പരീക്ഷണശാല. പുല്ലിന്റെ നടപ്പാതകള്‍ പിന്നിട്ട് തടാകക്കരയില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരില്‍ ഒരാള്‍ വലവീശുന്നത് നേരില്‍ കാണാന്‍ വൈസ് ചാന്‍സലര്‍ എത്തുക പതിവാണ്. ചുറ്റും കൂടിയ ജീവനക്കാരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു. വിദ്യാര്‍ഥികളായ അഷ്‌ലിയും (മണിപ്പൂര്‍) ബ്രിട്ടയും(ദേവികുളം) വൈസ് ചാന്‍സലറെ വെയിലത്ത് അനുഗമിച്ചു.പരിശീലനത്തിനിടയില്‍ ആറ് മാസം വിദ്യാര്‍ഥികള്‍ക്ക് 8000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്.

ഫിഷറീസ് ഫാക്കല്‍റ്റിയുടെ കീഴില്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോടെക്‌നോളജി, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അക്വാട്ടിക് ഫുഡ് പ്രൊഡക്ട്‌സ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ എന്‍ജിനിയറിംഗ് ആന്‍ഡ് അണ്ടര്‍ വാട്ടര്‍ ടെക്‌നോളജി , സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് എന്നിവയാണ് സര്‍വകലാശാലയിലെ സ്‌കൂളുകള്‍.

കൂടാതെ അഞ്ച് പുതിയകോഴ്‌സുകള്‍ നവംബര്‍ 30ന് തുടങ്ങി. ജൈവവൈവിധ്യത്തെ കൂടുതല്‍ അടുത്തറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും, പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതിനും ഉതകുന്ന തരത്തിലുള്ള കോഴ്‌സുകളാണ് അവ.

ഫിസിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ഓഷ്യന്‍ മോഡലിംഗിലും ബയോളജിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ബയോ ഡൈവേഴിസിറ്റിയിലും എം.എസ്‌സി. കോഴ്‌സുകള്‍, ഫിഷറീസ് മാനേജ്‌മെന്റിലും ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യുമന്‍ റിസോര്‍ഴ്‌സ്, റൂറല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലും ഒരുമിച്ച് സ്‌പെഷ്യലൈസേഷന്‍ നല്‍കുന്ന എം.ബി.എ കോഴ്‌സ്, ഫിഷറീസ് ഇക്കണോമിക്‌സിലും ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജിയിലും എം.എഫ്.എസ്സ്‌സി. കോഴ്‌സുകളുമാണ് പുതുതായി സര്‍വകലാശാലയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ക്ഷീരസന്നി രോഗം പശുക്കളില്‍

സ്ഥിരമായി കാത്സ്യം ടോണിക്കുകള്‍ നല്‍കിയിട്ടും പശുക്കളില്‍ പ്രസവാനന്തരം ക്ഷീരസന്നി രോഗം കണ്ടുവരാന്‍ കാരണമെന്ത്?
പശുക്കളിലെ കാത്സ്യത്തിന്റെയും, ഫോസ്ഫറസിന്റെയും വിറ്റാമിന്‍ ഡി-3യുടെയും വര്‍ധിച്ച ആവശ്യകത നികത്താനാണ് ഇവ അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ത്തു നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്. വിവിധയിനം കാലിത്തീറ്റകള്‍ ഗുണമേന്മയുടെ കാര്യത്തില്‍ വ്യത്യസ്ത നിലവാരം പുലര്‍ത്തുന്നതും ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

പതിവായി കാത്സ്യം, ഫോസ്ഫറസ് അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ പ്രസവത്തിന് മൂന്നാഴ്ച മുമ്പ് ഇവ നല്‍കുന്നത് നിര്‍ത്തണം. ഈ കാലയളവില്‍ 500 ഗ്രാം വീതം കാലിത്തീറ്റയും ആവശ്യത്തിന് പച്ചപ്പുല്ലും അധികമായി നല്‍കണം. (അഞ്ച് കി.ഗ്രാം പച്ചപ്പുല്ല്). 

ഇന്ന് വിപണിയില്‍ ദ്രവരൂപത്തിലുള്ള കാത്സ്യം ടോണിക്കുകള്‍ ജെല്‍ രൂപത്തിലും ചിലേറ്റഡ് സാങ്കേതിക വിദ്യയിലും ലഭ്യമാണ്. ഇവ പ്രസവത്തിന് മൂന്നാഴ്ച മുമ്പുവരെ കുറഞ്ഞ അളവില്‍ നല്‍കിയാല്‍ മതിയാകും. ഇവയില്‍ സാന്ദ്രത കൂടുതലുള്ളതിനാല്‍ കുറഞ്ഞ അളവില്‍ നല്‍കിയാല്‍ മതി.

അല്‌പം ചേനക്കാര്യം





കുംഭമാസമായി ചേന നടാം. കുംഭ ചേന കുടത്തോളം എന്നാണ് പ്രമാണം. കേരളത്തിലെ വീട്ടുവളപ്പുകള്‍ക്ക് സുപരിചിതമായ വിളയാണ് ചേന.

ഫിബ്രവരിയില്‍ പുതുമഴ കിട്ടിക്കഴിഞ്ഞാല്‍ ചേനനടാം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 90 സെ.മീറ്റര്‍ അകലത്തില്‍ 60 സെ.മീ. സമചതുരാകൃതിയില്‍ 45 സെ.മീറ്റര്‍ താഴ്ത്തി കുഴികളെടുക്കണം. കുഴിയില്‍ മേല്‍മണ്ണും കുഴിയൊന്നിന് രണ്ട് കി.ഗ്രാം ചാണകവും നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ചേന നടാം.

വിത്തുചേന ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി വേണം നടാന്‍. ഓരോ വിത്തുചേനക്കഷണത്തിനും 75 ഗ്രാം-100ഗ്രാം തൂക്കം വേണം. ഓരോ വിത്തിനും ഒരു മുകുളമെങ്കിലും ഉണ്ടാകണം. ഒരു ഹെക്ടറില്‍ ഇത്തരത്തിലുള്ള 12000 വിത്തുചേനക്കഷണങ്ങള്‍ വേണം. വേനല്‍ച്ചൂടിന്റെ കാഠിന്യം ഏല്‍ക്കാതിരിക്കാന്‍ ചേന നട്ടാല്‍ ഉടന്‍ തടം നിറയെ കരിയിലയും പച്ചിലകളും ഇട്ട് മണ്ണിട്ടുമൂടണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ചൂടുനിയന്ത്രിക്കാനും കളവളര്‍ച്ച തടയാനും ഇത് ഉപകരിക്കും. വേനലില്‍ തടം എടുത്ത് അതില്‍ കരിയിലയും ചവറും കൊണ്ട് നിറയ്ക്കണം. ഇവ നന്നായി പൊടിഞ്ഞ് സ്‌പോഞ്ചിന്റെരീതിയില്‍ പ്രവര്‍ത്തിച്ച് മഴവെള്ളത്തെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഇറക്കും. നല്ലൊരു ജലസംരക്ഷണ പ്രവര്‍ത്തനം കൂടിയാണ് ചേനക്കൃഷി.

പോഷകമൂല്യത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ് ചേന. പല ആയുര്‍വേദ യുനാനി മരുന്നുകളിലും ചേന ഒരു അവശ്യഘടകമാണ്. ഉദരരോഗങ്ങള്‍ക്കും പ്രസവശേഷം ഉദരം ശുദ്ധിയാക്കാനും ആസ്തമയ്ക്കും അര്‍ശസിനും ഒക്കെ കണ്‍കണ്ട ഔഷധംകൂടിയാണ് ചേന.

വിളവെടുത്തു കഴിഞ്ഞ് രണ്ടുമാസക്കാലം നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ച ശേഷമാണ് ചേന നടേണ്ടത്. ചേന നട്ടുകഴിഞ്ഞ് ഒന്നരമാസമാകുമ്പോള്‍ ഹെക്ടറിന് 110 കി.ഗ്രാം യൂറിയ 250 കി.ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് 125 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങള്‍ നല്‍കാവുന്നതാണ്. ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരുമാസത്തിനുശേഷം 50 കി.ഗ്രാം യൂറിയ 75 കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ മികച്ച വിളവ് ലഭിക്കും. ഹെക്ടറിന് 40, 50 ടണ്‍ വിളവ് പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവില്‍ തരക്കേടില്ലാത്ത ആദായം തരുന്ന വിള എന്ന പ്രത്യേകതയും ചേനയ്ക്കാണ്. സാധാരണയായി ചേനയുടെ മൂപ്പ് 10 മാസമാണ്. കുംഭത്തില്‍ നട്ട് വൃശ്ചികത്തില്‍ കിളച്ചെടുക്കാം. തുലാമാസം പകുതി കഴിയുമ്പോള്‍ തണ്ട് പഴുത്തു തുടങ്ങും. എന്നാല്‍ ശ്രീപത്മ എന്ന അത്യുത്പാദനശേഷിയുള്ള ഇനത്തിന്റെ മൂപ്പ് 8-9 മാസമാണ്. ഹെക്ടറിന് ശരാശരി 42 ടണ്‍ വിളവും തരും.

നമ്മുടെ കാലാവസ്ഥയോട് വളരെ ഇണങ്ങിയതും താരതമ്യേന രോഗകീടബാധ കുറവുള്ളതും പ്രകൃതി സൗഹൃദ കൃഷിയെന്ന നിലയിലും ചേന നമുക്ക് കൂടുതലായി കൃഷി ചെയ്യാം.

കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും



തൃശ്ശൂര്‍:കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചതായി ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിത്തുല്പാദനം സംബന്ധിച്ച് ഫാം ജീവനക്കാര്‍ക്കായി വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആദ്യം വിളവെടുത്ത തണ്ണിമത്തനുകള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

നേരത്തെ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ സര്‍വ്വകലാശാല വികസിപ്പിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയ ഒളരികള്‍ച്ചര്‍ വകുപ്പിലെ ഡോ. ടി. പ്രദീപ്കുമാര്‍ തന്നെയാണ് ചുവന്ന ഇനവും വികസിപ്പിച്ചത്. രണ്ടിനത്തിന്റെയും വിത്തുകള്‍ വ്യാപകമായി ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഗവേഷണ ഡയറക്ടര്‍ പറഞ്ഞു.

ഗുണമേന്മയുള്ള വിത്തുനടീല്‍വസ്തുക്കളുടെ ക്ഷാമം കേരളത്തിലെ പച്ചക്കറികൃഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 57 ഇനം പച്ചക്കറികളുടെ ജനിതകശുദ്ധി വരുത്തിയ വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ ആര്‍.കെ.വി.വൈ. പദ്ധതിയില്‍ ശ്രമം നടക്കുകയാണ്. വിത്തുല്പാദനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനായി പച്ചക്കറികൃഷിയില്‍ കഴിവ് തെളിയിച്ച കര്‍ഷകരെക്കൂടി ഈ പദ്ധതിയില്‍ പങ്കാളികളാക്കും. സര്‍വ്വകലാശാലയുടെ വിവിധ സ്റ്റേഷനുകളിലെ ഫാം ജീവനക്കാര്‍ക്ക് വിത്തുത്പാദനത്തിന്റെ ആധുനിക സങ്കേതങ്ങളില്‍ പരിശീലനം നല്‍കുകയാണ് അടുത്തഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്-അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കര്‍ഷകരുടെ കണ്ടെത്തലുകള്‍ കാര്‍ഷികവളര്‍ച്ചയ്ക്ക് ഉപയോഗപ്രദമാക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചതായി വിജ്ഞാനവ്യാപനവിഭാഗം ഡയറക്ടര്‍ ഡോ.പി.വി. ബാലചന്ദ്രന്‍ അറിയിച്ചു.

നവജാത നായ്ക്കുട്ടികളുടെ സംരക്ഷണവും പരിപാലനവും




ജനിക്കാന്‍ പോകുന്ന നായ്ക്കുട്ടികളെകുറിച്ച് വളരെ വലിയ പ്രതീക്ഷകളായിരിക്കും ഒരു ഗര്‍ഭിണി നായയെ പരിചരിച്ചു വളര്‍ത്തുന്ന ഉടമസ്ഥന്റെ മനസ്സില്‍. എന്നാല്‍ പലപ്പോഴും പ്രതീക്ഷയ്ക്കു വിപരീതമായി ജനനസമയത്തോ, അതിനുശേഷമോ നായ്ക്കുട്ടികള്‍ ചത്തു പോകാറുണ്ട്. ഇതൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രസവമടുത്ത നായ്ക്കള്‍ക്ക് ശാന്തവും സ്വസ്ഥവുമായ ഒരു പ്രസവസ്ഥലം (Whelping box) ഒരുക്കേണ്ടത് അത്യാവശ്യമാണ്. നവജാതശിശുക്കളെ പാലൂട്ടാനും ജനിച്ചുവീണ കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിന്റെ താപനില നിലനിര്‍ത്താനും ആവശ്യമായ സ്ഥലവും സൗകര്യങ്ങളും അവിടെ ഉണ്ടായിരിക്കണം. പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ ചരിചയമില്ലാത്തവര്‍, അശ്രദ്ധമായും അമിതബലം പ്രയോഗിച്ചും കുഞ്ഞുങ്ങളെ വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പിറന്നുവീണ കുഞ്ഞുങ്ങള്‍ ശ്വാസോച്ഛോസത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നുണ്ടോയെന്ന് നോക്കുക. അവയുടെ മൂക്ക്, ശ്വാസനാളം ഇവ എന്തെങ്കിലും ദ്രാവകമോ മറ്റോ മൂലം അടഞ്ഞിട്ടുണ്ടെങ്കില്‍ മൂക്ക് പിഴിഞ്ഞ് ാൗരീൗ െനീക്കം ചെയ്യേണ്ടതാണ്. ഗുരുതരമായ ശ്വാസതടസമോ, ശബ്ദത്തോടുകൂടി ശ്വസനമോ കണ്ടാല്‍ ശ്വാസനാളത്തില്‍ തടസമുള്ളതുകൊണ്ടാവാം. അതുനീക്കം ചെയ്യാന്‍, തലകീഴായി, മുതുകിനു സപ്പോര്‍ട്ട് കൊടുത്തുകൊണ്ട് രണ്ടു-മൂന്നു തവണ ശ്രദ്ധാപൂര്‍വ്വം കുടഞ്ഞാല്‍ മതിയാകും.

സാധാരണഗതിയില്‍ ജനിച്ച് അധികസമയം കഴിയുന്നതിനു മുമ്പ് തന്നെ അമ്മപട്ടി കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടി കടിച്ചു മുറിക്കാറുണ്ട്. അങ്ങനെ മുറിച്ചില്ലെങ്കില്‍ 1 1/2-2 ഇന്‍ഞ്ച് നീളം വരെ അവശേഷിപ്പിച്ചിട്ട് ബാക്കിയുള്ള പൊക്കിള്‍കൊടിയുടെ ഭാഗം വൃത്തിയുള്ള ഒരു കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റേണ്ടതാണ്. ചിലപ്പോള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ കുറച്ചു രക്തം പൊടിഞ്ഞെന്നും വരാം. അത് കാര്യമാക്കേണ്ടതില്ല. പൊക്കിള്‍കൊടിയുടെ ചുവട്ടിലായി, ശരീരത്തോട് ചേര്‍ന്ന് ഒരു വൃത്തിയുള്ള ചരടുകൊണ്ട് മുറുക്കി കെട്ടേണ്ടതാണ്. ബിറ്റാഡിന്‍/ടിഞ്ചര്‍ അയഡിന്‍ ഇതിലേതെങ്കിലും പൊക്കിള്‍ക്കൊടിയിലും ചുറ്റിലും രണ്ട് മൂന്ന് ദിവസത്തേക്ക് പുരട്ടേണ്ടതുമാണ്. പൊക്കിള്‍കൊടിവഴി പകരുന്ന അണുബാധ തടയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്.

ഒരു നായ്കുട്ടിയുടെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യാവസ്ഥ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാണ് കന്നിപ്പാല്‍ കുടിക്കുക എന്നത്. പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കന്നിപ്പാല്‍ എല്ലാ നായ്ക്കുട്ടികളെയും നിര്‍ബന്ധമായും കുടിപ്പിച്ചിരിക്കണം. രോഗപ്രതിരോധശക്തിക്കാവശ്യമായ ഘടകങ്ങളും വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളും കൊണ്ട് സമ്പന്നമാണ് കന്നിപ്പാല്‍.

കൂട്ടത്തിലെ ചെറിയ പട്ടിക്കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്. അവര്‍ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് പാലു കുടിപ്പിക്കണം. പലതവണ നിര്‍ബന്ധിച്ചിട്ടും ഒരു പട്ടിക്കുട്ടി സ്വയം പാലുകുടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട്. അതിനെ വിശദമായി പരിശോധിക്കേണ്ടതാണ്.

ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നായ്ക്കുട്ടികള്‍ മലവിസര്‍ജ്ജനം (Meconium) നടത്തിയിരിക്കണം. കട്ടിയുള്ള, പശപശപ്പുള്ള ഇരുണ്ട നിറത്തിലുള്ള മലം ആണ് ആദ്യമായി പുറന്തള്ളുക.

ജനിച്ച് ആദ്യ 4 ആഴ്ചത്തേക്ക് മുലപ്പാല്‍ തന്നെയാണ് പ്രധാന ആഹാരം. അനാഥരായതോ, തള്ളയില്‍ നിന്നു വേര്‍പെട്ടതോ ആയ കുഞ്ഞുങ്ങള്‍ക്ക് മില്‍ക് റിപ്ലെയ്‌സര്‍ നല്‍കേണ്ടതാണ്. 4 ആഴ്ചക്ക് ശേഷം ഖരരൂപത്തിലുള്ള ആഹാരം കൊടുത്തു തുടങ്ങാവുന്നതാണ്. അത് ധാരാളം വെള്ളവും പാലും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി കൊടുക്കേണ്ടതാണ്. ദിവസം 5-6 തവണയെങ്കിലും ഭക്ഷണം കൊടുക്കേണ്ടതാണ്. അമിതമായി വയറു നിറയാന്‍ പാടില്ല. 7-8 ആഴ്ചകള്‍ക്കു ശേഷം എല്ലാവിധ ഭക്ഷണ സാധനങ്ങളും കൊടുത്തു ശീലിപ്പിക്കാവുന്നതാണ്.

ആദ്യ രണ്ടാഴ്ചയില്‍ പട്ടിക്കുട്ടികളെ തള്ളയുടെ സമീപത്തുനിന്ന് എടുത്തുമാറ്റുന്നതും അധികമായി ഓമനിക്കുന്നതും നല്ലതല്ല. അതിന്റെ ശരീരതാപനിലയില്‍ വ്യത്യാസം വരാതിരിക്കാനാണ് ഇത്.

ഏകദേശം ഒരു മാസം പ്രായമാകുമ്പോഴേക്കും ഒരു ഡോക്ടറുടെ സഹായത്തോടെ General Check up നടത്തി, വിര മരുന്നുകള്‍ നല്‍കേണ്ടതാണ്. 6 ആഴ്ച പ്രായമായാല്‍ ആദ്യത്തെ പ്രതിരോധകുത്തിവയ്പ് നല്‍കാവുന്നതാണ്. പിന്നീട് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ബൂസ്റ്റര്‍ കുത്തിവയ്പുകളും എടുത്താല്‍ മാത്രമേ രോഗപ്രതിരോധം പൂര്‍ണ്ണമാവൂ.

ജനനസമയത്ത് കുഞ്ഞുങ്ങളുടെ തൂക്കം രേഖപ്പെടുത്തിയാല്‍ വളര്‍ച്ചാനിരക്ക് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ദിനംപ്രതിയെന്നോണം, ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതാണ്. വളര്‍ച്ചാനിരക്കു കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ഇതു സഹായിക്കും.

ജനനസമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ് ജന്മവൈകല്യങ്ങള്‍ ഉണ്ടോയെന്നത്. ചിലര്‍ക്ക് കൈകാലുകള്‍, വാല്‍, തല എന്നിവിടങ്ങളിലൊക്കെ ചില വൈകല്യങ്ങള്‍ കാണാറുണ്ട്. 'കുറുനാക്ക്' ചില നായ്ക്കുട്ടികളില്‍ കാണാറുണ്ട്. ചില നായ്ക്കുട്ടികള്‍ക്ക് ജന്മനാ മലദ്വാരം ഉണ്ടാവില്ല. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുന്നതും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ വൈകല്യങ്ങളുള്ളവയെ തുടക്കത്തിലെ ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്.

രണ്ടു ദിവസം കൊണ്ടുതന്നെ പൊക്കിള്‍കൊടി ഉണങ്ങാന്‍ തുടങ്ങും. അങ്ങനെയല്ലാതെ അവിടെ നീരോ, ചുവപ്പു നിറമോ, വേദനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ആഹാരക്കുറവുമൂലമോ, വയറിളക്കം, ശര്‍ദ്ദില്‍ മുതലായവമൂലമോ, ഉയര്‍ന്ന ചൂടുമൂലമോ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് അത്യന്തം ഗുരുതരമാണ്. വെള്ളമോ, പാലോ കുടിക്കാന്‍ നായ്ക്കുട്ടി കൂട്ടാക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഗ്ലൂക്കോസും മറ്റ് ഇലക്‌ട്രോലൈറ്റും കുത്തിവയ്‌ക്കേണ്ടതാണ്.

അസുഖലക്ഷണങ്ങള്‍ കാണിക്കുന്നതിനെ നേരത്തേ തന്നെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ആരോഗ്യമുള്ള നായ്കുട്ടികള്‍


Ø ഊര്‍ജ്ജസ്വലരായിരിക്കും.
Ø ഉറക്കത്തില്‍ പോലും ഊര്‍ജ്ജസ്വലത കാണാം. പെട്ടെന്ന് ഉണരുകയും ചെയ്യും.
Ø വര്‍ദ്ധിച്ച താല്‍പര്യത്തോടെ തള്ളയുടെ പാല്‍ കുടിക്കും.
Ø നാവ് ഇളം ചുവപ്പുനിറത്തോടും ചെറുചൂടോടെയുമായിരിക്കും.
Ø തൊലിയില്‍ പിടിച്ചു വലിച്ചു വിട്ടാല്‍ ഉടനടി പഴയതുപോലയാകും.
Ø വയര്‍ നിറഞ്ഞിരിക്കും എന്നാല്‍ വായു നിറഞ്ഞതുപൊലെ ആയിരിക്കുകയുമില്ല.

രോഗ ബാധിതരായ നായ്ക്കുട്ടികള്‍

Ø കാഴ്ചയില്‍ ക്ഷീണിതരായിരിക്കും.
Ø തളര്‍ന്നുറങ്ങുന്നവരായിരിക്കും.
Ø പാലുകുടിക്കാന്‍ മടി ഉണ്ടാകും. നിരബന്ധിച്ചാല്‍ മാത്രം അല്‍പം പാലു കുടിക്കും.
Ø നാവിന്റെ ഇളം ചുവപ്പു നിറവും, തിളക്കവും, നഷ്ടപ്പെട്ട് തണുത്തിരിക്കും.
Ø മിക്കസമയവും കരയുകയോ, മൂളുകയോ ചെയ്യും.
Ø തൊലി വലിച്ചുവിട്ടാല്‍ പഴയ സ്ഥിതിയിലാവാന്‍ താമസ്സമെടുക്കും.
Ø വയറിളക്കമോ, ശര്‍ദ്ദിലോ ഉണ്ടാകും.
Ø ശ്വാസം മുട്ടല്‍ ഉള്ളതുപോലെയോ, കുറുകലോ, മൂക്കൊലിപ്പോ ഉണ്ടാവും.
Ø കണ്ണില്‍ നിന്നും മഞ്ഞനിറത്തിലുള്ള സ്രവമോ, വെള്ളമൊലിപ്പോ ഉണ്ടാവും.
Ø ശരീരഭാരം ക്രമമായി വര്‍ദ്ധിക്കുകയുമില്ല.

പശുക്കളെ എങ്ങനെ വളര്‍ത്താം?



പണ്ടൊക്കെ ഒരു രാജ്യത്തിന്റെ സമ്പല്‍സമൃദ്ധി ആ രാജ്യത്തെ ഗോസമൃദ്ധിയെ ആശ്രയിച്ചായിരുന്നു. ഏക്കറുകളുടെ വിസ്തൃതി അവകാശപ്പെടാനുണ്ടായിരുന്ന നമ്മുടെയൊക്കെ തറവാടുകളില്‍ ഇവ സുലഭമായിരുന്നുതാനും. ആ വിസ്തൃതിയില്‍ നെറ്റിയില്‍ വെളുത്ത പൊട്ടുമായി പൈക്കിടാങ്ങള്‍ കുസൃതികള്‍ കാട്ടി ഓടിനടന്നു. അവയുടെ 'ഇമ്പാ....' വിളികള്‍ അമ്മമാര്‍ക്കു മാത്രമല്ല, കുഞ്ഞുങ്ങള്‍ക്കും കാതുകളില്‍ സംഗീതവിരുന്നായി.

ആ കുസൃതിക്കുരുന്നുകളെ കാട്ടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ 'പാപ്പം' വാരിക്കൊടുത്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക് തൊടികളുടെ വിസ്തൃതി അന്യമായി. നമ്മള്‍ അഞ്ചുസെന്റുകാരും പത്തുസെന്റുകാരുമായി മാറി. അതോടൊപ്പം നമുക്കന്യമായത് നമ്മുടെ പച്ചപ്പും പൈക്കിടാങ്ങളും! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാല്യമാകട്ടെ, 'ടെഡ്ഡി ബിയറു'കളിലൂടെയും 'മിക്കി മൗസ്' ചാനലുകളിലൂടെയും ആഹാരം കഴിക്കുന്നു. ഇന്നിപ്പോള്‍ കേരളം കണികണ്ടുണരുന്ന നന്മ അങ്ങു ദൂരെ മോഡിയുടെ നാട്ടില്‍ നിന്നുവരുന്ന പാല്‍പ്പൊടി കലക്കിയ നന്മ മാത്രം.

ക്ഷീരകര്‍ഷകരെ കാണാന്‍ നാം ചുരം കയറേണ്ടിവരുന്നു. സുഭാഷ് പലേക്കറിന്റെ 'കൃഷിരീതി'കള്‍ അനുകരിക്കണമെങ്കില്‍ നമുക്ക് പശുവിനെ വളര്‍ത്തിയേ പറ്റൂ. പക്ഷേ, ഈ നഗരത്തില്‍ നമ്മുടെ പത്തുസെന്റില്‍ എങ്ങനെയാണ് നാം പശുവിനെ വളര്‍ത്തുക? അയല്‍പക്കക്കാരന്റെ ശാപങ്ങളേറ്റുവാങ്ങാന്‍വേണ്ടി മാത്രം നാം ഇതിന് തുനിയുമോ? പച്ചക്കറി കൃഷി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന ഭരണവര്‍ഗംപോലും ഇതിനൊരുത്തരം തരുവാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. പശുവളര്‍ത്തലിനെക്കുറിച്ച് വാചാലനാകുവാനൊരു കാരണമുണ്ട്. എന്റെ മുന്നിലിരിക്കുന്നത് 1872-ല്‍ മലബാറിലെ ജനതയ്ക്കുവേണ്ടി പശുവളര്‍ത്തലിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഒരു പരസ്യമാണ്. പരസ്യങ്ങളിലെ ഭാഷാപ്രയോഗമാണ് കൂടുതല്‍ രസകരം. അതിങ്ങനെ:

പശുക്കളെ തീറ്റുന്നതിനെക്കുറിച്ച്

''ഇന്ത്യയിലുള്ള പശുക്കുട്ടികള്‍, അവരുടെ തള്ളകളുടെ പാല്‍ നെയ്യുണ്ടാക്കുവാന്‍വേണ്ടി എടുത്തുപോകുന്നതുകൊണ്ട് എപ്പോഴും മെലിഞ്ഞ സ്ഥിതിയിലാകുന്നു. പശു പാല്‍ കൊടുക്കാത്തതുകൊണ്ട് ഒരു പശുക്കുട്ടിയെ തടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് സാധാരണയായി വിചാരിച്ചിരിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ പശുക്കുട്ടി പുഷ്ടിവെക്കുവാന്‍വേണ്ടി പാല്‍ എത്രയും വിശേഷമായിട്ടുള്ള ഒരു ഭക്ഷണമാണ്. ഒരു പശുക്കുട്ടിയെ വളര്‍ത്തേണ്ടതിനുവേണ്ടി ചില സമയം പുല്ല് പുഴുങ്ങി അതിന്റെ വെള്ളം കൊടുത്തുവരാറുണ്ട്.

പാല്‍ കൂടാതെ പശുക്കുട്ടികളെ തടിപ്പിക്കാന്‍ താഴെ പറഞ്ഞിട്ടുള്ളത് സമ്മതിക്കപ്പെട്ട ഒരമേരിക്കന്‍ ചട്ടമാകുന്നു. ആദ്യം രണ്ടാഴ്ച വരേക്കും പുഴുങ്ങിയ പിണ്ണാക്ക്, വെല്ലം, പാല്‍പ്പാട ഇതാണ് കൊടുക്കേണ്ടതും. അതിന് ശേഷംപൊടിയരി അല്ലെങ്കില്‍ പരിപ്പുകൂടി കൊടുക്കാം. പാല്‍പ്പാട ഒന്നിച്ച് കൂട്ടുന്നതിനു മുമ്പായിട്ട് പിണ്ണാക്ക് പുഴുങ്ങേണ്ടതാകുന്നു. വെല്ലം അപ്പോള്‍ത്തന്നെ പാലോടുകൂടി ചേര്‍ക്കയും ഇതെല്ലാം ചൂടോടുകൂടി കൊടുക്കേണ്ടതുമാകുന്നു.

ഒരു പശുക്കുട്ടിക്ക് ഒരു മേശക്കുഴിയില്‍ (ഇത് പണ്ടുകാലത്തെ ഒരളവാണ്) പുഴുങ്ങിയ പിണ്ണാക്ക് അത്രതന്നെ വെല്ലവും പാല്‍പ്പാടയോടെ ചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി മൂന്നുനേരമായിട്ട് ഒരു ദിവസത്തില്‍ കൊടുക്കേണ്ടതാകുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞതിന്റെശേഷം മേല്പറഞ്ഞ ഓരോ സാധനം കുറേശ്ശെ അധികമായി ചേര്‍ക്കുകയും പത്തുദിവസം കഴിഞ്ഞേപ്പിന്നെ ഓരോരോ ദിവസം കൊടുക്കുന്ന തീറ്റിക്ക് ഓരോ കുഴിയില്‍ വെല്ലവും അത്രത്തോളം പിണ്ണാക്കും കൊടുക്കുകയും ചെയ്യാം. മൂന്നാമത്തെ ആഴ്ചയുടെ ആരംഭത്തില്‍ ഒരു കുഴിയില്‍ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും ഓരോരോ സമയത്തെ തീറ്റയില്‍ ചേര്‍ക്കയും വേണം.

എന്നാല്‍ ഇങ്ങനെയുള്ള പൊടിയും പുഴുങ്ങി ചേര്‍ക്കേണ്ടതാകുന്നു. ഇതില്‍ പാല്‍പ്പാട ചേര്‍ത്തിട്ട് കൊടുക്കുന്നതായാല്‍ അഞ്ച് ആഴ്ചയുടെ ഇടയില്‍ വിശേഷമായിട്ടുള്ള പുഷ്ടിയോടുകൂടി പശുക്കുട്ടി ഇരിക്കയും ചെയ്യും. ഇതിലേക്കുണ്ടായിവരുന്ന ചെലവ് കിട്ടിയിട്ടുള്ള പാലുകൊണ്ടും ഉണ്ടാക്കിയ നെയ്യുടെ വിലയ്ക്കും എത്രയും ചുരുക്കമായിട്ടുള്ളത് ആയിരിക്കും.

ഇതിലേക്ക് വെല്ലം ഒരു പുതുതായിട്ടുള്ള തീനാണെന്നു വിചാരിക്കാം. എന്നാല്‍ ആയതിന്റെ താത്പര്യം മനസ്സിലാക്കിയാല്‍ മുഖ്യമായിട്ടുള്ളൊരു തീനാണെന്നു കാണുകയും ചെയ്യാം. ആയതെത്രയും അലിക്കാകുന്നതും പശുക്കുട്ടികള്‍ക്ക് അനുരൂപമായി വരുന്നതുമാകുന്നു.

കഞ്ഞിപ്പശയുള്ള ഭക്ഷണം പശുക്കുട്ടികള്‍ക്ക് അനുരൂപമായിരിക്കുന്നതിന് മുമ്പേ പഞ്ചസാരയായി വരുന്നതാണെന്ന് ലഭിശ്ശ എന്നാളുടെ അഭിപ്രായം. പഞ്ചസാര രക്തത്തോടെ ഉടനെ ചേരുന്നതും തണുപ്പുള്ള പ്രദേശങ്ങളില്‍ ശരീരത്തിന് ചൂട് കൊടുക്കുവാന്‍ വിശേഷമായിട്ടുള്ളതുമാണ്. ആയത് വെണ്ണയുണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തുന്ന പാലിന്റെ ഗുണത്തിന് തുല്യമായിരിക്കുന്നതാകുന്നു. പിണ്ണാക്ക് ശരീരത്തിന് ബലത്തെ കൊടുക്കുന്ന ഒരു ഭക്ഷണവും. അതില്‍പ്പെട്ടിട്ടുള്ളത് എളുപ്പത്തില്‍ അഴഞ്ഞുപോകുന്നതും ഭക്ഷണത്തിനു തുല്യമായിട്ടുള്ളതുമാണ്. സ്വര്‍ഗ എന്ന കൃഷിയുണ്ടാക്കുന്ന സ്ഥലത്തെ അതുകൊണ്ട് വിശേഷമായ വെല്ലമുണ്ടാക്കുകയും ചെയ്യാം.
മേല്പറഞ്ഞതിന്റെ സാരം

''ഒന്നാമത്തെയാഴ്ച ഒരു മേശക്കുഴിയില്‍ പിണ്ണാക്കും അത്രതന്നെ വെല്ലവും പാല്‍പാടയോടുചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി ഒരു ദിവസം മൂന്നുനേരമായിട്ട് കൊടുക്കണം. രണ്ടാമത്തെ ആഴ്ച പത്തുദിവസം പിണ്ണാക്കും വെല്ലവും കുറേശ്ശെ അധികമായി ചേര്‍ത്ത് പിന്നെ പിണ്ണാക്കും വെല്ലവും പാല്‍പ്പാടയോടുകൂടി ഓരോ തീറ്റയും ഓരോ കുഴിയില്‍ കൊടുക്കണം. മൂന്നാമത്തെ ആഴ്ച ഒരു കുഴിയില്‍ പുഴുങ്ങിയ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും പിണ്ണാക്കും വെല്ലവും ചേര്‍ത്ത് പാല്‍പ്പാടയോട് ചേര്‍ത്തിത്തന്നെ കൊടുക്കണം.''

പശുക്കള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരമൊരു പരസ്യത്തിന് വലിയ അര്‍ഥമൊന്നുമില്ലായിരിക്കാം.

എന്നാല്‍ പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ കാണിച്ച അതേ വ്യഗ്രതതന്നെ ഇത്തരം നിസ്സാരമെന്ന് തോന്നിപ്പിക്കാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലും ബ്രിട്ടീഷുകാര്‍ ശ്രദ്ധിച്ചിരുന്നു എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.